ആടുകൾ ‘വടി’യാകുന്ന രോഗം; ടെറ്റനസ് എങ്ങനെ തടയാം?
text_fieldsതലേദിവസം വരെ നല്ല ആരോഗ്യത്തോടെ ഓടിച്ചാടിക്കളിച്ചിരുന്ന സിരോഹി ആട്ടിൻകുട്ടി രാവിലെ മുതൽ നിൽക്കാനോ നടക്കാനോ എന്തിന് വാ തുറക്കാൻ പോലും കഴിയാതെ കൈകാലുകൾ നീണ്ട വടി പോലെ ദൃഢമായി തറയിൽ വീണ് കിടക്കുകയാണെന്ന പരിഭവവുമായാണ് ഓട്ടോറിക്ഷാ ഡ്രൈവറും ആടുകർഷകനുമായ ഫിലിപ്പ് മൃഗാശുപത്രിയിലെത്തിയത്. ഒപ്പം രോഗം ബാധിച്ച ആട്ടിൻകുഞ്ഞുമുണ്ടായിരുന്നു. ആട്ടിൻകുഞ്ഞുങ്ങളുടെ ചെവികളും വാലും കുത്തനെ എടുത്തുപിടിച്ച് കൈകാലുകൾ വടി പോലെ ദൃഢമായി വയറുവീർത്ത് തറയിൽ വീണ് കിടക്കുകയും ഒന്നുരണ്ട് ദിവസങ്ങൾക്കകം ചത്തുപോവുകയും ചെയ്ത വേദനിപ്പിക്കുന്ന ഇതേ അനുഭവമുണ്ടായ ആടുകർഷകർ വേറെയുമുണ്ടാവാം. ആടുകളെ 'വടിയാക്കുന്ന' ഈ ലക്ഷണങ്ങൾ ഏത് രോഗത്തിന്റേതാണെന്ന് അറിയാമോ?
വില്ലുവാതം അഥവാ ടെറ്റനസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണിതെല്ലാം. പേശികളുടെ ദൃഢത, ശ്വാസമെടുക്കാനുള്ള പ്രയാസം, വിറയൽ എന്നിവയെല്ലാമാണ് രോഗത്തിന്റെ മറ്റ് ലക്ഷണങ്ങൾ. കാലുകളിൽ നിന്ന് തുടങ്ങി കൈകളിലേക്കും കഴുത്തിലേക്കും മുഖത്തേക്കും വ്യാപിക്കുന്ന രീതിയിലാണ് പേശികൾ ദൃഢമാവാൻ തുടങ്ങുക. ഒടുവിൽ പേശികളുടെ സ്വാഭാവിക ചലനം നിലച്ച് ശ്വസനതടസ്സം നേരിട്ടാണ് ആടുകളുടെ മരണം സംഭവിക്കുക. ആഴത്തിലുള്ള മുറിവുകളിലൂടെ ശരീരത്തിനുള്ളിൽ കയറുന്ന ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് രോഗകാരി. മറ്റ് വളർത്തുമൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആടുകളിൽ ടെറ്റനസ് കൂടുതലായി കണ്ടുവരുന്നു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ചികിത്സ നൽകിയാലും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. രോഗാണുക്കൾ മണ്ണിൽ നിന്ന് പൊക്കിൾക്കൊടി വഴി ശരീരത്തിലേക്ക് എളുപ്പം കടന്നു കയറാനിടയുള്ളതിനാൽ ഒന്നുരണ്ടാഴ്ച പ്രായമുള്ള ആട്ടിൻകുഞ്ഞുങ്ങളിൽ രോഗസാധ്യത ഉയർന്നതാണ്. ആടുകളുടെ ശരീരത്തിലേൽക്കുന്ന പോറലുകളും മുറിവുകളും ചികിത്സ നൽകാതെ നിസ്സാരമായി അവഗണിച്ചാൽ ടെറ്റനസ് ബാധിച്ച് വലിയ ആടുകളുടെ ജീവനും നഷ്ടപ്പെടാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
●രോഗം തടയുന്നതിനായി വാക്സിനേഷൻ ക്രമം പാലിക്കുന്നതിനൊപ്പം ജനിച്ചയുടന്‍ ആട്ടിൻകുട്ടികളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിട്ട് കഴുകി അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. പ്രസവ മുറിയിൽ വൈക്കോൽ വിരിച്ച് ശുചിത്വമുറപ്പാക്കേണ്ടതും പ്രധാനം. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിന്ന് പൊക്കിള്‍ക്കൊടി പൂര്‍ണമായി വേര്‍പെട്ടിട്ടില്ലെങ്കില്‍ പൊക്കിളിന് ഒരിഞ്ച് താഴെ അയഡിൻ ലായനിയിൽ ഇട്ട് അണുവിമുക്തമാക്കിയ ഒരു ചരട് ഉപയോഗിച്ച് കെട്ടിയതിന് ശേഷം പൊക്കിള്‍കൊടി ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ചുമാറ്റണം. പൊക്കിൾ കൊടിയിലെ മുറിവ് ഉണങ്ങുന്നത് വരെ ദിവസവും രണ്ടോ മൂന്നോ തവണ അയഡിന്‍ ലായനിയില്‍ മുക്കി അണുമുക്തമാക്കി പരിപാലിക്കണം
●ആട്ടിൻകുഞ്ഞുങ്ങൾക്ക് നൽകാവുന്ന മൃതസഞ്ജീവനിയാണ് കന്നിപ്പാൽ. തള്ളയാടിന്റെ ശരീരത്തിൽ നിന്ന് കന്നിപ്പാൽ വഴി പുറത്തുവരുന്ന പ്രതിരോധ ഘടകങ്ങൾ ടെറ്റനസ് ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് കുഞ്ഞിന് പ്രതിരോധകവചം തീർക്കും. ജനിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10 ശതമാനം എന്ന അളവിൽ കന്നിപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കണം. ഉദാഹരണത്തിന് രണ്ടര കിലോഗ്രാം ശരീരതൂക്കത്തോടെ ജനിച്ച ആട്ടിന്‍കുട്ടിക്ക് 250 - 300 മില്ലിലിറ്റര്‍ കന്നിപ്പാല്‍ ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ഉറപ്പാക്കണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യഗഡു (ശരീര തൂക്കത്തിന്റെ അഞ്ചു ശതമാനം ) പ്രസവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ഉറപ്പാക്കണം. കുഞ്ഞുങ്ങളെ പാൽ കുടിപ്പിക്കാൻ തള്ളയാട് മടിക്കുന്ന സാഹചര്യത്തിൽ ഗർഭാശയത്തിൽ നിന്ന് പ്രസവസമയത്ത് പുറംതള്ളുന്ന ദ്രാവകം ഒരല്പം കുഞ്ഞിന്റെ മേനിയിൽ പുരട്ടി തള്ളയാടിനെ ആകർഷിക്കാം. അല്ലെങ്കിൽ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിങ് ബോട്ടിലിലോ നിപ്പിളിലോ നിറച്ച് കുഞ്ഞുങ്ങൾക്ക് നൽകാം.
●മേയുന്നതിനിടെ കമ്പിയില്‍ കോറി മുറിവേല്ക്കുക, പ്രസവവേളയിൽ ജനനേന്ദ്രിയത്തിൽ മുറിവേൽക്കുക, കാതിൽ കമ്മലടിക്കുന്നതിനിടെ മുറിവേൽക്കുക, തെരുവു നായുടെ കടിയേല്‍ക്കുക, കൊമ്പോ കുളമ്പോ മുറിയുക തുടങ്ങി ആടുകള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ശരീരത്തില്‍ മുറിവുകളുണ്ടായാല്‍ മറ്റ് ചികിത്സകൾക്കൊപ്പം നിര്‍ബന്ധമായും ടെറ്റനസ് പ്രതിരോധകുത്തിവെപ്പ് നല്‍കണം.
തടയാൻ പ്രതിരോധ കുത്തിവെപ്പ്
ആട്ടിൻകുഞ്ഞുങ്ങളിൽ ടെറ്റനസ് വരുന്നത് തടയാൻ ഗർഭിണികളായ ആടുകൾക്ക് അവയുടെ അഞ്ചുമാസം നീളുന്ന ഗർഭകാലത്തിന്റെ മൂന്ന്, നാല് മാസങ്ങളില്‍ ഓരോ ഡോസ് വീതം ടെറ്റനസ് പ്രതിരോധകുത്തിവെപ്പ് നല്‍കണം. കൃത്യമായി വാക്സിൻ നൽകിയ തള്ളയാടിൽ നിന്ന് കന്നിപ്പാൽ വഴി കുഞ്ഞുങ്ങളിലേക്ക് പകരുന്ന ടെറ്റനസ് പ്രതിരോധശേഷി മൂന്ന് മാസം പ്രായമെത്തുന്നത് വരെ കുഞ്ഞുങ്ങളെ രോഗാണുവിൽ നിന്ന് സംരക്ഷിക്കും. അതിനാൽ പ്രതിരോധകുത്തിവെപ്പ് നൽകിയ തള്ളയാടുകളിൽ നിന്ന് ജനിക്കുന്ന ആട്ടിൻകുഞ്ഞുങ്ങൾക്ക് മൂന്ന് മാസം പ്രായമെത്തുമ്പോൾ മാത്രം അടുത്ത ടെറ്റനസ് പ്രതിരോധകുത്തിവെപ്പ് നൽകിയാൽ മതി. ആദ്യ കുത്തിവെപ്പെടുത്തതിന് നാലാഴ്ച കഴിഞ്ഞ് ബൂസ്റ്റർ വാക്സിൻ നൽകണം. തുടർന്ന്, ആറുമാസത്തിനു ശേഷം ഒരു ബൂസ്റ്റർ വാക്സിൻ കൂടി നൽകുന്നത് ഉചിതമാണ്. ഗർഭകാലത്ത് തള്ളയാടിന് വാക്സിൻ നല്‍കിയില്ലെങ്കിൽ ജനിച്ച് 1-2 ആഴ്ചകൾക്കകം കുഞ്ഞിന് വാക്സിൻ നൽകണം. തുടർന്ന്, ബൂസ്റ്റർ കുത്തിവെപ്പുകളും നൽകണം.
മുതിർന്ന ആടുകൾക്ക് വർഷത്തിൽ ഒരിക്കൽ ബുസ്റ്റർ കുത്തിവെപ്പ് നൽകിയാൽ മതി. ടെറ്റനസ് രോഗം ആടുകളിൽ വ്യാപകമായി കാണുന്നതിനാലും രോഗം ബാധിച്ചാൽ രക്ഷപ്പെടാൻ സാധ്യത തീരെ കുറവായതിനാലുമാണ് ഇത്രയും മുൻകരുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.