കാർഷിക കലണ്ടറിന് ഫയലുകളിൽ ‘സുഖനിദ്ര’
text_fieldsആലപ്പുഴ: കാര്‍ഷിക മേഖലയിലെ നഷ്ടം കുറക്കാനും മികച്ച വിളവ് ഉറപ്പാക്കാനും ലക്ഷ്യമിട്ട് മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കലണ്ടര്‍ നടപ്പായില്ല. മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുള്ള കലണ്ടർ വേണമെന്ന കർഷകരുടെ ആവശ്യം പരിഗണിച്ചാണ് പുതിയതിന് രൂപംനൽകിയത്.
പത്തു വര്‍ഷത്തെ പഠനത്തിനുശേഷം രൂപംനല്കിയ കലണ്ടറാണ് ഫയലുകളിൽ ഉറങ്ങുന്നത്. നഷ്ടത്തെ പ്രതിരോധിക്കാൻ പുതിയ കൃഷിതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കലണ്ടറിന് രൂപംനൽകിയത്. 1270 പാടശേഖരങ്ങളിലെ കൃഷി ആധാരമാക്കി തയാറാക്കിയ ഇത് ഫയലിലൊതുക്കിയത് സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്.
2020 സെപ്റ്റംബര്‍ മൂന്നിന് കലണ്ടര്‍ അംഗീകരിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും കൃഷി, വൈദ്യുതി, റവന്യൂ, സീഡ് അതോറിട്ടി, ജലസേചനം വകുപ്പുകളുടെ ഏകോപനം ഉണ്ടായില്ല. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ച കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ നെൽപാടങ്ങളെ ആറ് സോണുകളായി തിരിച്ചാണ് കലണ്ടര്‍ തയാറാക്കിയത്. ഓരോ സോണിലെയും കാലാവസ്ഥ, ഭൂമിയുടെ ഘടന, വെള്ളപ്പൊക്കം, വേലിയേറ്റം, മണ്ണിന്റെ ഘടന, വരള്‍ച്ച എന്നിവ രേഖപ്പെടുത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമാകുംവിധം വിള ഇറക്കുകയാണ് ലക്ഷ്യം.
ഒരു കൃഷിക്ക് 135 ദിവസം വിളവുള്ള നെല്‍വിത്ത് ഉപയോഗിച്ചാല്‍ അതേപാടത്ത് അടുത്ത കൃഷിക്ക് 100 ദിവസത്തില്‍ താഴെ വിളവുള്ള വിത്ത് ഉപയോഗിക്കണമെന്ന് കലണ്ടറില്‍ പറയുന്നു. ഭൂപ്രകൃതിക്ക് അനുസരിച്ച് കാര്‍ഷികമേഖലക്ക് ഒപ്പം മത്സ്യ, കക്ക മേഖലകളെയും പുഞ്ചകൃഷിയെയും പരിഗണിച്ചാണ് കലണ്ടര്‍ തയാറാക്കിയത്. നെല്ലുൽപാദനരംഗത്താണ് പലപ്പോഴും കൃഷിനാശം ഏറ്റവും കുടുതൽ പ്രകടം. ഇതെല്ലാം പരിഹരിക്കുക ലക്ഷ്യമിട്ടാണ് പുതിയ കലണ്ടറിന് രൂപംനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.