കപ്പ കിട്ടാക്കനി!; വില 50 രൂപക്ക് മുകളിൽ
text_fieldsപനമരം: ജില്ലയിൽ കപ്പ കൃഷി കുറഞ്ഞതോടെ കപ്പ കിട്ടാക്കനിയായി മാറി. കടകളിലെല്ലാമുള്ള കപ്പ വേഗം തീർന്നുപോകുന്ന അവസ്ഥയാണ്. മുമ്പ് ഒരു കിലോ കപ്പക്ക് 20 രൂപയും 25 രൂപയുമൊക്കെയായിരുന്നെങ്കിൽ ഇപ്പോൾ 50 രൂപക്ക് മുകളിൽ നൽകിയാലാണ് കപ്പ കിട്ടുക. അന്തർ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന കപ്പക്കാണ് കിലോക്ക് 50 രൂപയിലധികം ഈടാക്കുന്നത്.
ഒരു കിലോ അരി വരെ 40 രൂപക്ക് കിട്ടുമ്പോഴാണ് കപ്പ 50 രൂപയിലധികം നൽകി വാങ്ങേണ്ടിവരുന്നത്. ജില്ലയിൽ മുൻ വർഷം കപ്പകൃഷി കുറഞ്ഞതോടെ ഇത്തവണ വിളവെടുപ്പ് കാര്യമായുണ്ടായില്ല. അന്തർ സംസ്ഥാനങ്ങളിൽനിന്ന് കപ്പ വരുന്നുണ്ടെങ്കിലും വില കൂടുതലാണ്. സാധാരണ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വയലിൽ വെള്ളം കയറുന്ന സമയത്ത് കപ്പ വേഗത്തിൽ വിളവെടുത്ത് വിൽക്കുമായിരുന്നു. ഈ സമയങ്ങളിൽ പത്തും പതിനഞ്ചും നൽകിയാൽ ഒരു കിലോ കപ്പയും കിട്ടുമായിരുന്നു. എന്നാൽ, ഇത് കർഷകർക്ക് വലിയ നഷ്ടമാണുണ്ടാക്കിയിരുന്നത്. അപ്രതീക്ഷിതമായ കനത്ത മഴ വിളവെടുപ്പിനെ ബാധിച്ചതോടെ പലരും കപ്പ കൃഷിയിൽനിന്ന് പിൻമാറി. ജില്ലയിലേക്ക് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽനിന്നാണ് പ്രധാനമായും കപ്പ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.