റബർ കർഷകരുടെ ആവശ്യങ്ങൾക്ക് ഒറ്റക്കെട്ടായി ശബ്ദമുയർത്തണം -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: ആറളം ഫാമിലെ കൈവശക്കാർക്ക് മൂന്ന് മാസത്തിനകം ഭൂമിയുടെ കൈവശാവകാശ രേഖ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിൽ പറഞ്ഞു. ആറളം ഫാമിൽ ഭൂമി നൽകിയവരിൽ ചിലർ കിട്ടിയ ഭൂമി ഉപേക്ഷിച്ചു. ഇവർക്ക് നോട്ടീസ് നൽകി കൈവശാവകാശ രേഖ റദ്ദാക്കി നിലവിലെ കൈവശക്കാർക്ക് മൂന്ന് മാസത്തിനുള്ളിൽ ഭൂമി നൽകും.
കേരളത്തിലെ റബർ കർഷകരുടെ ആവശ്യങ്ങളോട് സർക്കാർ യോജിക്കുന്നു. സംസ്ഥാനത്തെ റബർ കർഷകർക്ക് സഹായകരമായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാറിന്റെ സമീപനത്തിൽ മാറ്റം വന്നിട്ടില്ല. റബർ ബോർഡും കേരളത്തിലെ കർഷകരെ അവഗണിക്കുകയാണ്. ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസി ഗോത്ര മൂപ്പൻ, സാഹിത്യകാരൻമാർ, മതപുരോഹിതർ, മതപണ്ഡിതർ, ബിസിനസുകാർ, കായിക താരങ്ങൾ, കലാകാരൻമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ കണ്ണൂർ ബർണശ്ശേരി ഇ.കെ. നായനാർ അക്കാദമിയിലെ പ്രഭാതയോഗത്തിൽ പങ്കെടുത്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് ഏതൊരു ആദർശത്തിനായാണോ നവകേരളയാത്ര നടത്തുന്നത് ആ യാത്ര സഫലമാകട്ടെ എന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു.
അദ്ദേഹം താമസിക്കുന്ന ഹൗസിങ് കോളനിയിലെ കുടിവെള്ള പ്രശ്നം മന്ത്രി റോഷി അഗസ്റ്റിന്റെ മുന്നിൽ ഉന്നയിച്ച് പരിഹാരം തേടുകയും ചെയ്തു. പ്രശ്നം പരിഹരിക്കാമെന്ന് ടി. പത്മനാഭന് മന്ത്രി ഉറപ്പുനൽകി.
കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന സംഭവമാണ് നവകേരള സദസ്സെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു. സാഹിത്യകാരൻ എം. മുകുന്ദൻ, കണ്ണൂർ രൂപത ബിഷപ് അലക്സ് വടക്കുംതല, സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രതിനിധി ഷെരീഫ് ബാഖവി വേശാല, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി ആർ.പി. ഹുസൈൻ.
സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, മുൻ ശബരിമല മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി, ഡെമോക്രാറ്റിക് ട്രാൻസ്ജെൻഡർ ഫെഡറേഷൻ ഓഫ് കേരള ജില്ല സെക്രട്ടറി എമി ഷാരോൺ, സങ്കീർത്തന ദിനേശ്, നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ. രമേശ് കുമാർ, ഫുട്ബാൾ താരം സി.കെ. വിനീത്, ആറളം ഫാമിലെ ഗോത്ര നേതാവ് ഗോപാലൻ മൂപ്പൻ, വ്യവസായി പി.കെ. മായിൻ മുഹമ്മദ്, ടീം ഹിസ്റ്റോറിക്കൽ ൈഫ്ലറ്റ് ജനറൽ കൺവീനർ ജയദേവൻ, ഡോ.കെ. മായ, അബ്ദുൽഖാദർ പനക്കാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.