പ്രകാശം’ പരത്തുന്ന സൂര്യകാന്തി കൃഷി
text_fieldsകണ്ണപുരം: അയ്യോത്തെ പച്ചക്കറി കർഷകരായ സി. പ്രകാശനും ടി. പ്രകാശനും സന്തുഷ്ടരാണിപ്പോൾ. പരീക്ഷണാർഥം നടത്തിയ സൂര്യകാന്തി കൃഷിയിലെ വിജയഗാഥയിൽ ജ്വലിച്ചിരിക്കയാണ് ഇവർ. ദിനംപ്രതി നൂറുകണക്കിന് പേരാണ് സൂര്യകാന്തി പൂക്കൾ കാണാൻ എത്തുന്നത്.
സ്ഥിരമായി പച്ചക്കറി കൃഷിയിറക്കുന്നവരാണ് ഇരുവരും. ഇതിനുവേണ്ടി ഇത്തവണയും വിത്തും വളവും പാടവും എല്ലാം റെഡിയാക്കി. പക്ഷേ, കാലാവസ്ഥ ചതിച്ചു. അപ്രതീക്ഷിതമായി മഴയെത്തി. പാടങ്ങൾ വെള്ളക്കെട്ടിലായി. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് മറ്റൊരു സുഹൃത്ത് സൂര്യകാന്തി കൃഷിയെക്കുറിച്ച് പറഞ്ഞത്.
കേട്ടുകേൾവിയില്ലാത്ത കൃഷി എങ്ങനെ ചെയ്യും. ചെന്നൈയിലെയും കോയമ്പത്തൂരിലെയും തേനിയിലെയും സൂര്യകാന്തി കൃഷിക്കാരുമായി ബന്ധപ്പെട്ടു. കൃഷിയുടെ ബാലപാഠങ്ങൾ അവരിൽനിന്ന് പഠിച്ചെടുത്തു. കൃഷി ചെയ്യാനുള്ള ഒരുക്കത്തോടെ പലയിടങ്ങളിൽ നിന്നായി വിത്തും ശേഖരിച്ചു. അയ്യോത്തെ ഗാലക്സി ബസ്
സ്റ്റോപ്പിനു പടിഞ്ഞാറു ഭാഗത്തെ 30 സെന്റിലും കിഴക്കുഭാഗത്തായി 15 സെന്റിലുമാണ് തുടക്കത്തിൽ കൃഷിയിറക്കിയത്. വിത്ത് ഒന്നൊഴിയാതെ മുളച്ച് തഴച്ചുവളർന്നു.
പാടം നിറയെ തഴച്ചുവളർന്ന സൂര്യകാന്തി ചെടികളിൽ മഞ്ഞനിറം വാരിവിതറിയപോലെ സൂര്യകാന്തിപ്പൂക്കൾ തലയുയർത്തി വിരിഞ്ഞുനിന്നു. ചാണകപ്പൊടിയും ചാരവുമാണ് വളം. മുളച്ചുവരാൻ മാത്രമേ ജലാംശം ആവശ്യമുള്ളൂ. മുന്തിയ ഇനം സൂര്യകാന്തി വിത്തിന് 1200 രൂപയോളം കിലോക്ക് വിലയുണ്ട്. പരീക്ഷണാർഥം നടത്തിയ കൃഷിയിൽ സമൃദ്ധമായി വിളവ് ലഭിച്ചതോടെ വ്യവസായികാടിസ്ഥാനത്തിൽ തന്നെ കൃഷിയിറക്കാനാണ് ഇരുവരുടെയും തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.