തരിശുഭൂമിയിൽ വിത്തിറക്കി യുവകൂട്ടായ്മ
text_fieldsആലുവ: പ്രഭാത നടത്തത്തിനൊപ്പമുള്ള കൃഷിപ്പണി ആരോഗ്യരക്ഷക്കും വിഷരഹിത പച്ചക്കറി ലഭിക്കാനും ഗുണപ്രദമാകുമെന്ന് തെളിയിക്കുകയാണ് ഉളിയന്നൂരിലെ യുവ കൂട്ടായ്മ. ഉളിയന്നൂർ ജുമാമസ്ജിദിന്റെ കീഴിലുള്ള തരിശ് ഭൂമിയിലാണ് ഇവർ മാതൃക പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. രാവിലെ വ്യായാമത്തിന് ശേഷം ചായക്കടയിൽ ഒത്തുകൂടിയിരുന്ന യുവാക്കളാണ് വാർഡ് അംഗം സിയാദ് പറമ്പത്തോടത്തിന്റെ നേതൃത്വത്തിൽ ഈ ആശയത്തിന് മുന്നിട്ടിറങ്ങിയത്.
സ്ഥലം ആവശ്യപ്പെട്ട് ഉളിയന്നൂർ ജുമാമസ്ജിദ് ഭാരവാഹികളായ യൂസുഫ് മൂപ്പുകണ്ടത്തിലിനെയും ബക്കർ മൂലോളിയെയും സമീപിച്ചപ്പോൾ വേണ്ട സഹായസഹകരണങ്ങൾ അവർ നൽകി. കടുങ്ങല്ലൂർ കൃഷിഭവന്റെ ഉദ്യോഗസ്ഥരുടെ മാർഗ നിർദേശത്തോടെയാണ് കൃഷിക്ക് തുടക്കമിട്ടത്. നിലവിൽ പച്ചക്കറി തോട്ടത്തിൽനിന്ന് നല്ല വിളയാണ് ലഭിക്കുന്നതെന്ന് യുവാക്കൾ പറഞ്ഞു. കൃഷി രീതി മനസ്സിലാക്കാനും ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാനും മഹല്ല് നിവാസികളും പരിസരത്തെ ജനങ്ങളും ദിവസവും തോട്ടം സന്ദർശിക്കാറുണ്ട്. പണ്ടു മുതലേ കൃഷിക്ക് പേരുകേട്ട നാടാണ് ഉളിയന്നൂർ -കുഞ്ഞുണ്ണിക്കര ദ്വീപ്. അറിയപ്പെടുന്ന നിരവധി കർഷകർ പല തലമുറകളിലും ഇവിടെയുണ്ടായിട്ടുണ്ട്. ചീര, വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങിയ തോട്ടങ്ങളാൽ സമ്പന്നമായിരുന്നു ഈ ഗ്രാമം.
കാർഷിക പാരമ്പര്യത്തിൽനിന്ന് അകന്നുപോയ തലമുറക്ക് പ്രചോദനമാകുകയാണ് ഈ യുവാക്കൾ. വെണ്ടക്ക, വഴുതന, പീച്ചിൽ, പയർ, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. നല്ലയിനം പപ്പായ, മാവ്, പ്ലാവ് തുടങ്ങി ഫലവൃക്ഷങ്ങളും ദീർഘകാല വിളകളും യുവാക്കളുടെ പരിചരണത്തിലുണ്ട്. യുവാക്കൾ രാവിലെ ഒരുമണിക്കൂർ മാത്രം ചിലവഴിച്ചാണ് പദ്ധതി വിജയിപ്പിച്ചെടുത്തത്. ഇതിൽനിന്ന് ആവേശമുൾക്കൊണ്ട് കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഇതിന് നേതൃത്വം നൽകുന്ന സദഖത്ത്, നിഷാദ്, റുബീൻ, ഗഫൂർ, കബീർ എന്നിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.