കടൽകടന്ന് ശർക്കരപ്പെരുമ; കർഷകർക്ക് തുച്ഛവില
text_fieldsമറയൂർ: കടൽ കടന്നും മറയൂർ ശർക്കരയുടെ ഖ്യാതി എത്തുമ്പോഴും കർഷകർക്ക് ലഭിക്കുന്നത് നിരാശ മാത്രം. വ്യാജന് മുൻതൂക്കം നൽകി മറയൂർ ശർക്കരക്ക് വ്യാപാരികൾ വിലകുറക്കുന്നതാണ് കർഷകരെ നിരാശരാക്കുന്നത്. ഓണത്തിന് ഒരാഴ്ചക്ക് മുമ്പ് മുതൽ 70 മുതൽ 80 രൂപ വരെ നൽകിവന്നിരുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച മുതൽ വില കുറച്ച് 60 രൂപയിൽ താഴെയാക്കി. നിലവിൽ ശർക്കരയുടെ വില 55 മുതൽ 60 രൂപയാണ്.
വർഷങ്ങൾക്കുമമ്പ് മറയൂർ ശർക്കരക്ക് മെച്ചപ്പെട്ട വിലയാണ് ലഭിച്ച് വന്നിരുന്നത്. ഇത് ശർക്കരയുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അടുത്തനാളുകളിൽ തമിഴ്നാട്ടിൽ ഒട്ടേറെ രാസവസ്തുക്കൾ ചേർത്ത് ഉൽപാദിപ്പിക്കുന്ന ശർക്കര കുറഞ്ഞവിലയ്ക്ക് സംഭരിച്ച് കേരളത്തിലെത്തിച്ച് മറയൂർ ശർക്കര എന്ന വ്യാജേന വിൽക്കുകയാണ്. ഇതിനാൽ മറയൂരിൽ ഉൽപാദിപ്പിക്കുന്ന ശർക്കര വിറ്റഴിക്കാൻ കഴിയുന്നില്ലെന്നും വില കുറവാണെന്നും കാണിച്ചാണ് കർഷകരിൽനിന്ന് വില താഴ്ത്തി വ്യാപാരികൾ വാങ്ങുന്നത്. പ്രദേശത്തെ കർഷകർക്ക് മുതൽമുടക്ക് പോലും ലഭിക്കാത്തതിനെത്തുടർന്ന് പലരും ഘട്ടം ഘട്ടമായി കരിമ്പുകൃഷി ഉപേക്ഷിച്ചുവരുകയാണ്. 3000ത്തിലധികം ഏക്കറിൽ ഉണ്ടായിരുന്ന കൃഷി ഇപ്പോൾ 700 ഏക്കറായി ചുരുങ്ങി.
2018-19ൽ കേരള കാർഷിക സർവകലാശാല നടത്തിയ ഗവേഷണത്തിൽ ഏറ്റവും ഗുണനിലവാരവും പരമ്പരാഗത കൃഷിയും എന്ന നിലയിൽ ഭൗമസൂചിക പദവിയും ലഭിച്ചു. ഇത് കർഷകർക്ക് നല്ല നേട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ചിലർ മാത്രം ഭൗമസൂചിക പദവിയുടെ ലേബലിൽ വിപണനം നടത്തിവരുന്നു. ചില വ്യാപാരികൾ ഇതിന്റെ പേരിൽ ഒരു കിലോ ശർക്കരക്ക് 150 മുതൽ 260 രൂപ വരെ ബ്രാൻഡ് ശർക്കരയാക്കി മാറ്റി വിറ്റഴിക്കുന്നു. നിലവിലെ ഒട്ടേറെ കരിമ്പ് കർഷകർ കൃഷി ഉപേക്ഷിച്ച് തരിശുഭൂമിയാക്കിയും ചിലർ റിയൽ എസ്റ്റേറ്റ് വിൽപനക്ക് തുച്ഛവിലയ്ക്കും നൽകിക്കഴിഞ്ഞു. ചിലർ മറ്റ് കൃഷിയിലേക്ക് തിരിഞ്ഞു. ഇനിയും സർക്കാറിൽനിന്ന് മറയൂരിലെ കരിമ്പുകൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ മറയൂരിൽ കരിമ്പുകൃഷി നാമാവശേഷമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.