പെരുമ്പെട്ടിയിൽ വീണ്ടും കരിമ്പ് കൃഷി സജീവമാകുന്നു
text_fieldsമല്ലപ്പള്ളി: അഞ്ചര പതിറ്റാണ്ടിനുശേഷം പത്തനംതിട്ടയിലെ പെരുമ്പെട്ടി മേഖലയിൽ വീണ്ടും കരിമ്പുകൃഷി സജീവമാകുന്നു. ഇവിടങ്ങളിലെ പാടശേഖരങ്ങളിൽ 1967ൽ നിലച്ച കൃഷിയാണ് ഒരു കൂട്ടം യുവാക്കളുടെ ശ്രമഫലമായി വീണ്ടും തളിരിടുന്നത്. പെരുമ്പെട്ടി ദേവസ്വം പാടത്തെ ഒരേക്കർ സ്ഥലം പരീക്ഷണാടിസ്ഥാനത്തിൽ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. നീലക്കരിമ്പ്, സിലോൺ നാടൻ, മഞ്ഞക്കരുമ്പ്, ഒപ്പം പാരമ്പര്യയിനവും നട്ടിട്ടുണ്ട്. ഇങ്ങനെ നട്ട 3000 മൂടുകൾ ഇവിടെ പാതിവിളവിൽ എത്തിനിൽക്കുന്നു.
എസ്.എ. ധാബോൽക്കറുടെ ജൈവകൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത് എന്നാണ് യുവകർഷകർ പറയുന്നത്. ചാണകവും ഗോമൂത്രവും (അമൃത മിട്ടി) മാത്രമാണ് വളപ്രയോഗം. സാധാരണ 10 മുതൽ12 മാസമാണ് പൂർണവളർച്ചയെത്താൻ വേണ്ടത്.
എട്ട്-പത്ത് മാസത്തിലെ വിളവിൽ കരിമ്പിൻ ജൂസ് ഉൽപാദനമാണ് ഇവരുടെ ലക്ഷ്യം. 12 മാസം വിളവിൽ ശർക്കര നിർമിക്കുന്നതിനാണ് അനുയോജ്യം. പണ്ട് പ്രദേശത്തെ പാടശേഖരങ്ങളിൽ സുലഭമായി കൃഷി ചെയ്തിരുന്നതാണ് കരിമ്പ്. അത് വിീണ്ടും പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്നതിന് പ്രചോദനമാകുകയാണ് ഈ യുവാക്കൾ.
ജി. വിനോദ്, സി. മനീഷ്, സി. അനുപം, ആർ. അശോക് എന്നീ യുവാക്കളുടെ കൃഷിയോടുള്ള താൽപര്യമാണ് ഈ ഉദ്യമത്തിന് വഴിവെച്ചത്. കണ്ണൂർ, മറയൂർ, തേനി എന്നിവിടങ്ങളിൽനിന്ന് കരിമ്പിൻ വിത്തുകൾ എത്തിച്ചായിരുന്നു കൃഷിയുടെ തുടക്കം. കാട്ടുപന്നിശല്യവും മലവെള്ളപ്പാച്ചിലിലും മൂന്നു തവണ നാശം സംഭവിച്ചിട്ടും അതിനെ അതിജീവിച്ച് കരിമ്പ് കൃഷിയിൽ വിജയം കൊയ്യാനാണ് ഈ സംഘത്തിന്റെ നീക്കം.
ജില്ലയുടെ വിവിധ മേഖലകളിൽ ശുദ്ധമായ കരിമ്പിൻ നീര് വിതരണത്തിന് സജ്ജമാക്കുകയാണ് ഇവരുടെ തുടർപദ്ധതി. നാല് വ്യത്യസ്ത മേഖലകളിൽ തൊഴിലെടുക്കുന്ന ഇവർ അവധി ദിവസങ്ങളിൽ മാത്രമാണ് പാടത്തിറങ്ങുന്നത്. ഇവർക്കൊപ്പം കൈത്താങ്ങായി പാരമ്പര്യ കർഷകനായ കെ.ആർ. ശ്രീകുമാറുമുണ്ട്. സമീപ പാടശേഖരങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.