വേനലിൽ കുളിരായി തണ്ണിമത്തൻ
text_fieldsവെള്ളരി വർഗത്തിൽപ്പെട്ട വേനൽക്കാല വിളയാണ് തണ്ണിമത്തൻ. മറ്റു വെള്ളരി വിഭവങ്ങളെ അപേക്ഷിച്ച് ഇരുമ്പും പഞ്ചസാരയുടെ അളവും കൂടുതലാണ്. ഇതിൽ ഏകദേശം 95 ശതമാനവും വെള്ളവുമാണ്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന പഴവർഗമാണ് തണ്ണിമത്തൻ.
കേരളത്തിന്റെ കാലാവസ്ഥയും മണ്ണും തണ്ണിമത്തൻ അഥവാ വത്തക്ക കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് കൃഷി കാലഘട്ടം. മഴയില്ലെങ്കിൽ മൂന്നുനാലു ദിവസം ഇടവിട്ട് നനക്കണം. പൂവിടാൻ തുടങ്ങുമ്പോൾ രണ്ടു ദിവസത്തിലൊരിക്കൽ നനക്കേണ്ടതാണ്. കായകൾ മൂപ്പെത്തുമ്പോൾ നന നിയന്ത്രിക്കണം. കുമിൾരോഗത്തിന് സാധ്യതയുള്ള വിളയാണിത്. കൂടാതെ ചിലതരം വണ്ടുകൾ കായ്കളെ നശിപ്പിക്കാറുണ്ട്. ഇവക്കെതിരെ ജൈവരീതിയിലുള്ള കീടരോഗ നിയന്ത്രണമാണ് അഭികാമ്യം. നാടൻ, കറാച്ചി ഇനങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. 60-90 ദിവസം ആകുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം. വിളവെടുക്കാറാവുമ്പോൾ തണ്ണിമത്തന്റെ അടിഭാഗത്ത് നിറവ്യത്യാസം കാണപ്പെടും.
യുവകർഷകന്റെ തണ്ണീർമത്തൻ ദിനങ്ങൾ
കോഴിക്കോട് നന്മണ്ട പഞ്ചായത്തിലെ വയലോരം വീട്ടിൽ ലാലുപ്രസാദ് തണ്ണിമത്തൻ കൃഷിയിൽ വർഷങ്ങളായി വിജയഗാഥ തീർക്കുകയാണ്. ഏക്കറോളം സ്ഥലത്ത് തണ്ണിമത്തൻ കൃഷി ചെയ്തുവരുന്നുണ്ട്. മൾച്ചിങ് (പുതയിടൽ) രീതിയിലാണ് കൃഷി. മണ്ണിലെ ജൈവാംശം നിലനിർത്താനും കളകളെ പൂർണമായും ഒഴിവാക്കാനും മൾച്ചിങ് രീതി സഹായിക്കുന്നതായി ലാലു പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു.
മണ്ണ് നന്നായി ഉഴുത് കല്ലും മറ്റും നീക്കം ചെയ്ത് ചാണകം, വേപ്പിൻ പിണ്ണാക്ക്, കരിയില തുടങ്ങിയ വളങ്ങൾ ചേർത്ത് തടം നിർമിക്കുന്നു. നീളത്തോട് നീളമാണ് തടം നിർമിക്കേണ്ടത്. ചുരുങ്ങിയത് രണ്ടടി വീതി തടങ്ങൾക്കിടയിൽ ഉണ്ടാകണം. കൃഷി പരിപാലനത്തിന് വേണ്ടിയാണിത്. തടം മുഴുവനായും കവർ ചെയ്യുന്ന രീതിയിൽ ഷീറ്റുകൾ വിരിക്കും. ഷീറ്റുകളിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കി തൈകൾ നടുന്നു. ജലസേചനത്തിനായി തുള്ളിനന സംവിധാനമാണ് ഉപയോഗിക്കുന്നത്. ആരോഗ്യകരമായ വിത്തുകൾ ഇദ്ദേഹം തിരഞ്ഞെടുക്കുന്നത് കർണാടകയിൽനിന്നാണ്. വിത്ത് നട്ട് 25-35 ദിവസം ആകുമ്പോഴാണ് വീണ്ടും വളപ്രയോഗം നടത്തേണ്ടത്. ചാണകം, ഗോമൂത്രം, ജീവാമൃതം മുതലായവ ട്രിപ് സംവിധാനം വഴിയും നൽകുന്നു. കീടനിയന്ത്രണത്തിനായി ഫിറമോൺ കെണിയാണ് ഉപയോഗിക്കുന്നത്.
തണ്ണിമത്തൻ കൃഷിയോടൊപ്പം വേനൽക്കാല പച്ചക്കറി കൃഷിയും നടത്തിവരുന്നു. ഇദ്ദേഹത്തിന്റെ കൃഷിമികവിനുള്ള അംഗീകാരമായി ജില്ല, ബ്ലോക്ക് തലങ്ങളിൽ മികച്ച യുവകർഷകനായി തിരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.