'സ്മാം' പദ്ധതി സംസ്ഥാനത്ത് നിശ്ചലം: സബ്സിഡി കുടിശ്ശിക 30 കോടി
text_fieldsകോട്ടയം: കാർഷികമേഖലക്ക് ഊന്നൽ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ സ്മാം പദ്ധതി (സബ്-മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ) സംസ്ഥാനത്ത് നിശ്ചലം. കാർഷികപ്രതിസന്ധിയുടെ കാലത്തും കർഷകർ കടം വാങ്ങിയും സ്വർണ്ണം പണയംവെച്ചും വാങ്ങിയ കാർഷികോപകരണങ്ങളുടെ സബ്സിഡി മാസങ്ങളോളമായി മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം കർഷകർക്കായി 30 കോടി രൂപയാണ് സബ്സിഡി കുടിശ്ശിക മുടങ്ങിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ 5000ത്തിലധികം കർഷകർക്കാണ് സബ്സിഡി മുടങ്ങിയിരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന കർഷക ഗ്രൂപ്പുകൾക്ക് 80 ശതമാനം സബ്സിഡി നിരക്കിൽ കാർഷികോപകരണങ്ങൾ ലഭിക്കുന്ന പദ്ധതി സംസ്ഥാനത്ത് നിലച്ചമട്ടാണ്. ഏപ്രിലിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള തുക ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു.
വ്യക്തികൾക്ക് 50 ശതമാനം, കർഷക ഗ്രൂപ്പുകൾക്ക് 80 ശതമാനം സബ്സിഡി നിരക്കിൽ കാർഷികയന്ത്രോപകരണങ്ങൾ വാങ്ങുന്നതിനായി 2021-22ൽ തുടങ്ങിയ പദ്ധതിയാണിത്. കൃഷിവകുപ്പിലെ എൻജിനിയറിങ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിലുള്ള സ്മാം പദ്ധതിക്കായി ഓൺലൈനായാണ് കർഷകർ അപേക്ഷ നൽകേണ്ടത്. സർക്കാർ അംഗീകൃത ഏജൻസികളിൽ ആവശ്യമായ ഉപകരണങ്ങളില്ല. സർക്കാർ അംഗീകൃത സ്വകാര്യ ഏജൻസികൾ വഴിയാണ് കൃഷി അനുബന്ധ മെഷീനറികൾ കർഷകരിലേക്ക് എത്തുന്നത്. സ്മാം പദ്ധതിയുടെ 60 ശതമാനം കേന്ദ്ര സർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്.
2023-24 വർഷത്തിൽ കേരളത്തിലാകെ 60ൽ താഴെ മാത്രം ഗ്രൂപ്പുകൾക്ക് അനുമതി ലഭിച്ചത് പദ്ധതി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് ഇരുട്ടടിയായി. മുൻവർഷം കോട്ടയം ജില്ലയിൽ മാത്രം അനുവദിച്ച ഗ്രൂപ്പുകളേക്കാൾ കുറവാണിത്. മറ്റു സംസ്ഥാനങ്ങളിൽ സുലഭമായി ലഭിക്കുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാറിന്‍റെ അനാസ്ഥയിൽ മുടങ്ങിക്കിടക്കുന്നത്.
കർഷകർക്ക് ഏറെ സഹായകരമാകുന്ന പദ്ധതിക്ക് സർക്കാറിൽ നിന്നും വേണ്ടത്ര പ്രചരണം ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കൈക്കൂലിയുടെ സാഹചര്യമില്ലാത്ത സുതാര്യമായ പദ്ധതിയാണ് ഒരുവർഷമായി സംസ്ഥാനത്ത് മുടങ്ങിയിരിക്കുന്നത്. 5000 കോടിയോളം രൂപ വകയിരുത്തിയ കേന്ദ്ര ബജറ്റിൽ നിന്നും സ്മാം സബ്സിഡി കുടിശ്ശിക നീക്കുന്നതിനുള്ള തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. രാഷ്ട്രീയനേട്ടമില്ലെന്ന കാരണത്താൽ സ്മാം പദ്ധതിയെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്നും കേന്ദ്ര സർക്കാർ അനുവദിച്ച തുക സംസ്ഥാന സർക്കാർ മറ്റ് പദ്ധതികൾക്കായി മാറ്റിച്ചെലവഴിച്ചത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായും ഉപഭോക്താക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.