നോട്ടം വേണം, തേയില തൊഴിലാളി ജീവിതങ്ങൾക്കുമേലും
text_fieldsസുരക്ഷിതമല്ലാത്ത വാതിലുകളും ജനലുകളും, വൃത്തിഹീനമായ ടോയ്ലറ്റുകൾ, പ്രാഥമിക കൃത്യങ്ങൾ പോലും സ്വൈര്യമായി നിർവഹിക്കാൻ കഴിയാത്ത കൗമാരക്കാർ... ഇത്തരം നിരവധി കാഴ്ചകളാണ് പീരുമേട് മേഖലയിലെ തോട്ടങ്ങൾ സന്ദർശിച്ച സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷൻ കണ്ടത്. ഇവിടെ കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ പരിതാപകരമാണെന്നും സ്കൂളുകളിൽനിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, ആരോഗ്യസ്ഥിതി, സുരക്ഷിതത്വം എന്നിവയെല്ലാം ശ്രദ്ധിക്കണമെന്നും കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികൾക്ക് സുരക്ഷിതമായിരിക്കാനോ കളിക്കാനോ വേണ്ടത്ര സ്ഥലമില്ല. കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്.
അന്തർ സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. മാതാപിതാക്കൾ ജോലിക്കുപോകുേമ്പാൾ ലയങ്ങളിൽ താമസിക്കുന്ന കുട്ടികൾ ഒട്ടും സുരക്ഷിതമല്ല. ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ ഒരു സൗകര്യങ്ങളും പല എസ്റ്റേറ്റുകളിലുമില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച –കമീഷൻ ചെയർമാൻ
പല ലയങ്ങളിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ചയുള്ളതായി ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൻ കെ.വി. മനോജ് കുമാർ പറയുന്നു. ഉടമകൾക്ക് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാത്രം ചെലവഴിക്കാൻ ഫണ്ടില്ലെന്നാണ് പറയുന്നത്. ഫാക്ടറികൾ ലാഭകരമല്ലെന്നും അടച്ചുപൂട്ടേണ്ട സാഹചര്യവുമാണെന്നും ചിലർ പറയുന്നു. സ്വകാര്യ ഉടമകളുടെ കീഴിലാണ് ലയങ്ങൾ എന്നതിനാൽ സർക്കാറിന് വേണ്ടത്ര ഇടപെടൽ നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാറുമായി ചേർന്ന് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് പരിശോധിക്കുകയാണ്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ സൗകര്യം ജില്ല ഭരണകൂടം ചെയ്യുന്നുണ്ട്. ചെറിയ കുട്ടികൾക്കുള്ള ലയങ്ങളോട് കൂടിയ അംഗൻവാടികളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പീരുമേട് മേഖലയിലെ റിപ്പോർട്ട് സർക്കാറിന് നൽകിയിട്ടുണ്ട്. അടുത്തിടെ വണ്ടിപ്പെരിയാറിൽ നടത്തിയ സന്ദർശനത്തിെൻറ റിപ്പോർട്ടും ഉടൻ കൈമാറും. ഇതിനുശേഷം വിശദ നടപടികളിലേക്ക് കടക്കുമെന്നും ചെയർമാൻ അറിയിച്ചു.
അതിക്രമം തടയാൻ ടാസ്ക് ഫോഴ്സ്
തോട്ടം മേഖലകളിലെ കുട്ടികൾക്കെതിരായ അതിക്രമം തടയാൻ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സമീപകാലത്തായി ജില്ലയിൽ കുട്ടികൾക്കെതിരായ അതിക്രമം വർധിക്കുന്ന സാഹചര്യത്തിലാണിത്. 2015ൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോട്ടം മേഖലകളിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ നടപടി ആരംഭിച്ചെങ്കിലും മുന്നോട്ടുേപായില്ല. ലയങ്ങളിലെ കുട്ടികൾക്കെതിരായ അതിക്രമം വർധിക്കുകയും വണ്ടിപ്പെരിയാറിലെ ലയത്തിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി മരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്ത് ആദ്യത്തെ ടാസ്ക് ഫോഴ്സ് ഇടുക്കിയിൽ രൂപവത്കരിക്കാൻ കമീഷൻ മുൻകൈയെടുത്തത്. തോട്ടം മേഖലകളിൽ കുട്ടികൾക്കെതിരെ അതിക്രമം നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കുകയാണ് ടാസ്ക് ഫോഴ്സിെൻറ പ്രധാന ലക്ഷ്യം. കലക്ടർ അധ്യക്ഷനായാണ് ടാസ്ക് ഫോഴ്സിെൻറ പ്രവർത്തനം.
യൂനിയനുകളുടെ നിലപാട് നിർണായകം
തോട്ടം തുറക്കുന്നതിൽ നിർണായമാകുക ട്രേഡ് യൂനിയനുകളുടെ നിലപാടാണ്. തോട്ടം അടയ്ക്കുന്നതിന് മുമ്പ് തൊഴിലാളികൾക്ക് കിട്ടാനുള്ള ശമ്പളം, ബോണസ്, ഗ്രാറ്റ്വിറ്റി, കമ്പിളി കാശ് തുടങ്ങിയ ഇനങ്ങളിലെ കുടിശ്ശിക ലഭിക്കാതെ തോട്ടം തുറക്കാൻ സമ്മതിക്കില്ലെന്നാണ് യൂനിയനുകളുടെ നിലപാട്. തൊഴിലാളികൾക്ക് തേയില തോട്ടം വീതം െവച്ചു കൊടുത്തിരിക്കുന്നതും യൂനിയൻ നേതാക്കളാണ്. തൊഴിലാളികൾ തങ്ങളുടെ കൈവശമുള്ള തോട്ടം ഒഴിഞ്ഞുപോകണമെങ്കിൽ യൂനിയൻ നേതാക്കൾ പറയണം. എട്ടും, പത്തും വർഷമായി തൊഴിലാളികളുടെ കൈവശമുള്ള ഭൂമി വിട്ടുകൊടുക്കണമെങ്കിൽ അതിനുള്ള നഷ്ടവും യൂനിയൻ ആവിശ്യപ്പെടാനിടയുണ്ട്.
േതാട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണം –ജില്ല പഞ്ചായത്ത് പ്രസിഡൻറ്
ഉപേക്ഷിക്കപ്പെട്ട തേയില തോട്ടങ്ങളുടെ ഭൂമി കണ്ടെത്തി പ്രളയ ദുരന്തത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് നൽകണമെന്ന് സർക്കാറിനോട് ആവിശ്യപ്പെട്ടിട്ടുള്ളതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് പറഞ്ഞു. പീരുമേട് മേഖലയിൽ പൂട്ടി കിടക്കുന്ന തോട്ടങ്ങൾ മുഴുവൻ സർക്കാർ ഏറ്റടുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, സർക്കാർ നിലപാട് വ്യക്തമായിട്ടില്ല. തകർന്ന ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ജീവൻ അപകടത്തിലാണെന്നും സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും പ്രസിഡൻറ് പറഞ്ഞു.
'ലൈഫി'ൽ വീട് നൽകും
ലയങ്ങൾ തകർന്ന് വീട് നഷ്ടപ്പെട്ടവർ അപേക്ഷിച്ചാൽ ഉപ്പുതറ പഞ്ചായത്തിെൻറ ലൈഫ് മിഷൻ ഭവനപദ്ധതിയിലൂടെ വീട് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ജയിംസ് പറഞ്ഞു. ഇങ്ങനെ അപേക്ഷിച്ചവരുടെ യോഗ്യത പരിശോധന നടന്നുവരുകയാണ്. ഭൂരിഭാഗത്തിനും സ്വന്തമായി സ്ഥലമില്ലാത്തതാണ് പ്രശനം. ജില്ല പഞ്ചായത്തിെൻറ കൂടി സഹായത്തോടെ അപേക്ഷ സമർപ്പിച്ച യോഗ്യരായവർക്ക് മുൻഗണന ക്രമത്തിൽ വീടുനൽകാനാണ് ശ്രമമെന്നും ജയിംസ് പറഞ്ഞു. (അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.