മധുരക്കിഴങ്ങിന്റെ നാട്ടിൽ മാധുര്യത്തോടെ വിളവെടുപ്പ്
text_fieldsകോട്ടായി: മധുരക്കിഴങ്ങിന്റെ നാടായി നൂറ്റാണ്ടുകൾക്കുമുമ്പേ പ്രസിദ്ധിയാർജിച്ച കോട്ടായിയിൽ വിളവെടുപ്പ് തുടങ്ങി. മധുരക്കിഴങ്ങിന് ചക്കരക്കിഴങ്ങ് എന്നാണ് കർഷക ഭാഷ. കോട്ടായി ചക്കരക്കിഴങ്ങിന്റെ പ്രശസ്തി സ്വദേശത്തും വിദേശത്തും മാത്രമല്ല സിനിമകളിൽ വരെ ഇടംപിടിച്ചതാണ്.
രാമശ്ശേരി ഇഡ്ഡലി, കരിപ്പോട് മുറുക്ക്, എലവഞ്ചേരി കത്തി എന്നതിൽ കോട്ടായി ചക്കരക്കിഴങ്ങും കോട്ടായി കയ്പക്ക (പാവക്ക ) യും പണ്ടുമുതലേ സ്ഥാനം പിടിച്ച ചൊല്ലാണ്. മുമ്പ് കാലങ്ങളിൽ കോട്ടായി മേഖലയിലെ വ്യാപക കൃഷി ചെയ്തിരുന്ന ചക്കരക്കിഴങ്ങ് ഒരു പ്രധാന വരുമാനമാർഗവുമായിരുന്നു.
കർഷക ഭവനങ്ങളിൽ വിവാഹം നിശ്ചയിച്ചിരുന്നത് പോലും കിഴങ്ങ് കിളക്കട്ടെ എന്നിട്ട് ദിവസം തീരുമാനിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, കാട്ടുപന്നിയുടെ ശല്യം കോട്ടായിയുടെ കിഴങ്ങു പ്രതാപത്തിന് മങ്ങലേൽപിച്ചു. പന്നിശല്യത്തിൽനിന്ന് രക്ഷപ്പെടുത്തി എടുക്കൽ പ്രയാസമായതിനാൽ മിക്കകർഷകരും കിഴങ്ങ് കൃഷി ഉപേക്ഷിച്ചു. ഇപ്പോൾ നാമമാത്രമായാണ് കൃഷി ചെയ്യുന്നത്. ഇത്തവണ വിളവ് മോശമാണെങ്കിലും വില തരക്കേടില്ലെന്നാണ് കർഷകർ പറയുന്നത്.
കിഴങ്ങുകൃഷിക്ക് മഴ അധികമാവാൻ പാടില്ല. നിലം എപ്പോഴും വെടിഞ്ഞിരിക്കണം. എന്നാൽ, പറ്റെ ഉണക്കം ബാധിക്കാനും പാടില്ല. മഴക്കൂടുതൽ ഇത്തവണ വിളവിനെ ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. മൊത്തക്കച്ചവടക്കാർക്ക് കിലോക്ക് 28 രൂപ തോതിലാണ് നൽകുന്നതെന്ന് കോട്ടായി കരിയംകോട്ടെ കർഷകനായ ശംഭു പറഞ്ഞു. സംസ്ഥാനത്തിനകത്ത് എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ മാർക്കറ്റുകളിലേക്കാണ് കയറ്റിപ്പോകുന്നത്.
വിദേശത്തേക്കും കയറ്റിപ്പോകുന്നതായി പറയുന്നു. നെൽകൃഷിയെ അപേക്ഷിച്ച് ചെലവു കൂടുതലാണെങ്കിലും പണി കുറവാണെന്നും സാമാന്യം വിളവുലഭിച്ചാൽ നെല്ലിനേക്കാൾ മെച്ചമാണെന്നും കർഷകർ പറയുന്നു. കാട്ടുപന്നി ശല്യം തടയാൻ കൃഷിയിടത്തിൽ ചാള ( ഓലപ്പുര) കെട്ടി കർഷകർ മാറി ഉറക്കമൊഴിച്ച് കാവലിരിക്കുകയാണ് പതിവ്. കിഴക്കുകൃഷി ചെയ്താൽ നെൽകൃഷി ഒന്നാം വിളയെടുക്കുന്ന സമയത്ത് കിഴങ്ങ് വിളവെടുത്ത് ഇതേ സ്ഥലത്ത് രണ്ടാം വിള നെൽകൃഷി ഇറക്കാമെന്നതും വലിയ നേട്ടമാണ്.
ചക്കരക്കിഴങ്ങ് ചുവപ്പ്, വെള്ള എന്നീ രണ്ടിനങ്ങളാണ്. കോട്ടായി മേഖലയിൽ വെള്ളചക്കരക്കിഴങ്ങാണ് കൃഷി ചെയ്യാറുള്ളത്. നൂറ്റാണ്ടുകളോളമായി ഒരു നാട്ടിന്റെ പ്രതാപമായ ചക്കരക്കിഴങ്ങ് കൃഷി അന്യം നിന്നുപോകാതിരിക്കാൻ സർക്കാറും കൃഷിവകുപ്പും കാര്യക്ഷമമായി ഇടപെട്ട് ആവശ്യമായ സഹായ സംവിധാനങ്ങൾ ചെയ്യണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.