കൃഷി വകുപ്പിനെ ജനകീയമാക്കാൻ സോഷ്യല്‍ ഓഡിറ്റ്
text_fieldsതൊടുപുഴ: കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാൻ ലക്ഷ്യമിട്ട് സോഷ്യല്‍ ഓഡിറ്റിന് തുടക്കം. കാര്‍ഷിക വിജ്ഞാന വ്യാപനം ലക്ഷ്യമിട്ടാണ് തെരഞ്ഞെടുത്ത കൃഷിഭവനുകളില്‍ പദ്ധതി നടപ്പാക്കുന്നത്. 2022-23ലാണ് സംസ്ഥാനതലത്തില്‍ പദ്ധതി ആരംഭിച്ചത്. ജില്ലയില്‍ പുറപ്പുഴ കൃഷിഭവനിലാണ് ആദ്യഘട്ടത്തില്‍ ഓഡിറ്റ് സംഘടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം നാല് കൃഷിഭവനുകളിലാണ് പദ്ധതി നടപ്പാക്കിയത്. ഈ വര്‍ഷം അഞ്ചു കൃഷിഭവനുകളിൽ സംഘടിപ്പിക്കും. സംസ്ഥാനത്താകെ 70 കൃഷിഭവനുകളില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തും. പദ്ധതിക്കായി 25.3 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകളെ ജനസൗഹൃദമാക്കുകയും കൃഷിക്കാരുമായി ഉദ്യോഗസ്ഥരുടെ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. കര്‍ഷക അവകാശങ്ങള്‍ സംരക്ഷിക്കുക, ഗുണഭോക്താക്കളുടെ വിവരം എല്ലാവരിലുമെത്തിക്കുക, അഴിമതി ഇല്ലാതാക്കി കാര്യക്ഷമത ഉറപ്പാക്കുക, കൃഷി ഉദ്യോഗസ്ഥരുടെ പ്രഫഷണലിസം ഉപയോഗപ്പെടുത്തുക, കര്‍ഷകരും കൃഷി ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുക, നടപ്പാക്കുന്ന പദ്ധതികളില്‍ കാലോചിതമായ മാറ്റം വേണമോ എന്നു പരിശോധിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
സോഷ്യല്‍ ഓഡിറ്റ് ടീമിൽ എട്ടുപേർ
കൃഷിഭവന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന് പുറത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് ടീം രൂപവത്കരിക്കും. കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അറിവുളള എട്ടു പേരുടെ ടീമാണ് രൂപവത്കരിക്കുന്നത്. കൃഷി വകുപ്പില്‍ നിന്ന് വിരമിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തലത്തില്‍ കുറയാത്ത ഉദ്യോഗസ്ഥന്, ഗുണഭോക്താക്കളുടെ പ്രതിനിധി, വനിത, പട്ടികജാതി, പട്ടിക വര്‍ഗ പ്രതിനിധി, മൂന്ന് കര്‍ഷക പ്രതിനിധികള്‍ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്.
ഭരണപരമായ സഹായത്തിന് പഞ്ചായത്തിലെ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തണം. കൃഷിഭവനില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക, കര്‍ഷകര്‍, ഗുണഭോക്താക്കള്‍ എന്നിവരില്‍ നിന്നും വിവരം ശേഖരിക്കുക, ഗ്രൂപ്പ് ചര്‍ച്ച സംഘടിപ്പിക്കുക, വിവര ശേഖരണത്തിന്റെയും ഗ്രൂപ്പ് ചര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയാറാക്കുക, റിപ്പോര്‍ട്ടിന് പഞ്ചായത്തിന്റെ അംഗീകാരം ലഭ്യമാക്കല്‍ എന്നിവയാണ് പ്രവര്‍ത്തനം. കൃഷിഭവന്, ഗുണഭോക്താക്കള്‍, കര്‍ഷക സമിതികള്‍, വിവിധ രേഖകള്‍ എന്നിവയില്‍ നിന്നു വേണം വിവരശേഖരണം നടത്താന്‍.
ചുമതല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക്
സോഷ്യല്‍ ഓഡിറ്റിന്റെ ചുമതല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്കാണ്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ബ്ലോക്ക് ഭരണസമിതിയുമായി ആലോചിച്ച് ഓഡിറ്റ് ടീമിന്റെ ലിസ്റ്റ് തയാറാക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് നല്‍കണം. സോഷ്യന്‍ ഓഡിറ്റ് ടീം രണ്ടു മാസത്തിനുള്ളില്‍ വിവരശേഖരണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. വിവര ശേഖരണത്തിനായി പ്രത്യേക ഫോറവും തയാറാക്കിയിട്ടുണ്ട്. ഓഡിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണറേറിയവും ലഭിക്കും. 10,750 രൂപയാണ് ഒരു കൃഷിഭവന് ലഭിക്കുക.
എല്ലാ കൃഷിഭവനുകളിലും അഗ്രോ ക്ലിനിക്കുകള്‍ സജീവമാക്കണമെന്നും നിര്‍ദേശമുണ്ട്. കൃഷി അസിസ്റ്റന്റുമാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ഒരു തവണയെങ്കിലും അഗ്രോ ക്ലിനിക്ക് സംഘടിപ്പിക്കുകയും കൃഷി ഓഫിസര്‍മാര്‍ മാസത്തില്‍ ഒരു തവണയെങ്കിലും സന്ദര്‍ശിക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൃഷിഭവന് വഴി നടപ്പാക്കുന്ന പദ്ധതികള്‍, പരിശീലന പരിപാടികള്‍, കീടരോഗ ബാധയും പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവയും അഗ്രോ ക്ലിനിക് വഴി സംഘടിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.