പന്നിശല്യം; രാസലായനി തളിച്ച കൃഷിയിടം ശുചീകരിക്കും
text_fieldsഅടൂർ: പെരിങ്ങനാട് തെന്നാപറമ്പിൽ കാട്ടുപന്നി ശല്യത്തിനെതിരെ കൃഷിയിടത്തിൽ രാസലായനി തളിച്ച സംഭവസ്ഥലം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. വീടുകളിൽ കഴിയാൻ പറ്റാത്ത സാഹചര്യത്തിൽ അഞ്ച് കുടുംബങ്ങളെ പഴകുളത്തേക്ക് മാറ്റിയിരുന്നു.
ഒമ്പത് കുട്ടികൾ അടക്കം 23പേരാണ് ഇവിടെ കഴിയുന്നത്. അഗ്നിരക്ഷസേനയെ ഉപയോഗിച്ച് കൃഷിസ്ഥലത്ത് കൂടിയ അളവിൽ വെള്ളം ചീറ്റിച്ച് സമ്പൂർണമായി ശുചീകരിക്കുന്നതിനും കിണർ വൃത്തിയാക്കുന്നതിനും ഡെപ്യൂട്ടി സ്പീക്കർ നിർദേശം നൽകി.
ചികിത്സയിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സ നൽകും.സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ഡെപ്യൂട്ടി സ്പീക്കർ നിർദേശം നൽകി. പഴകുളം സോഷ്യൽ സർവിസ് സൊസൈറ്റി കെട്ടിടത്തിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതായും ചിറ്റയം പറഞ്ഞു. അടൂർ ആർ.ഡി.ഒ തുളസീധരൻപിള്ള, പഞ്ചായത്ത് സെക്രട്ടറി സജീഷ്, പള്ളിക്കൽ എഫ്.എച്ച്.സി എച്ച്.ഐ. ഷിബു, കൃഷി ഓഫിസർ റോണി വർഗിസ്, വില്ലേജ് ഓഫിസർ ദീപു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. സന്തോഷ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.