കരിമ്പം തോട്ടത്തിൽ വിത്തുൽപാദനം തുടങ്ങി
text_fieldsതളിപ്പറമ്പ്: കരിമ്പം ഫാമിലെ ജൈവ വിത്തുൽപാദന കേന്ദ്രത്തിൽ മഴക്കാല പച്ചക്കറി കൃഷിക്കുള്ള വിത്തുകളുടെ ഉൽപാദനം തുടങ്ങി. സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പച്ചക്കറി വിത്തുകളും തൈകളും കരിമ്പം ഫാമിൽനിന്നാണ് വിതരണം ചെയ്യുന്നത്.
റെക്കോഡ് ജൈവ പച്ചക്കറി വിത്തുൽപാദനം ലക്ഷ്യമിട്ടാണ് കരിമ്പം ജില്ല കൃഷിഫാമിലെ ജൈവ വിത്തുൽപാദന പ്ലോട്ടിൽ മഴക്കാല പച്ചക്കറി കൃഷിക്കുള്ള വിത്തുകളുടെ ഉൽപാദനം തുടങ്ങിയത്. സംസ്ഥാന ഹോൾട്ടികൾച്ചറൽ മിഷനുമായി സഹകരിച്ച് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർഷകർക്ക് ജൈവ വിത്തുകൾ ലഭ്യമാക്കാൻ എല്ലാ വർഷവും ഫാമിൽ ജൈവ പച്ചക്കറി വിത്തുകൾ ഉൽപാദിപ്പിക്കാറുണ്ട്. ജൈവ കീടനാശിനികളും വളങ്ങളും കുറഞ്ഞ അളവിൽ മാത്രം രാസവളവും നൽകി ഉൽപാദിപ്പിക്കുന്ന വിത്തുകൾ ഉപയോഗിച്ച് കൃഷി നടത്തിയാൽ മികച്ച വിളവും ലാഭവും നേടാനാകുമെന്നതിനാൽ ഇവിടെ ഉൽപാദിപ്പിക്കുന്ന വിത്തിന് ആവശ്യക്കാരേറെയാണ്.
ഇത്തവണ സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യാനുള്ള ചുമതലയും കരിമ്പം ഫാം ഏറ്റെടുത്തിട്ടുണ്ട്. പ്രീത ഇനത്തിലുളള പാവൽ, സി.ഒ പച്ച ചീര, അരുണ ചുവന്ന ചീര, കൗമുദി പടവലം, ലോല പയർ, അമ്പിളി മത്തൻ, കെ.യു ലോക്കൽ കുമ്പളം, സൽക്കീർത്തി ഇനത്തിൽപ്പെട്ട വെണ്ട ഉൾപ്പെടെ മികച്ച പ്രതിരോധ ശേഷിയുളള നാടൻ ഇനങ്ങളാണ് വിത്തുൽപാദനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.
കാലാവസ്ഥ അനുകൂലമായാൽ കഴിഞ്ഞ വർഷത്തെ ഉൽപാദനത്തിന്റെ ഇരട്ടി വിത്തുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളരി, ചീര, വെണ്ട എന്നിവയുടെ വിളവെടുപ്പ് പൂർത്തിയായി വരുകയാണ്. മറ്റുള്ളവയുടെ വിളവെടുപ്പും ഉടൻ പൂർത്തിയാകും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ വിതരണം ചെയ്ത ശേഷം മിച്ചമുള്ള വിത്തുകൾ ഫാമിലെ കൗണ്ടർ വഴിയും കർഷകർക്ക് ലഭ്യമാക്കുമെന്ന് ഫാം സൂപ്രണ്ട് സ്മിത ഹരിദാസ് പറഞ്ഞു. വിത്തെടുത്തശേഷം നശിപ്പിച്ചുകളയുന്ന വിവിധ പച്ചക്കറികളുടെ തൊണ്ടുകളിൽനിന്നും മൂല്യ വർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിക്കും കരിമ്പം ഫാം രൂപം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.