സിദ്ദീഖിെൻറ 'മണ്ണിലും' ഉള്ളിലും കൃഷിയുടെ നാമ്പുകൾ മാത്രം: സർക്കാർ ജോലിക്കിടയിലും സമ്മിശ്ര കൃഷിയിലൂടെ മാതൃകയാകുകയാണ്
text_fieldsആലുവ: സർക്കാർ ജോലിക്കിടയിലും കൃഷി ജീവിതത്തിെൻറ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കുട്ടമശ്ശേരി പള്ളിനിലം വീട്ടിൽ മുഹമ്മദ് സിദ്ദീഖ്. വീട്ടിൽ പിതാവ് കൊച്ചുമരക്കാർ നടത്തിയിരുന്ന കൃഷിയാണ് പ്രചോദനമായത്. സമ്മിശ്ര കൃഷിയാണ് സിദ്ദീഖ് പ്രധാനമായും ചെയ്യുന്നത്. പാട്ടത്തിനെടുത്തും അല്ലാതെയും പത്തേക്കറിൽ നെൽകൃഷി ചെയ്യുന്നുണ്ട്. ഉമ, ജ്യോതി നെല്ലിനങ്ങളാണ് നടുന്നത്. വിളവായി ലഭിക്കുന്ന നെല്ല് കൂടുതലും സപ്ലൈകോക്കാണ് കൊടുക്കുന്നത്. നെല്ല് പുഴുങ്ങി അരിയാക്കിയും ഉണക്കലരി പൊടിയാക്കിയും വിൽക്കും. 50 സെന്‍റിൽ ഗന്ധകശാല, ജീരകശാല നെല്ലിനങ്ങളും വിളയിച്ചിട്ടുണ്ട്. 50 സെന്‍റിൽ തണ്ണിമത്തനും പൊട്ടുവെള്ളരിയും കൃഷി ചെയ്തു. സീസൺ അനുസരിച്ച് പയർ, വെണ്ട, മത്തൻ ചീര തുടങ്ങിയ വിവിധ പച്ചക്കറി കൃഷിയും ചെയ്യുന്നു. ഇതോടൊപ്പം കോഴി, മുയൽ എന്നിവയും വളർത്തുന്നു. ജൈവവളത്തിന് മാത്രമായി നാടൻ പശു ഇനങ്ങളായ കാസർകോട് കുള്ളൻ, വെച്ചൂർ തുടങ്ങിയവയെ വളർത്തുന്നുണ്ട്. ഇവയുടെ പാൽ എടുക്കാതെ പശുക്കുട്ടികൾക്കുതന്നെ കൊടുക്കുകയാണ് മൃഗസ്നേഹി കൂടിയായ സിദ്ദീഖ്.
പ്രകൃതിയോട് കൂടുതലായും ഇണങ്ങിയ നിലയിലാണ് വീട് നിർമാണവും. 'മണ്ണ്' എന്നാണ് വീടിെൻറ പേര്. കല്ലിൽ പണിതിരിക്കുന്ന വീട്ടിൽ സിമന്‍റ് ഉപയോഗിച്ചിട്ടില്ല. ഉമിയും മണ്ണും ചേർത്താണ് ഭിത്തികൾ തേച്ചിരിക്കുന്നത്. ഓടുമേഞ്ഞതാണ് മേൽക്കൂര.
അതിനാൽ തന്നെ വീട്ടിൽ ഏത് സമയവും തണുപ്പാണ് അനുഭവപ്പെടുന്നത്. വീടിനോട് ചേർന്ന് മനോഹരമായ കുളവുമുണ്ട്. ഇതിൽ നാടൻ മത്സ്യ ഇനങ്ങളായ ബ്രാൽ, കറൂപ്പ്, കാരി തുടങ്ങിയവയെ വളർത്തുന്നുണ്ട്.
വിവിധ തരത്തിലുള്ള ഫലവൃക്ഷങ്ങളും സിദ്ദീഖ് കൃഷി ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായി ജോലി ചെയ്യുകയാണ് സിദ്ദീഖ്. എം.എസ്.ഡബ്ല്യു, എം.ഫിൽ ബിരുദദാരിയായ സിദ്ദീഖ് കൗൺസലിങ്, കരിയർ ഗൈഡൻസ് ക്ലാസുകൾക്കും സമയം കണ്ടെത്തുന്നു. ഭാര്യ ജസീനയും മക്കളായ സൽമയും മുഹമ്മദ് യാസീൻ മരക്കാറും സഹായത്തിനായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.