സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം നൽകിയില്ല; കർഷകർ സമരത്തിലേക്ക്
text_fieldsപുന്നയൂർക്കുളം: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതോടെ ദുരിതത്തിലായ കർഷകർ സമരത്തിലേക്ക്. പുന്നയൂർക്കുളം പഞ്ചായത്തിലെ 300 ഓളം കർഷകരാണ് സപ്ലൈകോക്ക് നൽകിയ നെല്ലിന്റെ പണം ലഭിക്കാതെ ദുരിതത്തിലായത്.
പരൂർ പടവ്, ചമ്മന്നൂർ താഴം, വടക്കേപ്പടവ്, എന്നിവിടങ്ങളിലായി 11,000 ഏക്കറിൽ കൃഷി ചെയ്ത 2,000 ടൺ നെല്ലാണ് കഴിഞ്ഞ ഏപ്രിൽ 20നു മുൻപായി സപ്ലൈക്കോ കയറ്റിയത്. മൊത്തം 5.5 കോടി രൂപയാണ് മേഖലയിലെ കർഷകർക്ക് ലഭിക്കാനുള്ളതെന്ന് കർഷകർ പായുന്നു. പലിശക്ക് കടം വാങ്ങിയും മറ്റുമായാണ് കൃഷി ആവശ്യത്തിന് ചെലവിട്ടത്.
പണം വിദ്യാർഥികളുടെ സ്കൂൾ പ്രവേശനത്തിനു മുമ്പേ ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കർഷകർ. ലഭിക്കാതായപ്പോൾ കർഷകർ നിരാശയിലായി. അടുത്തായി പെരുന്നാളാണ് വരാൻ പോകുന്നത്. കാത്തിരുന്നു മടുത്ത കർഷകർ ബാങ്കിൽ അന്വേഷിക്കുമ്പോൾ പണം വന്നില്ലെന്ന മറുപടിയാണ് നൽകുന്നത്. സപ്ലൈക്കോ അധികൃതരുമായി ബന്ധപ്പെടുമ്പോൾ ബാങ്കിൽ നിന്നുള്ള കണക്ക് ലഭിച്ചില്ലെന്നും പറയുന്നു. ഉത്തരവാദപ്പെട്ട ജനപ്രതിനിധികളാരും തങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നെതാണ് ഇവരുടെ പരിഭവം.
ഇതോടെ തിങ്കളാഴ്ച മുതൽ സമരം ആരംഭിക്കുമെന്ന് പരൂർ കോൾപടവ് കർഷക സമിതി സെക്രട്ടറി എ.ടി. അബ്ദുൽ ജബ്ബാർ പറഞ്ഞു. സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും കർഷകർക്ക് വിതരണം ചെയ്യുക, കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പുന്നയുർക്കുളം കൃഷി ഓഫിസിനു മുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കാനാണ് കർഷക തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.