എ പ്ലസ് നേടി കൂൺകൃഷി; യദുകൃഷ്ണക്കും അശ്വനിക്കും പഠനം കൂൾ...
text_fieldsകൂത്തുപറമ്പ്: കൂൺകൃഷിയിലൂടെ പഠനത്തിനുള്ള വരുമാനം കണ്ടെത്തുകയാണ് മാങ്ങാട്ടിടം കണ്ടേരിയിലെ യദു കൃഷ്ണനും സി. അശ്വനിയും. അയൽവാസിയായ നീതുവുമായി ചേർന്നാണ് മൂവരും കൂൺകൃഷിയിൽ വിജയഗാഥ രചിക്കുന്നത്. കൂത്തുപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് യദുകൃഷ്ണ. കമ്പ്യൂട്ടർ വിദ്യാർഥിനിയാണ് സി. അശ്വനി. ഇവർക്കൊപ്പം നീതുവുംകൂടി കൃഷിക്കിറങ്ങിയതോടെ നൂറുമേനി വിളവാണ് ലഭിക്കുന്നത്.
മാങ്ങാട്ടിടം കൂൺ ഗ്രാമമായി പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായാണ് മൂന്നുപേർക്കും പരിശീലനം ലഭിച്ചത്. തുടർന്ന് കണ്ടേരിയിലെ പഴയ തറവാട് വീട്ടിൽ കൂൺകൃഷി ആരംഭിക്കുകയായിരുന്നു. നല്ല വിളവാണ് ലഭിക്കുന്നതെന്നാണ് മൂവരും പറയുന്നത്. സാധാരണ നിലയിൽ വിളവെടുപ്പിന് 15 ദിവസം വരെയാണ് വേണ്ടി വരുക. എന്നാൽ, മികച്ച പരിചരണത്തിലൂടെ ഒമ്പതു ദിവസം കൊണ്ടുതന്നെ വിളവെടുക്കാൻ സാധിക്കുന്നുണ്ട്. ദിവസേന അരക്കിലോ മുതൽ ഒരുകിലോവരെയാണ് കൂൺ ലഭിക്കുന്നത്. നിലവിൽ 500 രൂപവരെയാണ് കിലോക്ക് വില. ഉപഭോക്താക്കളേറെയും പ്രദേശവാസികൾ തന്നെ. അധികമായി വരുന്നത് കൃഷിഭവനോടനുബന്ധിച്ചുള്ള വിൽപന സ്റ്റാളിലും നൽകും. മാങ്ങാട്ടിടം കൃഷിഭവനിലൂടെയാണ് ആവശ്യമായ വിത്തും പരിചരണവും ലഭിക്കുന്നത്.
കൂൺകൃഷിയുടെ വിളവെടുപ്പ് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം എ. ഷീന അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എം. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റൻറ് ആർ. സന്തോഷ് കുമാർ, സി. മിനി, ശ്രീഷ്മ തുടങ്ങിയവർ സംബന്ധിച്ചു. കൂണിന് ആവശ്യക്കാർ കൂടിവരുന്ന സാഹചര്യത്തിൽ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മൂവർ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.