സുഭിക്ഷ കേരളം: ലക്ഷ്യം 300 ടണ്‍ മത്സ്യോൽപാദനം
text_fieldsകാസർകോട്: പിടക്കുന്ന വിഷരഹിത മീനുകള്‍ ഇനിയെന്നും സുലഭമായി സുഭിക്ഷ പദ്ധതിയിലൂടെ ജില്ലയിലെവിടെയും ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേര്‍ന്ന് 40 ശതമാനം സര്‍ക്കാര്‍ സബ്സിയോടെ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സുഭിക്ഷ കേരളം മത്സ്യകൃഷിയില്‍ ജില്ലയില്‍ 420 കര്‍ഷകരാണ് മത്സ്യകൃഷി ചെയ്യുന്നത്. ഇതില്‍ പകുതിയോളം കര്‍ഷകരും വീട്ടുവളപ്പിലെ കുളങ്ങളിലാണ് കൃഷി ചെയ്യുന്നത്.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ മാത്രം ഏകദേശം 300 ടണ്‍ മത്സ്യ ഉല്പാദനമാണ് ജില്ലയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് ജോലി നഷ്ടമായ പ്രവാസികള്‍ക്കും യുവജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുകയാണ് സുഭിക്ഷ കേരളം മത്സ്യകൃഷി. ഇതില്‍ ഏറെ ശ്രദ്ധേയം വീട്ടമ്മമാരുടെ കടന്നുവരവാണ്. വീട്ടമ്മയില്‍നിന്ന് സംരംഭകയായി മാറുകയാണ് ഗുണഭോക്താക്കള്‍. സാധാരണ കര്‍ഷകര്‍ മുതല്‍ ഗവേഷകര്‍ വരെ ജില്ലയിലെ പദ്ധതി ഗുണഭോക്താക്കളാണ്.
കരിമീനും കാളാഞ്ചിയും
കുളങ്ങളിലെ കരിമീന്‍ കൃഷി ശ്രദ്ധേയമാണ്. പദ്ധതിയിലൂടെ 50 സെൻറ് വരുന്ന കുളങ്ങളിലാണ് കരിമീന്‍ കൃഷി ചെയ്യുന്നത്. 1500 മത്സ്യകുഞ്ഞുങ്ങളോടൊപ്പം ആറുകിലോ വരുന്ന മത്സ്യങ്ങളും നിക്ഷേപിക്കുന്നതിലൂടെ പ്രജനനം നടന്ന് നല്ലയിനം കരിമീന്‍ വിത്തുല്പാദനം കര്‍ഷകര്‍ക്ക് സാധ്യമാകുന്നു. കായലിലെ കൂട് കൃഷിയാണ് സുഭിക്ഷ പദ്ധതിയുടെ മറ്റൊരാകര്‍ഷണം. ഇന്ന് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയുള്ള കാളാഞ്ചി (കൊളോന്‍), ചെമ്പല്ലി, കരിമീനാണ് ഇതിലൂടെ ഉല്പാദിപ്പിക്കുന്നത്.
ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നായി 136 ബയോഫ്ലോക്ക് കര്‍ഷകരെയും 271 വീട്ടുവളപ്പില്‍ കുളങ്ങളിലെ മത്സ്യകര്‍ഷകരെയും രണ്ട് കുളങ്ങളിലെ കരിമീന്‍ കര്‍ഷകരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ഓരോ പദ്ധതിയിലും 95 ശതമാനത്തിലേറെ കര്‍ഷകര്‍ ഇതിനോടകം മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി ആരംഭിച്ചു. ജനുവരി അവസാനത്തോടെ മുഴുവന്‍ കര്‍ഷകരും മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി അതിെൻറ പൂര്‍ണരൂപത്തിലെത്തും.
കൃഷി ചെയ്യാം, വീട്ടുമുറ്റത്തെ കുളത്തില്‍
സ്വന്തം വീട്ടുമുറ്റത്തെ ജലസ്രോതസ്സ് മാത്രം മതി ബയോഫ്ലോക്ക് കൃഷി നടപ്പിലാക്കാന്‍. പടുതാക്കുളത്തിലെ മീന്‍കൃഷിക്ക് രണ്ട് സെൻറ് സ്ഥലവും കുളത്തിലെ കരിമീന്‍ കൃഷിക്ക് 50 സെൻറ് കുളവും മതി. ജില്ലയില്‍ 136 ബയോഫ്ലോക്ക് യൂനിറ്റുകളില്‍ നിന്നുമായി ഒരു വര്‍ഷം കൊണ്ട് 80 മുതല്‍ 100 ടണ്‍ വരെ മത്സ്യം ഉല്പാദിപ്പിക്കാന് കഴിയും. മാര്‍ക്കറ്റില്‍ കിലോക്ക് 120 മുതല്‍ 300 രൂപ വരെ ലഭിക്കുന്നുണ്ട് എന്നതിനാല്‍ നല്ല വരുമാനംതന്നെ പ്രതീക്ഷിക്കാം. വീട്ടുവളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷിക്കായി രണ്ട് സെൻറ് വിസ്തൃതിയില്‍ പടുതാക്കുളമാണ് നിർമിക്കുന്നത്. ഇതിനായി 271 കര്‍ഷകര്‍ ജില്ലയില്‍ ഇപ്പോള്‍ പദ്ധതിയുടെ ഭാഗമാണ്. ഇതിനുവേണ്ടി ജില്ലയില്‍ 2.19 ഹെക്ടര്‍ പടുതാക്കുളം നടപ്പാക്കിയിട്ടുണ്ട്. ഒരുവര്‍ഷം പദ്ധതിയില്നിന്നുമായി 217 മുതല്‍ 271 ടണ്‍ വരെ ആസാം വാള ഉല്പാദിപ്പിക്കാനാകും.
എട്ടു മാസംകൊണ്ട് ഒരു കിലോയോളം ഭാരം വരുന്ന ആസാം വാളയാണ് രണ്ട് സെൻറ് പടുതാക്കുളത്തില്‍ കൃഷി ചെയ്യുന്നത്. വലിയ ചെലവ് പ്രതീക്ഷിക്കാവുന്ന മത്സ്യത്തീറ്റയുടെ ഉപയോഗം ബയോഫ്ലോക്ക് ടെക്നിക്കിലൂടെ 30 ശതമാനത്തോളം കുറക്കാന്‍ സാധിക്കുന്നുവെന്നത് ഈ രീതിയുടെ പ്രത്യേകതയാണ്. മത്സ്യ കൃഷിയിലെ അധിക തീറ്റയില്‍നിന്നും വെള്ളത്തിലേക്ക് വരുന്ന അമോണിയയെ, ഹ്രെട്രാട്രോഫിക് ബാക്ടീരിയ കാര്‍ബോഹൈഡ്രേറ്റ് (കപ്പപ്പൊടി, പഞ്ചസാര, ശര്‍ക്കര) ഉപയോഗിച്ച് മൈക്രോബിയല്‍ പ്രോട്ടീനാക്കി മാറ്റുന്നു.
ഇതുവഴി കൃഷിയിലുടനീളം മത്സ്യത്തിന് വേണ്ട തീറ്റ ടാങ്കില്‍തന്നെ ലഭിക്കും. 21 ഘന മീറ്റര്‍ വരുന്ന ടാങ്കില്‍ 1250 നൈല്‍ തിലാപ്പിയ (ഗിഫ്റ്റ/ചിത്രലാഡ) കുഞ്ഞുങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്.
ആറു മാസം കൊണ്ട് 400 മുതല്‍ 500 ഗ്രാം വരെ തൂക്കമാണ് പ്രതീക്ഷിക്കുന്നത്. ഈ സങ്കരയിനം കൃഷി ചെയ്യുന്നതുകൊണ്ട് ഒരു വര്‍ഷം രണ്ട് വിളവെടുപ്പ് സാധ്യമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.