'മാങ്ങാട്ടിടം' ബ്രാൻഡ് കൂൺ കൃഷി വിജയം: ഇനി കൂൺ വിത്തുൽപാദനം
text_fieldsകണ്ണൂർ: ആദായകരമായ കൂൺ കൃഷിയിൽ സജീവമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ അറുപതിലേറെ കർഷകർ. മികച്ച വിളവെടുത്ത് ഉൽപന്നം 'മാങ്ങാട്ടിടം' എന്ന ബ്രാൻഡിൽ വിപണിയിലേക്കെത്തിച്ച് കൂൺ ഗ്രാമം പദ്ധതിയിലൂടെ വിജയഗാഥ രചിക്കുകയാണ് ഈ കർഷകർ. ഗുണമേന്മയുള്ള കൂൺവിത്തുകൾക്കായി സംസ്ഥാന ഹോർട്ടികൾചർ മിഷനുമായി ചേർന്ന് വട്ടിപ്രം വെള്ളാനപ്പൊയിലിൽ കൂൺ വിത്തുൽപാദന യൂനിറ്റ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൃഷി വകുപ്പിന്റെ അഞ്ചുലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. കൂൺ കർഷകൻ വട്ടിപ്രത്തെ സി. രാജനാണ് യൂനിറ്റിന്റെ നടത്തിപ്പ് ചുമതല. ഇതിനാവശ്യമായ സബ്‌സിഡികളും സഹായവും നൽകും. നിലവിലെ കർഷകർ ഉൾപ്പെടെ 200 കുടുംബങ്ങളാണ് കൂൺഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 100 ബഡ് കൃഷി ചെയ്യുന്നതിന് ഒരു കുടുംബത്തിന് 11,250 രൂപ ആനുകൂല്യം ലഭിക്കും. ഒരു കിലോക്ക് 500 രൂപ നിരക്കിലാണ് വിൽപന. മാങ്ങാട്ടിടം ബ്രാൻഡ് എന്ന പേരിലാണ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്. കൂണിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാൻ 15 അംഗ സൊസൈറ്റി രൂപവത്കരിക്കാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.