പ്രായം തളർത്താത്ത കർഷകൻ കപ്പ വിൽക്കാനാവാതെ സങ്കടത്തിൽ
text_fieldsകാഞ്ഞങ്ങാട്: 75ാം വയസ്സിലും പ്രായം തളർത്താത്ത കർഷകൻ വിളവെടുത്ത കപ്പ വിൽപന നടത്താനാവാതെ ബുദ്ധിമുട്ടുന്നു. കള്ളാർ മുണ്ടമാണിയിലെ എലുമ്പനാണ് വിളവെടുത്ത കപ്പ വിറ്റഴിക്കാനാവാതെ വിഷമിക്കുന്നത്. വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്ത് തനതായരീതിയിൽ കൃഷി ചെയ്യുന്ന കർഷകനാണ്.
ഈവർഷം കൃഷിചെയ്ത് വിളവെടുത്ത പച്ചക്കപ്പ വാട്ടി ഉണക്കിയെടുത്തപ്പോൾ ആറര ക്വിന്റലോളം കപ്പ ലഭ്യമായി. അതിൽ ഒന്നര ക്വിന്റലോളം വിൽപന നടത്തി. ബാക്കിയുള്ള അഞ്ചു ക്വിന്റലോളം കപ്പ ആരും വാങ്ങാൻ ആളില്ലാതെ അദ്ദേഹത്തിന്റെ വീട്ടിൽ കെട്ടിക്കിടക്കുകയാണ്.
ഒരു കിലോക്ക് 80 രൂപയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കുറെയധികം ഒന്നിച്ച് വാങ്ങിച്ചാൽ വിലകുറച്ച് കൊടുക്കാമെന്നും അദ്ദേഹം പറയുന്നു.
മണ്ണിന്റെ മണമുള്ള കർഷകരെ അപൂർവമായി കാണുന്ന ഈ കാലത്തും ബാങ്കിൽനിന്ന് ലോണെടുത്ത് കൃഷി ചെയ്ത് അവസാനം തിരിച്ചടക്കാൻ ഗത്യന്തരമില്ലാതെ കർഷകൻ ആത്മഹത്യയിലേക്ക് പോകുന്ന ഈകാലത്തും എലുമ്പനെപോലെയുള്ള കർഷകരെ സഹായിക്കണമെന്നാണ് കർഷകർ പറയുന്നത്. കപ്പ ആവശ്യമുള്ളവർക്ക് 7034076843, 9497041796 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.