സംഭരണം നാമമാത്രം; നാളികേര കർഷകരുടെ പ്രതിസന്ധി തുടരുന്നു
text_fieldsതിരുവമ്പാടി: വില തകർച്ചയിൽ ആശ്വാസമാകുമെന്ന് കരുതിയ നാളികേര സംഭരണം പേരിന് മാത്രം. സർക്കാർ പ്രഖ്യാപിച്ച പച്ച തേങ്ങ സംഭരണത്തിന്റെ ഗുണഫലം മുഴുവൻ കർഷകർക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. കിലോക്ക് 32 രൂപ നിരക്കിലാണ് സർക്കാർ ഏജൻസി പച്ചത്തേങ്ങ സംഭരിക്കുന്നത്. സംഭരണ കേന്ദ്രങ്ങൾ ആവശ്യത്തിന് ഇല്ലാത്തതാണ് കർഷകരെ വലക്കുന്നത്. കേരകർഷകനാണെന്ന് തെളിയിക്കുന്ന കൃഷിഭവനിൽ നിന്നുള്ള രേഖകൾ സഹിതമാണ് സംഭരണത്തിന് അപേക്ഷിക്കേണ്ടത്. തിരുവമ്പാടി പഞ്ചായത്തിൽ ആനക്കാംപൊയിലും കൂടരഞ്ഞി പഞ്ചായത്തിൽ കൂടരഞ്ഞിയിലുമാണ് സംഭരണ കേന്ദ്രം .തങ്ങളുടെ ഊഴം കാത്ത് കർഷകർ ആഴ്ചകൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ തേങ്ങ സംഭരണം പ്രഖ്യാപിച്ചത്. എന്നാൽ, രണ്ടാഴ്ച മുമ്പാണ് സംഭരണ നടപടികൾ തുടങ്ങിയത്. വില തകർച്ച മൂലം നാളികേരം വിൽക്കാനാവാതെ മുളച്ച് നശിക്കുന്ന കാഴ്ചയാണ് മലയോര മേഖലയിൽ. പൊതു വിപണിയിൽ നാളികേര വില കിലോക്ക് 26 രൂപയാണ്. ഉൽപാദന - കൂലി ചെലവുകൾ കഴിച്ചാൽ നാളികേര കർഷകർക്ക് ഒന്നും ലഭിക്കാനില്ലെന്ന് കർഷകർ പറയുന്നു. സംഭരണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചാൽ പ്രതിസന്ധിക്ക് അൽപമെങ്കിലും പരിഹാരമാകുമെന്നാണ് കർഷകർ ചൂണ്ടി കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.