താരപദവിയിൽ കണിവെള്ളരി കർഷകന് കുമ്പിളിൽ കഞ്ഞി
text_fieldsഒറ്റപ്പാലം: വിഷുവിപണിയിൽ കണിവെള്ളരി താരപദവി വീണ്ടെടുക്കുമ്പോഴും പ്രതിസന്ധികളെ തരണം ചെയ്ത് വിളവെടുത്ത കർഷകന് കഞ്ഞി കുമ്പിളിൽ തന്നെ. വിഷുവെത്താൻ രണ്ടുനാൾ ശേഷിക്കെ ചില്ലറ വിൽപനശാലകളിൽ കിലോക്ക് 30-40 രൂപയാണ് വില. വരുംദിവസങ്ങളിൽ വില ഉയരാനും സാധ്യതയേറെയാണ്. എന്നാൽ, വിഷുവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലഭിക്കുന്നത് 15-18 രൂപ മാത്രമാണ്.
പന്നി, മയിൽ ശല്യം കാരണം കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായവർക്കിടയിൽ ജലസേചനമുൾപ്പെടെ പതിനെട്ടടവും പയറ്റിയാണ് ഒരുവിഭാഗം വിളവെടുപ്പിലെത്തിയത്. എന്നിട്ടും ആവശ്യത്തിലേറെ സ്റ്റോക്കുണ്ടെന്ന പേരിൽ കച്ചവടക്കാർ ഉപേക്ഷിക്കുകയാണെന്ന് കർഷകർ ആവലാതിപ്പെടുന്നു. ഇതിനിടയിൽ വിൽപന മാന്ദ്യം സംഭവിക്കുമോ എന്ന ആധിയും കച്ചവടക്കാർക്കുണ്ട്. കഴിഞ്ഞ രണ്ട് വിഷുക്കാലവും കോവിഡ് കാരണം വാങ്ങിക്കൂട്ടിയ വെള്ളരിയുടെ നല്ലൊരു ഭാഗവും വിൽക്കാനാകാതെ കെട്ടിക്കിടന്ന് നശിച്ചതിന്‍റെ ദുരനുഭവവും കച്ചവടക്കാരിൽ ചിലർക്കുണ്ട്.
ഒറ്റപ്പാലത്തെ മൊത്തവ്യാപാര കേന്ദ്രത്തിൽ ചൊവ്വാഴ്ച കണിവെള്ളരിയുടെ മൊത്ത വിൽപന വില കിലോക്ക് 20 രൂപയാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ കർഷകരിൽനിന്ന് കൂടിയ വിലയ്ക്ക് ഉൽപന്നം വാങ്ങാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു. വിഷു കഴിഞ്ഞാലും മറ്റു പച്ചക്കറി ഇനങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും കണിവെള്ളരിയുടെ കാര്യത്തിൽ സ്ഥിതി വേറെയാണ്. തുടർന്നുള്ള ഇതിന്‍റെ വിൽപന വളരെ കുറയുമെന്നതിനാൽ സ്റ്റോക്ക് കരുതാനും വ്യാപാരികൾ മടിക്കുന്നു.
നാട്ടിൽനിന്ന് ആവശ്യത്തിന് വെള്ളരി എത്തുന്നതിനാൽ ഇതര സംസ്ഥാനത്തുനിന്നുള്ള വെള്ളരിയോട് കച്ചവടക്കാരും മുഖംതിരിക്കുന്നുണ്ട്. വിപണിയിലെ വിലയേക്കാൾ കുറച്ചും എന്നാൽ, ഉൽപന്നത്തിന് ന്യായവില പ്രതീക്ഷിച്ചും കർഷകർ നേരിട്ട് വിൽപന നടത്തുന്നുമുണ്ട്. വിഷുവിന്‍റെ കണി വിഭവങ്ങളിൽ മുഖ്യ സ്ഥാനമാണ് കണിവെള്ളരിക്ക്. മികച്ച കണിവെള്ളരിക്കായി കടകൾ കയറിയിറങ്ങുന്നവർ വിഷുക്കാലത്തെ വിരളമല്ലാത്ത കാഴ്ചയാണ്.
വിഷു വിപണി: ചക്കക്ക് ക്ഷാമം
കൊല്ലങ്കോട്: കാലാവസ്ഥ വ്യതിയാനത്തിൽ ചക്ക ഉൽപാദനം കുറഞ്ഞത് വിഷു വിപണിയെയും ബാധിച്ചു. കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം വിഷുവിന് ചക്ക എത്തിയെങ്കിലും ഉൽപാദനം കുറഞ്ഞതിനാൽ കിലോക്ക് 25-30 രൂപ വരെയാണ് വില. തൂക്കത്തിനല്ലാതെ മൊത്തമായി വിൽപന നടത്തുന്നവർ ഇത്തവണ വിഷു വിപണിയിൽ കുറവാണെന്ന് ഊട്ടറയിലെ കച്ചവടക്കാർ പറയുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഗുണനിലവാരമുള്ള ചക്കയും ഇത്തവണ വിപണിയിൽ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.