കൊടും ചൂടിലും പടവല കൃഷിയിൽ വിജയഗാഥ
text_fieldsതൊടുപുഴ: ഒരേക്കറിയിൽ പാട്ടത്തിനെടുത്ത മണ്ണിൽ പച്ചക്കറി കൃഷിയിൽ വിജയം നേടുകയാണ് മനോജ്. വിവിധയിനം പച്ചക്കറികള്‍ ഈ മണ്ണില്‍ യഥേഷ്ടം വിളവ് നൽകുന്നു. ഉടുമ്പന്നൂര്‍ പുളിക്കല്‍ പി.എസ്.മനോജ് കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി കൃഷിയോടാപ്പമുണ്ട്. പ്രളയത്തിന് മുമ്പ് വരെ ഏത്തവാഴ കൃഷിയായിരുന്നു. എന്നാല്‍ വിലയിടിവ് പലപ്പോഴും കൃഷി നഷ്ടത്തിന് കാരണമായി. ഇതോടെയാണ് പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. സീസണനുസരിച്ച് പാവല്‍, പയര്‍, പടവലം എന്നിവയാണ് കൃഷി ചെയ്തുവരുന്നത്. നിലവില്‍ പടവലം വിളവെടുത്ത് തുടങ്ങി.
ചൂട് കാലാവസ്ഥയിലും പടവലം നന്നായി വളരുന്നതിനാലാണ് നിലവില്‍ ഇവ കൃഷി ചെയ്തിരിക്കുന്നത്. കേട് ബാധിക്കാതിരുന്നാല് തുടര്‍ച്ചയായി നാലുമാസം വരെ വിളവ് ലഭിക്കുകയും ചെയ്യും. ഒരാഴ്ച മുമ്പുവരെ കിലോയ്ക്ക് 25 രൂപ ലഭിച്ചിരുന്നു. എന്നാല്‍ നോമ്പാരംഭിച്ചതോടെ കല്യാണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കുറഞ്ഞു. ഇതോടെ വില്‍പ്പന കുറയുകയും വിലകുറയുകയും ചെയ്തു. കഴിഞ്ഞ ദിവസം കിലോയ്ക്ക് 15-18 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. മഴക്കാലത്ത് കൂടുതലായും വള്ളിപ്പയറാണ് കൃഷിചെയ്യുന്നത്. ഇക്കാലയളവില്‍ വളരുന്ന പ്രത്യേക പയര്‍വിത്താണ് ഇതിനായി നടുന്നത്. വണ്ടിപ്പെരിയാറില്‍ നിന്നുമാണ് ഇവ കൊണ്ടുവരുന്നത്. മഴക്കാലമായതിനാല്‍ ഭേദപ്പെട്ട വില ലഭിക്കുകയും ചെയ്യും. എന്നാല്‍ പച്ചക്കറിയില്‍ ഏറ്റവും ലാഭകരം പാവല്‍ കൃഷിയാണെന്നാണ് മനോജിന്റെ അഭിപ്രായം. കിലോയ്ക്ക് 30 രൂപ മുകളില്‍ വില എല്ലാസമയവും ലഭിക്കാറുണ്ട്.
തോപ്രാംകുടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങില്‍ നിന്നുമാണ് പാവല്‍ വിത്ത് കൊണ്ടുവരുന്നത്. കൃഷിക്ക് രാസവളം ചെറിയ തോതില്‍ മാത്രമേ പ്രയോഗിക്കാറുള്ളൂ. ചാണകം, കോഴിവളം, ചാണക സ്ലറി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ടേക്കറോളം സ്ഥലത്ത് ബലവത്തായ പന്തലൊരുക്കിയാണ് കൃഷി. നന്നായി പരിപാലിച്ചാൽ കാലതാമസം കൂടാതെ വരുമാനം ലഭിക്കുമെന്നതാണ് പച്ചക്കറി കൃഷിയുടെ നേട്ടമെന്നാണ് ഈ കര്ഷകന് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.