ആറ് സെൻറിൽ 60 ഇനം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് അധ്യാപകൻ
text_fieldsപാവറട്ടി (തൃശൂർ) : ആറ് സെൻറ് സ്ഥലത്ത് ഫലവൃക്ഷങ്ങൾ കൊണ്ടൊരു ഉദ്യാനം തീർത്ത് പാവറട്ടി മരുതയൂർ ഗവ. യു.പി സ്കൂളിലെ അധ്യാപകൻ വിനോയി ശ്രദ്ധേയനാകുന്നു. 60 ഇനത്തിൽപെട്ട 120 ഫലവൃക്ഷത്തൈകളാണ് വീടിനു ചുറ്റും വിനോയ് വെച്ചുപിടിപ്പിച്ചിട്ടുള്ളത്. ആറുവർഷം മുമ്പാണ് വൃക്ഷത്തൈകൾ നട്ടുതുടങ്ങിയത്. അവയിപ്പേൾ ഫലം നൽകി തുടങ്ങി.
മാവും ചാമ്പയും അഞ്ചിനം, പേരയും പ്ലാവും നാലിനം, ഞാവൽ മൂന്നിനം, കശുമാവും ലൂവിയും പാഷൻ ഫ്രൂട്ടും രണ്ടിനം, ആപ്പിൾ, മാതളം, സപ്പോട്ട, മുട്ടപ്പഴം, മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ, കൊക്കോ, ആത്ത, നെല്ലിക്ക, നാരകം, വയലറ്റ് പേര തുടങ്ങി 60 ഇനം ഫലവൃക്ഷങ്ങളാണ് ഇവർ പരിപാലിച്ചു പോരുന്നത്. ഭാര്യ നൈസി, മക്കളായ വിൻസ്, വിയ, വിയോണ, വിയോൺസ് എന്നിവരും വിനോയിക്കൊപ്പം ഫലവൃക്ഷങ്ങളുടെ പരിചരണത്തിന് ഒപ്പമുണ്ട്. കാലവർഷം ആരംഭിക്കുന്നതോടെ വിദേശ ഇനങ്ങളിൽപെട്ട ഫലവൃക്ഷങ്ങൾ ശേഖരിച്ച് നട്ടുപിടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഈ കുടുംബം. നിരവധി പച്ചക്കറികളും വിനോയിയുടെ ശേഖരത്തിലുണ്ട്.
ആദ്യഘട്ടത്തിൽ ഇഴജന്തുക്കളുടെ ശല്യമുണ്ടാകുമെന്ന് ഭയം ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല.
പൂർണമായും ജൈവ വളങ്ങളാണ് ഫലവൃക്ഷങ്ങൾക്ക് നൽകുന്നത്. വീടിന് മുകളിൽ പ്രത്യേകം സജ്ജീകരിച്ച മഴവെള്ള സംഭരണിയിൽനിന്നാണ് ജലസേചനം നടത്തുന്നത്. അധ്യാപകരായ വിനോയിയുടെയും നൈസിയുടെയും വീട്ടുമുറ്റത്തെ പറുദീസ കാണാൻ ഒട്ടേറെ പേർ സമീപങ്ങളിൽനിന്ന് എത്തുന്നുണ്ട്.പഴത്തോട്ടത്തിലുണ്ടായ വയലറ്റ് പേരക്കയുമായി വിനോയ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.