ഭൗമസൂചിക പദവിയിൽ തിളങ്ങി ഓണാട്ടുകര എള്ള്
text_fieldsകായംകുളം: ഭൗമസൂചിക പട്ടികയിൽ ഇടംപിടിച്ചതോടെ ഔഷധമേന്മയുള്ള 'ഓണാട്ടുകര എള്ളിന്' ഇനി പ്രിയമേറും. ആലപ്പുഴ കയറിനും ആലപ്പുഴ പച്ച ഏലത്തിനും പിന്നാലെയാണ് ജില്ലയിൽനിന്ന് ഒരിനം കൂടി സൂചിക പട്ടികയിൽ ഇടംപിടിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം താളം തെറ്റിയ കൃഷി തിരികെ പിടിക്കാനുള്ള ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരവുമാണ് പുതിയ പദവി. ഭൂമിശാസ്ത്രപരമായ പ്രത്യേകത അംഗീകരിച്ചാണ് പദവി ലഭിച്ചിരിക്കുന്നത്. ഓണാട്ടുകര കാർഷിക വികസന ഏജൻസിയുടെ പേരിലാണ് ഇതിനായി അപേക്ഷിച്ചത്.
ഓണാട്ടുകരയുടെ പശിമയാർന്ന പാടശേഖരങ്ങളിൽ മൂന്നാം വിളയായിട്ടാണ് എള്ള് കൃഷി ചെയ്തിരുന്നത്. സമീപകാലത്ത് കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രവും വികസന ഏജൻസിയും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ച് നടപ്പാക്കിയ പദ്ധതികളിലൂടെ കൃഷി വീണ്ടും തിരികെ വന്നപ്പോഴാണ് അംഗീകാരമെന്നതും ശ്രദ്ധേയമാണ്.
ഡിസംബറിലാണ് എള്ള് വിതക്കുന്നത്. 90 ദിവസം കഴിഞ്ഞ് വിളവെടുക്കാം. രണ്ട്, മൂന്ന് വേനൽ മഴ ലഭിച്ചാൽ കൃഷി ഉഷാർ. എന്നാൽ, മഴ ശക്തമായാൽ കൃഷിയാകെ നശിക്കും. കഴിഞ്ഞ വർഷങ്ങളിൽ കാലാവസ്ഥ അനുകൂലമായിരുന്നു. ഓണാട്ടുകരയിൽ 250 ഹെക്ടറോളം സ്ഥലത്ത് കൃഷി ഇറക്കിയിട്ടുണ്ട്. ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച 'തിലക്' എന്ന വിത്താണ് കൂടുതലായി വിതച്ചത്. കൂടാതെ പ്രാദേശിക മണ്ണിന്റെ ഘടനയനുസരിച്ച് വികസിപ്പിച്ചെടുത്ത വിത്തിനങ്ങളായ കായംകുളം ഒന്ന്, തിലതാര, തിലറാണി ഇനങ്ങളും വിളവിറക്കുന്നുണ്ട്. ഒരു കിലോ എള്ളിന് 250 മുതൽ 300 രൂപവരെ വിലയുണ്ട്. ഹെക്ടറിന് 10,000 രൂപവരെ കർഷകർക്ക് സബ്സിഡി നൽകുന്ന തരത്തിലുള്ള പദ്ധതി പല പഞ്ചായത്തുകളിലും അംഗീകരിച്ചിട്ടുണ്ട്.
ആയുർവേദത്തിൽ സ്നേഹ വർഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എള്ളിന് ഔഷധഗുണങ്ങൾ ഏറെയാണ്. എള്ളെണ്ണ പാചകത്തിനും തേച്ചുകുളിക്കുന്നതും ഉപയോഗിക്കും. സ്വാദിഷ്ടമായ നാടന്‍ പലഹാരങ്ങള്‍ക്ക് രുചി പകരുന്നതിലും ഓണാട്ടുകര എള്ള് കേമമാണെന്നാണ് വിലയിരുത്തൽ. ഭൂപ്രദേശ സൂചിക പട്ടികയിൽ ഇടം പിടിച്ചതോടെ കൃഷി വ്യാപകമാക്കുന്നതിനുള്ള ബഹുമുഖ പദ്ധതികൾക്കും സാധ്യത തെളിയുകയാണ്. ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിനും വികസന ഏജൻസിക്കും അഭിമാനിക്കാവുന്ന നേട്ടമായും ഇതുമാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.