കൃഷി ചെയ്യണോ, വിത്തുകളിതാ...
text_fieldsമസ്കത്ത്: ഒമാനിലെ കൃഷിസ്നേഹികളുടെ കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ ഈ വർഷത്തെ വിത്തുവിതരണം അൽ അറൈമി കോംപ്ലക്സിൽ നടന്നു. ഒന്നാം ഘട്ടത്തിൽ മസ്കത്ത് ഏരിയയിലെ 250ഓളം കുടുംബങ്ങൾക്കാണ് കൃഷിക്കാവശ്യമായ വിത്തുകൾ വിതരണം ചെയ്തത്. തക്കാളി, വഴുതിന, മുളക്, കാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി തുടങ്ങി 15ൽപരം വിത്തിനങ്ങൾ ചട്ടിയിൽ കൃഷി ചെയ്യുന്നവർക്കും 21തരം വിത്തുകൾ അടങ്ങിയ പാക്കറ്റുകൾ മണ്ണിൽ കൃഷി ചെയ്യുന്നവർക്കും വിതരണം ചെയ്തു.
ഒമാൻ കൃഷിക്കൂട്ടം കൂട്ടായ്മയുടെ തുടക്ക കാലം മുതൽ ഗുണമേന്മയുള്ള വിത്തുകൾ എല്ലാ വർഷവും കൃഷിക്കാർക്കായി വിതരണം ചെയ്തു വരുന്നുണ്ട്. പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് മസ്കത്ത് ഇൻചാർജ് മുഹമ്മദ് സഫ്വാനിൽനിന്ന് ആദ്യ പാക്കറ്റ് വിത്ത് നിദ ജസ്ഫൻ സ്വീകരിച്ച് ഒമാൻ കൃഷിക്കൂട്ടം വിത്തു വിതരണം 2023 ഉദ്ഘാടനം ചെയ്തു.
തുടർന്ന് മസ്കത്ത് ഏരിയയിലെ അംഗങ്ങൾക്കുള്ള വിത്തു വിതരണം നടന്നു. മണ്ണൊരുക്കൽ, വിത്തുമുളപ്പിക്കൽ, വളപ്രയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ സംശയ നിവാരണത്തിന് സുനി ശ്യാം, രശ്മി സന്ദീപ്, സന്തോഷ് വർഗീസ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സെൽവി സുമേഷ് സ്വാഗതവും വിദ്യപ്രിയ നന്ദിയും പറഞ്ഞു.
വരും ദിവസങ്ങളിൽ സുഹാർ, സലാല, ബുറൈമി ഏരിയയിലെ ഒമാൻ കൃഷിക്കൂട്ടം അംഗങ്ങൾക്കുള്ള വിത്തു വിതരണം നടക്കും. ഒമാനിലെ പ്രവാസികളിൽ കൃഷി താൽപര്യമുണ്ടായിട്ടും വിത്തുകൾ ഇല്ലാത്തവരുണ്ടെങ്കിൽ 93800143, 99022951 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഒമാൻ കൃഷിക്കൂട്ടം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.