വേനല്‍ മഴ: ജില്ലയുടെ കാർഷിക മേഖലക്ക് 112 കോടിയുടെ നഷ്ടം
text_fieldsആലപ്പുഴ: സമീപദിവസങ്ങളിലെ കനത്ത മഴയില്‍ ആലപ്പുഴ ജില്ലയില്‍ സംഭവിച്ച കൃഷിനാശം കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ആകെയുണ്ടായിരുന്ന 27,000 ഹെക്ടറില്‍ 6400 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് നശിച്ചത്. 112 കോടിയുടെ നഷ്ടം സംഭവിച്ചതായായും 8467 കര്‍ഷകരെ ബാധിച്ചതായുമാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്‍ഷ്വര്‍ ചെയ്ത വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യവും പ്രകൃതി ക്ഷോഭ ധനസഹായവും കര്‍ഷകര്‍ക്ക് നല്‍കുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു.
മട പൊട്ടുകയും മടകവിഞ്ഞ് ഒഴുകുകയും ചെയ്ത പാടശേഖരങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്ന് ധനസഹായം ലഭ്യമാക്കും. മടവീഴ്ച ഉൾപ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജലസേചനം, മണ്ണ് പര്യവേക്ഷണം, കെ.എല്‍.ഡി.സി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ഫലപ്രദമായ പദ്ധതികള്‍ക്ക് രൂപം നല്‍കും.
ചെന്നിത്തല പഞ്ചായത്തിലെ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് കുറക്കുന്നതിന് ഇടത്തോടുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൃഷി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിനോദ് മോഹന്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എ. അരുണ്‍കുമാര്‍, സ്റ്റേറ്റ് അഗ്രികള്‍ചറല്‍ എന്‍ജിനീയര്‍ ബാബു, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി. രജത, അഡീഷനല്‍ ഡയറക്ടര്‍ ആര്. ശ്രീരേഖ, അസി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുജ ഈപ്പന്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. സഫീന തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
കൃഷിനാശമുണ്ടായ കൈനകരി സി ബ്ലോക്ക്, കാവാലം രാജരാമപുരം, എടത്വ കുഴിപടവ് അഷ്ടമം തെങ്കാരപച്ച, ചെന്നിത്തല ഒന്നാം ബ്ലോക്ക്, പതിനാലാം ബ്ലോക്ക്, പുതിച്ചിറ, പെരിവേലിച്ചാല്, പള്ളിപ്പാട്, പാലമേല്‍ കരിങ്ങാലിച്ചാല്‍, നീലംപേരൂര്‍ ഇരുപത്തിനാലായിരം കായല്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. ജനപ്രതിനിധികള്‍, കൃഷി വകുപ്പിലെ അസി.ഡയറക്ടര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍, കൃഷി അസിസ്റ്റന്റുമാര്‍, എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.