ചിറ്റേനിയും വെള്ളങ്കഴമയും കൂട്ടുമുണ്ടകവും വിളഞ്ഞ പാടത്ത് മാപ്പിളൈ സാമ്പയും
text_fieldsഷൊർണൂർ: പഴയ നെല്ലിനങ്ങളായ വെള്ളങ്കഴമയും ചിറ്റേനിയും കൂട്ടുമുണ്ടകവും പുതിയ നെല്ലിനങ്ങളായ ഉമയ്ക്കും ജയയ്ക്കുമൊക്കെ വഴി മാറിക്കൊടുത്തപ്പോൾ കേരളത്തിൽ അപൂർവമായ തമിഴ്നാടൻ നെല്ലിനമായ മാപ്പിളൈ സാമ്പയിൽ വിജയം കൊയ്യുകയാണ് യുവകർഷക. ഷൊർണൂർ കവളപ്പാറ കാരക്കാട് ചൈതന്യയിൽ സംയുക്തയാണ് തഞ്ചാവൂർ നെൽവിത്തായ മാപ്പിളൈ സാമ്പ കൃഷിയിറക്കി തുടർച്ചയായ രണ്ടാം വർഷവും വിജയിച്ചിട്ടുള്ളത്. കൂടുതൽ വിളവ് ലഭിക്കാത്തതിനാലും ഇവ വിളയിച്ചെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും നോക്കിയാണ് ഇത് പരീക്ഷിക്കാതിരിക്കുന്നത്.
തമിഴ്നാട്ടിൽ വിവാഹാലോചനയുമായി വരുന്ന യുവാവിന്റെ കായിക ക്ഷമത അളക്കുന്നതിന് വലിയ കല്ല് ഉയർത്താൻ ആവശ്യപ്പെടുമായിരുന്നു. ഇതിന് കഴിയാതിരുന്നാൽ സാമ്പ നെല്ല് അരി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദേശിക്കുകയും ചെയ്യും. ഇത് ഭക്ഷിച്ച് കായിക ശേഷി വർധിപ്പിച്ചാൽ വിവാഹം കഴിച്ച് നൽകുമെന്നുമായിരുന്നു നിബന്ധന. അത്ര ഔഷധ ഗുണമുള്ള ഈ നെല്ലിനത്തിന് അങ്ങനെയാണ് മാപ്പിളൈ സാമ്പയെന്ന് പേര് ലഭിച്ചത്.
ആറടിയോളം ഉയരത്തിൽ വളരുന്ന നെൽച്ചെടി കാറ്റിൽ ഒടിഞ്ഞ് വീഴാതിരിക്കാൻ കയർ കെട്ടിയാണ് സംരക്ഷിക്കുന്നത്. ഒരു മീറ്റർ അകലത്തിലാണ് ഞാർ നടുക. ഇതിൽ നിന്ന് 30 മുതൽ 80 വരെ മുള പൊട്ടി ചിനയ്ക്കും. 15 ദിവസം കൂടുമ്പോൾ വളമിടണം. ചാണകം, ഗോമൂത്രം, പഴം, ശർക്കര, പയർ എന്നിവയും കൃഷി ചെയ്യുന്ന പാടത്തെ മണ്ണും ചേർത്ത മിശ്രിതം വായുസഞ്ചാരമില്ലാതെ അടച്ച് തണുത്ത പ്രദേശത്ത് സൂക്ഷിച്ചാണ് ഇതിനായുള്ള പ്രത്യേക വളമുണ്ടാക്കുന്നത്. പിന്നീട് ഒരു കപ്പ് വളം 10 കപ്പ് വെള്ളം ചേർത്താണ് ഉപയോഗിക്കുക. 15 ദിവസം കൂടുമ്പോൾ വളമിടണം.
നട്ട് ആറ് മാസത്തിനകം വിളവെടുക്കാനാകും. വലുപ്പം കൂടുതലുള്ള അരിക്ക് ചുവപ്പ് നിറമാണ്. ആയുർവേദത്തിൽ ഈ അരി പല മരുന്നുകൾക്കും ഉപയോഗിക്കുന്നുണ്ട്. കിലോഗ്രാമിന് 200 രൂപ വിലയുണ്ട്. വിളവെടുത്ത് ഒരു വർഷത്തോളം സൂക്ഷിച്ചാൽ ഗുണമേന്മ കൂടുമെന്ന് ബന്ധപ്പെട്ട കൃഷിക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനാൽ തന്നെ കഴിഞ്ഞ വർഷം വിളവെടുത്ത നെല്ല് സംയുക്ത ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. 60 സെന്റിൽ കൃഷി ചെയ്തപ്പോൾ 50 പറ നെല്ല് ലഭിച്ചു. ഇത്തവണയും നല്ല വിളവായിട്ടുണ്ട്. ഓൺലൈൻ വഴി മാപ്പിളൈ സാമ്പക്ക് വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.