വേനൽമഴ: കശുവണ്ടി വില ഇടിഞ്ഞു
text_fieldsപേരാവൂർ: കോവിഡ് വ്യാപനം ഉയർത്തിയ വ്യാപാരമാന്ദ്യത്തിനൊപ്പം വേനൽമഴ കൂടി എത്തിയതോടെ കശുവണ്ടിയുടെ വില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചക്കിടയിൽ കിലോക്ക് 20 രൂപയുടെ ഇടിവാണുണ്ടായത്.
95 രൂപയായിരുന്നു കഴിഞ്ഞയാഴ്ചവരെ വില. കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന പ്രചാരണം ശക്തമായതോടെ വില 90ൽ എത്തി. പിന്നീട് ക്രമാനുഗതമായി കിലോക്ക് രണ്ട്, മൂന്ന് രൂപവെച്ച് കുറയുകയായിരുന്നു. ഇതിനിടയിലാണ് മലയോരത്ത് വേനൽമഴ കനത്തത്.
എല്ലാ ദിവസവും മഴയെത്തിയതോടെ വില കുത്തനെ ഇടിയുകയായിരുന്നു. ഇപ്പോൾ 75 രൂപക്കാണ് വിൽപന നടക്കുന്നത്. വില വീണ്ടും കുറയുമെന്നാണ് കശുവണ്ടി വ്യാപാരികൾ പറയുന്നത്. തുടർച്ചയായ മഴകാരണം കശുവണ്ടിയുടെ നിറം മങ്ങിയതും കിളിർത്തുപോകുന്നതുമാണ് വിലയിടിവിനുള്ള പ്രധാന കാരണം.
കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ അണ്ടിപ്പരിപ്പിന് ഡിമാൻഡ് കുറഞ്ഞതും വിലയിടിവിനിടയാക്കി. ആഭ്യന്തര വിപണിയിൽ കശുവണ്ടി ഫാക്ടറികളൊന്നും വാങ്ങി സംഭരിക്കുന്നില്ല. കർണാടകയും തമിഴ്നാടും കേരളത്തിൽനിന്ന് കശുവണ്ടി വാങ്ങുന്നത് നിർത്തിയിരിക്കുകയാണ്.
കാപെക്സും കശുവണ്ടി വികസന കോർപറേഷനും സർക്കാർ ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ കശുവണ്ടിയും ഏറ്റെടുക്കാമെന്ന് നേരത്തെ ധരണയിലെത്തിയിരുന്നു. ഇക്കുറി സർക്കാർ ഫാമുകളിൽ ഉൽപാദനം മുൻവർഷത്തേക്കാൾ കൂടുതലാണ്. അതുകൊണ്ട് സ്വകാര്യ ഏജൻസികളിൽനിന്ന് കശുവണ്ടി വാങ്ങി സംഭരിക്കുന്ന സ്ഥാപനങ്ങളുടെ കുറവും വിലക്കുറവിന് കാരണമായി.
കഴിഞ്ഞവർഷം സമ്പൂർണ അടച്ചിടൽ ഉണ്ടായിട്ടും 80 രൂപയോളം സീസൺ അവസാനിക്കുന്ന സമയത്തുപോലും കർഷകർക്ക് ലഭിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളെ സംഭരണം ഏൽപിച്ചതും കർഷകർക്ക് ആശ്വാസമായിരുന്നു. ഇക്കുറി കുത്തകകൾ നിശ്ചയിക്കുന്ന വിലക്ക് കശുവണ്ടി നൽകാൻ കർഷകർ നിർബന്ധിതരാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.