നീലക്കുറിഞ്ഞിയുടെ നാട്ടിൽ ഇനി ഇനി സ്ട്രോബറിയും
text_fieldsതൊടുപുഴ: നീലക്കുറിഞ്ഞിയുടെ നാട്ടിൽ ഇനി സ്ട്രോബറിയും വര്‍ണവസന്തമൊരുക്കും. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലാണ് സ്ട്രോബറി കൃഷിക്ക് തുടക്കമായത്. ഇവിടത്തെ സമശീതോഷ്ണ കാലാവസ്ഥ സ്ട്രോബറി കൃഷിക്ക് അനുയോജ്യമാണ്.
സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷൻ സംയോജിത ഹോര്‍ട്ടികള്‍ചര്‍ വികസന മിഷൻ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ കൃഷി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നിലമൊരുക്കി ബെഡുകളെടുത്ത് ഇതില്‍ വിദേശയിനം നടീല്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് കൃഷി. കള നിയന്ത്രണത്തിനായി പ്ലാസ്റ്റിക് പുതയും നൽകുന്നുണ്ട്. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിൽ 25 ഹെക്ടറിലധികം സ്ഥലത്താണ് സ്ട്രോബറി കൃഷിക്ക് തുടക്കം. ഇതോടൊപ്പം ആറ് ഹെക്ടറിലധികം സ്ഥലത്ത് കൃത്യത കൃഷിരീതികൾ അനുവർത്തിച്ചും കൃഷി ആരംഭിച്ചിട്ടുണ്ട്. പുതുതായി ധാരാളം പേർ സ്ട്രോബറി കൃഷിയുടെ സാധ്യതകളറിഞ്ഞ് രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു.
മൂന്നാറിലെ അനുകൂല സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് മുതൽമുടക്കാൻ ജില്ലക്ക് പുറത്തുനിന്നുമുള്ള സംരംഭകർ തയാറാകുന്നുണ്ട്. പൊതുവെ കൂടുതൽ മുതൽമുടക്ക് ആവശ്യമായ കൃഷിക്ക് ഇത് കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. കൃത്യത കൃഷിയിലൂടെയും മികച്ച നടീൽ വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും ഗുണമേന്മയുള്ള പഴങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.