ചൂടപ്പം പോലെ വിറ്റ് മലയോരത്തെ മുണ്ടകന്‍ വൈക്കോല്‍
text_fieldsകൊടകര: മലയോരത്ത് കൊയ്ത്തുകഴിഞ്ഞ മുണ്ടകന്പാടങ്ങളില്നിന്ന് വൈക്കോല്‍ ശേഖരിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. വൈക്കോൽ അതിവേഗം വിറ്റുപോകുന്നുമുണ്ട്. വേനല്‍മഴക്ക് മുമ്പേ കൊയ്തെടുത്തതിനാല് ഇത്തവണ മികച്ച വൈക്കോലാണ് കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. 18 പാടശേഖരങ്ങളുള്ള മറ്റത്തൂരിൽ ഒട്ടുമിക്കയിടത്തും മുണ്ടകന്‍കൊയ്ത്ത് പൂര്‍ത്തിയായി കഴിഞ്ഞു. മഴ നീണ്ടുനിന്നതും ഞാറുകള്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങികിടന്നതും കര്‍ഷകരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും മികച്ച വിളവു തന്നെ ഇത്തവണയും ലഭിച്ചു. വേനല്മഴക്കുമുമ്പേ കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ ഗുണമേന്മയുള്ള വൈക്കോലാണ് ഇത്തവണ കിട്ടിയത്.
മുണ്ടകന്‍ കൊയ്ത്ത് ആരംഭിച്ച സമയത്ത് 300 രൂപ നിരക്കിലാണ് വൈക്കോല്‍ കെട്ടുകള്‍ വിറ്റുപോയത്. ഇപ്പോള്‍ കെട്ടിന് 250 രൂപ ലഭിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും മുണ്ടകന്‍ വൈക്കോല്‍ വാങ്ങാൻ ആളുകള്‍ മലയോരത്തെത്തുന്നുണ്ട്. കൊയ്ത്തിനുശേഷം പാടങ്ങളില്‍ തന്നെ ഉണക്കാനിടുന്ന വൈക്കോല്‍ പിന്നീട് പാടത്തു തന്നെ യന്ത്രസഹായത്തോടെ ചുരുട്ടി കെട്ടുകളാക്കിയാണ് വിൽപന നടത്തുന്നത്. യന്ത്രമുപയോഗിച്ച് വൈക്കോല്‍ ചുരുട്ടിക്കെട്ടുന്നതിന് കെട്ട് ഒന്നിന് 35 രൂപയാണ് നിരക്ക്.
പ്രാദേശികമായി ലഭ്യമല്ലാത്തതിനാല്‍ വൈക്കോല്‍ ചുരുട്ടുന്ന യന്ത്രം ദൂരസ്ഥലങ്ങളില്നിന്നാണ് മറ്റത്തൂരിലേക്ക് കൊണ്ടുവരുന്നത്. ഒരു ഹെക്ടറില്‍നിന്ന് ശരാശരി 180 കെട്ട് വൈക്കോലാണ് ഇത്തവണ കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇതത്രയും പ്രാദേശികമായി തന്നെ വിറ്റഴിയുന്നുണ്ട്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെത്തിയാണ് ആവശ്യക്കാര്‍ വൈക്കോല്‍ വാങ്ങിക്കൊണ്ടുപോകുന്നത്. കന്നുകാലികളെ വളർത്തുന്ന വീടുകളിലേക്കും ഫാമുകളിലേക്കുമാണ് വൈക്കോല്‍ കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.