സൗദി കാർഷിക മേള റിയാദിൽ ഇന്ന് സമാപിക്കും
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ കാർഷിക പ്രദർശനമേളക്ക് റിയാദിൽ വ്യാഴാഴ്ച സമാപനം കുറിക്കും. റിയാദ് ഇന്‍റർനാഷനൽ എക്സിബിഷൻ സെന്ററിൽ തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച ചതുർദിന മേള വ്യാഴാഴ്ച രാത്രി 9.30 ഓടെ അവസാനിക്കും. രാജ്യത്തിനകത്തും പുറത്തുംനിന്നായി കാർഷികോൽപാദന, അനുബന്ധ വ്യവസായ രംഗത്തെ 450ലധികം കമ്പനികളാണ് പങ്കെടുക്കുന്നത്. കർഷകർക്കും ഈ മേഖലയിലെ വ്യവസായികൾക്കും നിക്ഷേപകർക്കും പ്രയോജനകരമാണ് മേള.
കാർഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഫാമുകളുടെ പരിപാലനവും യന്ത്രങ്ങളുടെ ഉപയോഗവുമെല്ലാം മേളയിൽ പരിചയപ്പെടുത്തുന്നുണ്ട്. സൗദി അറേബ്യയിലേക്ക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്കും സൗദിയിൽനിന്നുള്ള ഉൽപന്നങ്ങൾ പുറംരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന കമ്പനികൾക്കും ലോകത്തിന്റെ വിവിധ കോണുകളിലുള്ള കാർഷിക വാണിജ്യ മേഖലയിലെ വിദഗ്ദരെയും പ്രതിനിധികളെയും കാണാനും വാണിജ്യ വിനിമയത്തിന് തുടക്കം കുറിക്കാനുമുള്ള അവസരം കൂടിയാണിത്.
കാർഷിക മേഖലയിലും സസ്യശാസ്ത്ര രംഗത്തും പഠനവും ഗവേഷണ പരീക്ഷണങ്ങളും നടത്തുന്ന വിദ്യാർഥികൾക്കും മേള പ്രയോജനപ്പെടും. കാർഷിക ഉൽപന്നങ്ങൾക്കു പുറമെ വെറ്ററിനറി മരുന്നുകളും ഫാമുകളുടെ ശുചിത്വപരിപാലന സംവിധാനങ്ങളും പ്രദർശനത്തിനുണ്ട്. ഈത്തപ്പഴവും മുന്തിരിയും മാതളവും ഒലീവും കാപ്പിയും അത്തിപ്പഴവും മാങ്ങയും സൗദിയിലെ പ്രധാന കൃഷികളിൽ ചിലതാണ്.
കാർഷിക രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചറിയാനും വിദേശ രാജ്യങ്ങളുടെ കാർഷിക രീതികൾ കാണാനും തബൂക്, ത്വാഇഫ്, അബഹ, അൽ-ബാഹ തുടങ്ങി സൗദിയുടെ കാർഷിക മേഖലകളിൽനിന്ന് കുടുംബമായും സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്ത് സന്ദർശകർ മേളയിലേക്കെത്തുന്നുണ്ട്. സൗദിയിലെ പ്രമുഖ പാലുൽപന്ന കമ്പനിയായ അൽ-മറായി ഉൾെപ്പടെ ചെറുതും വലുതുമായ കമ്പനികൾ അവരുടെ ഉൽപന്നങ്ങൾ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.
ഹാളിനകത്ത് റഷ്യയുടെ ഉൽപന്നങ്ങളും യന്ത്രങ്ങളും പ്രദർശിപ്പിക്കാൻ പ്രത്യേക പവലിയൻ തന്നെ ഒരുക്കിയിട്ടുണ്ട്. വീടുകളുടെ അകത്തും പുറത്തും നിർമിക്കുന്ന പൂന്തോട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആവശ്യമായ പൂക്കളും വളങ്ങളും ചട്ടികളും മറ്റു പരിചരണ വസ്തുക്കളും പൂന്തോട്ടനിർമിതികളെ മനോഹരമാക്കാനുള്ള മാർഗനിർദേശവും മേളയിലുണ്ട്. സന്ദർശകർക്ക് പ്രദർശന നഗരിയിലേക്ക് പ്രവേശിക്കാൻ ബാഡ്ജ് നിർബന്ധമാണ്. പൂർണമായും സൗജന്യമായ പാസ് നേരിട്ട് എത്തിയോ ഓൺലൈൻ വഴിയോ നേടാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.