ഇത് ഡോക്ടറുടെ ഡെയറി ഫാം
text_fieldsവെറ്ററിനറി ഡോക്ടർമാർക്ക് പശുത്തൊഴുത്തിൽ എന്താണ് കാര്യം എന്ന ചോദ്യത്തിന് പൊതുവേയുള്ള മറുപടി പശുക്കളുടെ ചികിത്സ എന്നാവും. എന്നാൽ, ആ ചോദ്യം ഡോ. വി. രമയോടാണെങ്കിൽ പശുക്കളുടെ ചികിത്സ മാത്രമല്ല, പശുക്കളെ കുളിപ്പിക്കുന്നതുമുതൽ കറവ വരെ തൊഴുത്തിൽ ചെയ്തുതീർക്കാൻ തനിക്ക് നിരവധി ജോലിയുണ്ടെന്നാവും മറുപടി. കാരണം വെറ്ററിനറി ഡോക്ടർമാർക്കിടയിലെ ക്ഷീരകർഷകയാണ് കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം രാജു നിവാസിൽ ഡോ. വി. രമ.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽനിന്ന് 30 വർഷത്തെ സേവനത്തിനുശേഷം ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽനിന്ന് വിരമിച്ച ഡോ. വി. രമ, തന്റെ സർക്കാർ സർവിസ് കാലമടക്കം കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ക്ഷീരമേഖലയിൽ സജീവമാണ്.
പത്ത് കറവപ്പശുക്കളും എട്ട് കിടാരികളും ഇപ്പോൾ രമയുടെ ഫാമിലുണ്ട്. ലിറ്ററിന് 60 രൂപ നിരക്കിലാണ് പ്രാദേശിക പാൽ വിപണനം. വെറ്ററിനറി ഡോക്ടറുടെ ഫാമിൽ നിന്നുള്ള പശുക്കളുടെ പാലിന് ആവശ്യക്കാർ ഏറെ. പ്രാദേശിക വിപണനം കൂടാതെ പ്രതിദിനം 70 ലിറ്ററോളം പാൽ ക്ഷീരസംഘത്തിലും നൽകുന്നു.
ഇക്കഴിഞ്ഞ സാമ്പത്തികവർഷം കാൽ ലക്ഷത്തിലധികം ലിറ്റർ പാലാണ് ക്ഷീരസംഘത്തിൽ അളന്നത്. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ഇത്തവണത്തെ കൊല്ലം ജില്ലയിലെ മികച്ച ക്ഷീരസഹകാരിക്കുള്ള പുരസ്കാരങ്ങളിലൊന്ന് ഡോ. രമക്കായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഈ അംഗീകാരം രമയെ തേടിയെത്തുന്നത്. അന്താരാഷ്ട്ര വനിത ദിനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയും ഡോ. വി. രമയെ അംഗീകാരം നൽകി ആദരിച്ചിരുന്നു.
ഡെയറി ഫാമിങ്ങിൽ പഠിപ്പും പരിചയമുള്ള വെറ്ററിനറി ഡോക്ടറായതുകൊണ്ടുതന്നെ ഡോ. രമയുടെ ഫാമിൽ ശാസ്ത്രീയ പരിപാലനക്രമങ്ങൾക്ക് കുറവേതുമില്ല. പൈക്കൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. തീറ്റപ്പുൽ കൃഷിയുണ്ടെങ്കിൽ ക്ഷീരസംരംഭം തളിർക്കും അല്ലെങ്കിൽ തളരും എന്ന പാൽപോലെ തെളിവുള്ള ക്ഷീരസത്യം രമക്കറിയാം. നേപ്പിയറും കോംഗോ സിഗ്നലും അടക്കം വൈവിധ്യമുള്ള തീറ്റപ്പുല്ലിനങ്ങളാണ് രമയുടെ തീറ്റപ്പുൽ തോപ്പിൽ വളരുന്നത്. ക്ഷീരസംരംഭത്തിൽനിന്ന് അധിക വരുമാനം ഉണ്ടാക്കാവുന്ന മാതൃകകളും ഡോ. രമ തന്റെ സംരംഭത്തിൽ പരീക്ഷിച്ചിട്ടുണ്ട്. ചാണകം ഉണക്കിപ്പൊടിച്ച് ചാക്കിലാക്കി വിൽപന നടത്തുന്ന സംരംഭമാണ് അതിലൊന്ന്.
രമയുടെ കൃഷിമികവ് ക്ഷീരമേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, 12 മലബാറി ആടുകൾ, എൺപതോളം ബി.വി 380 മുട്ടക്കോഴികൾ തുടങ്ങി വേറെയും സംരംഭങ്ങളുണ്ട്. കോഴികളിൽനിന്ന് ദിവസം അറുപതോളം മുട്ട കിട്ടും. എപ്പോൾ വേണമെങ്കിലും വിറ്റ് ഉടനടി വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് ആടുകൾ എന്ന് രമ ഡോക്ടർ പറയുന്നു. നല്ല ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ തേടി ആവശ്യക്കാർ ഫാമിലെത്തും.
പ്രത്യുൽപാദനക്ഷമത, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളര്‍ച്ചനിരക്ക്, പരിപാലനചെലവ് എന്നിവയെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് മലബാറി ആടുകളും മലബാറി സങ്കരയിനങ്ങളും തന്നെയാണ് ഒരുപടി മുന്നില്‍ നില്‍ക്കുന്നതെന്നാണ് ഡോ. രമയുടെ അനുഭവം. 47 സെന്റ് വരുന്ന പുരയിടത്തിലാണ് ഈ സംരംഭങ്ങൾ മുഴുവനും.
ഈ തിരക്കുകൾക്കിടയിലും വെറ്ററിനറി ഡോക്ടർ എന്ന തന്റെ പ്രഫഷനെ രമ മറന്നിട്ടില്ല. സമയം കണ്ടെത്തി കർഷകരുടെ വീടുകളിലെത്തി വളർത്തുമൃഗങ്ങൾക്ക് ചികിത്സ നൽകും. അതുകൊണ്ടുതന്നെ കല്ലുവാതുക്കൽ പാമ്പുറം മേഖലയിൽ ജനകീയ വെറ്ററിനറി ഡോക്ടർ എന്ന പെരുമ രമക്കുണ്ട്. മിക്ക ക്ഷീരസംരംഭകരും ചെയ്യുന്നതുപോലെ ഫാമിലേക്ക് പുതിയ പൈക്കളെ വാങ്ങാൻ അന്യസംസ്ഥാനങ്ങളിലേക്ക് പോവുന്ന പതിവ് രമക്കില്ല, പകരം ചികിത്സാസേവനങ്ങൾ നൽകാൻ കർഷകരുടെ വീടുകളിൽ എത്തുമ്പോൾ മികച്ച പശുക്കളെ കണ്ടാൽ മോഹവില നൽകി വാങ്ങി തന്റെ ഫാമിലെത്തിക്കുന്നതാണ് രീതി.
അന്യസംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്ന പശുക്കളിൽ രോഗനിരക്ക് കൂടുതലായതും കേരളത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാതെ ഉൽപാദനം കുറയുന്നതുമെല്ലാമാണ് ഈ രീതി സ്വീകരിക്കാനുള്ള കാരണം.
കൊല്ലം ജില്ലയിലെ പ്രമുഖ ഇടത് കർഷക സംഘടനാ നേതാവ് കൂടിയായ ഭർത്താവ് പി.വി. സത്യൻ ഡോ. രമക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.