കാലാവസ്ഥ മാറ്റം: പുഞ്ചകൃഷിക്ക് ഒരുങ്ങുന്ന പാടശേഖരങ്ങളിൽ മാരക വിഷം തളിക്കുന്നു
text_fieldsഅപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മുങ്ങിയ മിക്ക പാടങ്ങളിലും ചളിയും പായലും നിറഞ്ഞതോടെയാണ് കീടനാശിനി പ്രയോഗം വർധിച്ചത്. മഴ മാറി മാനംതെളിഞ്ഞതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ പാടങ്ങളിൽ വെള്ളം പമ്പ് ചെയ്ത് വിതയിറക്കൽ ആരംഭിച്ചിട്ടുണ്ട്.പായൽ നിറഞ്ഞ പാടശേഖരങ്ങളിൽ വള്ളത്തിലെത്തിയാണ് പായലിന് മുകളിൽ കളനാശിനി തളിക്കുന്നത്. വിഷം കലർന്ന വെള്ളം പമ്പ് ചെയ്ത് തോട്ടിലേക്ക് ഒഴുക്കുന്നതിനാൽ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും തോടുകളും മലിനമാണ്. പലയിടത്തും കൃഷി വകുപ്പിെൻറ നിർദേശങ്ങൾ പാലിക്കാതെയാണ് വിഷംനിറഞ്ഞ മരുന്നടിക്കുന്നത്. ഇടനിലക്കാർ പറയുന്ന കമ്പനിയുടെ വിഷം പറയുന്ന അളവിൽ വാങ്ങി നടത്തുന്ന പ്രയോഗം വിളവിനെ മാത്രമല്ല, മണ്ണിനെയും വെള്ളത്തെയും അന്തരീക്ഷത്തെയും വിഷലിപ്തമാക്കും. പരമാവധി പ്രയോജനം കിട്ടാൻ വെള്ളത്തിൽ നേർപ്പിക്കാതെയും പ്രയോഗിക്കുന്നവരുണ്ട്.
കാർഷികമേലഖലയിൽ കാൻസർ വർധിക്കാനുള്ള പ്രധാനകാരണം മാരക കീടനാശിനിയുടെയും രാസവളങ്ങളുടെയും അമിത പ്രയോഗമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. 2018 പ്രളയശേഷം കുട്ടനാട്ടിലെ മണ്ണിന് പ്രതിരോധ ശേഷിയും വളക്കൂറും ലഭിച്ചിട്ടുണ്ട്. അതിനാൽ അമിത വളപ്രയോഗത്തിെൻറയും കീടനാശിനി ഉപയോഗവും ആവശ്യമില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോസ്ഥരുടെ അഭിപ്രായം. സാഹചര്യം അനുകൂലമായിട്ടും കർഷകർ പഴയപടി തുടരുകയാണ്. കൃഷിക്കായി പ്രതിവർഷം 20,000 ടൺ രാസവളമാണ് ഉപയോഗിക്കുന്നത്. രണ്ടാംകൃഷിക്ക് 130 ടണ്ണും പുഞ്ചകൃഷിക്ക് 130 ടണ്ണും വേണ്ടിവരുമെന്നാണ് കണക്ക്.
കീടനാശിനി കലർന്ന വെള്ളത്തിൽ കുളിക്കാനും നനക്കാനുംപോലും കഴിയാത്ത സ്ഥിതിയാണ്. മത്സ്യങ്ങളും ചത്തുപൊങ്ങുന്നുണ്ട്. പായൽ വാരാനും കളപറിക്കാനും യന്ത്രവത്കരണം നടപ്പാക്കിയാൽ ഒരുപരിധിവരെ അമിത കളനാശിനി പ്രയോഗം ഒഴിവാക്കാനാകും.ഒരേക്കറിൽ മരുന്ന് തളിച്ച് കള നശിപ്പിക്കാൻ മരുന്ന് വില ഉൾപ്പെടെ 2000 രൂപയിൽ താഴെയാണ് ചെലവാകുന്നത്. തൊഴിലാളികളെ ഉപയോഗിച്ചാൽ ഇത് 5,000 രൂപക്ക് മുകളിൽ വരുമെന്ന് കർഷകർ പറയുന്നു. കാലാവസ്ഥ പിടിതരാതെ ആവർത്തിക്കുന്ന വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കർഷകർക്ക് കഴിയില്ല. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച് പുഞ്ചകൃഷിയെയാണ്. ആദ്യ വളമിടൽ കഴിയേണ്ട കുട്ടനാട്ടിൽ നിരവധി പാടങ്ങളാണ് വിതയിറക്കാൻ കാത്തിരിക്കുന്നത്.
മരുന്നടി തോന്നുംപോലെ
കുട്ടനാട് അടക്കമുള്ള പാടശേഖരങ്ങളില്‍ തോന്നുംപോലെയാണ് കീടനാശിനി തളിക്കുന്നത്. ഏക്കറിന് 50 ഗ്രാം കീടനാശിനി 150 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്താന്‍ കമ്പനി നിർദേശിക്കുമ്പോള്‍ ഭൂരിപക്ഷം കര്‍ഷകരും ഇരട്ടി കീടനാശിനി പകുതി വെള്ളത്തില്‍ കലര്‍ത്തിയടിക്കുകയാണ് ചെയ്യുന്നത്. മരുന്ന് കമ്പനികളും കൃഷിവകുപ്പും പാടശേഖര സമിതിയും പറയുന്നത് പോലെയല്ല കര്‍ഷകരുടെ മരുന്ന് പ്രയോഗം. എളുപ്പം കാര്യങ്ങള്‍ നടന്നുകിട്ടാന്‍ വീര്യംകൂട്ടിയടിക്കും. തൊഴിലാളികൾ സുരക്ഷസംവിധാനം പാലിക്കാതെയാണ് മരുന്നടിക്കാൻ പാടത്തിറങ്ങുന്നത്. കൃഷി വകുപ്പിെൻറ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് മതിയായ ബോധവത്കരണം നൽകുന്നതിനൊപ്പം കീടനാശിനി ഉപയോഗത്തിൽ കടുത്ത നിയന്ത്രണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.