കൊളുന്തിന്റെ വിലയിടിച്ച് ‘കള്ളക്കടത്ത്’
text_fieldsകട്ടപ്പന: ഉൽപാദനം കുടിയതോടെ പച്ച കൊളുന്തിന്റെ വിലയിടിച്ച് കർഷകരെ ചൂഷണം ചെയ്യുന്നു. ജില്ലയിലെ ചെറുകിട തേയില കർഷകരുടെ നട്ടെല്ലൊടിക്കുന്ന നടപടിക്ക് പിന്നിൽ തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും ജില്ലയിലേക്ക് തേയില പച്ചകൊളുന്ത് കള്ളക്കടത്ത് നടത്തുന്ന ഏജൻസികളാണെന്നാണ് വിവരം. ഉൽപാദനം വർധിച്ചിരിക്കെ ഫാക്ടറി ഉടമകളും ഏജൻസികളും ചേർന്ന് ചെറുകിട തേയില കർഷകരുടെ പച്ചകൊളുന്തിന്റെ വില ഇടിക്കുകയായിരുന്നു.
കിലോഗ്രാമിന് മൂന്ന് മുതൽ അഞ്ചു രൂപവരെയാണ് വില കുറച്ചത്. കൊളുന്തിന്റെ ഗുണനിലവാരം കുറവാണെന്ന് ആരോപിച്ചാണ് വിലയിടിക്കൽ. തേയില ബോർഡ് ഈ മാസം പ്രഖ്യാപിച്ച തറവില കിലോഗ്രാമിന് 13.40 രൂപയാണ്. കഴിഞ്ഞ മാസം 13.10 രൂപയും. തറവിലയിൽ 30 പൈസയുടെ വർധനവുണ്ടെങ്കിലും കർഷകർക്ക് കൊളുന്തിന്റെ വില കുറയുകയാണ് ചെയ്തത്.
ഉത്പാദനത്തിലുണ്ടായ വർധനവിനെ തുടർന്ന് ഫാക്ടറികളിൽ കൊളുന്ത് കെട്ടികിടക്കുകയാണെന്ന് പറഞ്ഞാണ് ഏജന്റുമാർ വില കുറച്ചത്. ഫാക്ടറി ഉടമകളാകട്ടെ ചെറുകിട തേയില കർഷകരുടെ പച്ച കൊളുന്ത് വാങ്ങാൻ മടിക്കുകയാണ്.
വാങ്ങുന്ന ഫാക്ടറി ഉടമകളും അവരുടെ ഏജന്റുമാരും കിലോക്ക് ഒമ്പത് മുതൽ 14 രൂപ വരെയാണ് നൽകുന്നത്. അതിനിടെ ഇതര സംസ്ഥാനങ്ങളിലും വയനാട്ടിലും നിന്ന് ഗുണനിലവാരം കുറഞ്ഞ പച്ച കൊളുന്ത് ജില്ലയിലേക്ക് കടത്തി ഏജൻസികൾ കൊള്ളലാഭമാണ് നേടുന്നത്.
ഫാക്ടറി ഉടമകളും ഏജൻസികളും തമ്മിൽ നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് ഗുണനിലവാരമില്ലെന്ന ആക്ഷേപമെന്ന് കർഷകർ പറയുന്നു. ടീ ബോർഡ് നിശ്ചയിക്കുന്ന വില കർഷകർക്ക് നൽകാതെ ഫാക്ടറി ഉടമകളും ഏജന്റുമാരും ചേർന്ന് കർഷകരെ പിഴിയുകയാണ്.
തേയില ബോർഡ് ഓരോമാസവും നിശ്ചയിക്കുന്ന ശരാശരി വിലക്കനുസൃതമായി വേണം കർഷകർക്ക് കൊളുന്ത് വില നൽകാനെന്നാണ് തേയില ബോർഡ് നിഷ്കർഷിക്കുന്നത്. എന്നാൽ ഈ വിലയിലും താഴെ പച്ചക്കൊളുന്ത് ശേഖരിച്ച് കർഷകരെ ചൂഷണം ചെയ്യുകയാണ് ഫാക്ടറികളുടെയും ഏജന്റുമാരും.
ഗുണനിലവാരവും ഇപ്പോഴത്തെ മാർക്കറ്റ് വിലയും അനുസരിച്ച് കുറഞ്ഞത് കിലോഗ്രാമിന് 25 രൂപ വരെ ലഭിക്കേണ്ട കൊളുന്തിനാണ് തുച്ഛമായ വില നൽകുന്നത്.
ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഫാക്ടറി ഉടമകളും ടീ ബോർഡ് പ്രതിനിധികളും ചേർന്നാണ് ഓരോ മാസവും കൊളുന്തിന്റെ ശരാശരി തറവില നിശ്ചയിക്കുന്നത്. ടീ ബോർഡ് ഡയറക്ടറുടെ നിർദേശപ്രകാരം നടപ്പാക്കിയ ഈ തീരുമാനം ഫാക്ടറി ഉടമകളും ഏജന്റുമാരും ചേർന്ന ലോബി അട്ടിമറിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു.
തേയില പച്ച കൊളിന്തിന് ഫാക്ടറികൾ കിലോഗ്രാമിന് 18 രൂപ വരെ ഏജന്റുമാർക്ക് നൽകുന്നുണ്ട്. ഇതിനാണ് കിലോക്ക് ഒമ്പത് മുതൽ 14 രൂപ വരെ കർഷകർക്ക് നൽകുന്നത്.
കടത്തിയ കൊളുന്ത് ഇടകലർത്തുന്നു
കൊള്ള ലാഭം പ്രതീക്ഷിച്ച് തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്ത് രഹസ്യമായി എത്തിച്ച് ഇവിടുത്തെ നല്ല കോളുന്തുമായി ഇടകലർത്തി ഇടുക്കിയിലെ കൊളുന്ത് എന്ന പേരിലാണ് ഫാക്ടറികൾക്ക് നൽകുന്നത്.
ഇത് ടീ ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് നടക്കുന്നതെന്ന് ചെറുകിട തേയില തേയില കർഷക ഫെഡറഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു. മുമ്പ് ഇത്തരത്തിൽ പച്ചക്കൊളുന്ത് തമിഴ് നാട്ടിൽ നിന്ന് വ്യാപകമായി ജില്ലയിലേക്ക് കൊണ്ടുവരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫെഡറഷൻ ടീ ബോർഡിന് പരാതി നൽകുകയും സമരം നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ഇടുക്കിയിലേക്ക് പച്ച കൊളുന്ത് കൊണ്ടുവരുന്നതിനു നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നിരോധനം നിലനിൽകെകയാണ് ഇപ്പോൾ വീണ്ടും പച്ചക്കൊളുന്ത് വ്യാപകമായി ഇടുക്കിയിലേക്ക് കടത്തുന്നത്.
വന്യമൃഗ ഭീഷണി: കൊളുന്ത് നുള്ളാൻ തൊഴിലാളികളില്ല
വന്യമൃഗങ്ങളുടെ ഭീഷണി കാരണം കൊളുന്ത് നുള്ളാൻ തൊഴിലാളികളെ കിട്ടാത്തതും പ്രശ്നമാണ്. തോട്ടങ്ങളിൽ കുറഞ്ഞത് നാലു തൊഴിലാളികൾ പ്രദേശത്ത് നിരീക്ഷണം നടത്തേണ്ട സ്ഥിതിയാണ്.
കാവൽ ഉറപ്പാക്കിയാൽ മാത്രമേ തൊഴിലാളികൾ പണിക്കിറങ്ങൂ. തോളൊപ്പം വളർന്നുനിൽക്കുന്ന തേയിലചെടികളുടെ ഇടയിലൂടെ പുലിയോ, കടുവയോ വന്നാൽ കണ്ടുപിടിക്കുക പ്രയാസമാണ്. അന്തർ സംസ്ഥാന തൊഴിലാളികളാണ് തോട്ടത്തിൽ ഇറങ്ങാൻ കൂടുതൽ ഭയപ്പെടുന്നത്.
കൊളുന്ത് എടുക്കുന്നതിലും കുറഞ്ഞ കൂലിക്കാണെങ്കിലും മറ്റു ജോലികൾക്കാണ് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് താൽപര്യം. നിരീക്ഷണത്തിന് ആളുവേണ്ടതിനാൽ മുമ്പ് അഞ്ചു തൊഴിലാളികൾ ചെയ്ത ജോലിക്ക് ഇപ്പോൾ ഏഴു തൊഴിലാളികൾ വേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.