സ്ട്രോബറി തോട്ടത്തിൽ നിറയുന്ന സൗഹൃദ മധുരം
text_fieldsമറയൂർ: സുഹൃത്തുക്കളായ യുവാക്കളുടെ പ്രയത്നത്തിൽ മറയൂർ മലനിരകളിലെ 12 ഏക്കറിൽ സ്ട്രോബറി വസന്തം. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ സ്ട്രോബറി ഫാമാണ് ഐ.ടി ബിരുദധാരിയായ തൃശൂർ മുപ്പുളിയം പാറക്കൽ വീട്ടിൽ ഡിബിനും മുത്തേരിക്കര കീഴ്പുള്ളി വീട്ടിൽ പ്രദീപ് ശ്രീധരനും ചേർന്ന് കാന്തല്ലൂർ പെരുമലയിൽ ഒരുക്കിയിരിക്കുന്നത്.
മറ്റ് മേഖലകളിലെ ജോലികൾ സമയത്തോടുള്ള പോരാട്ടവും മാനസികമായി സമ്മർദം സൃഷ്ടിക്കുന്നതുമാണെന്നാണ് ഇവരുടെ പക്ഷം. എന്നാൽ, തൊഴിലിലെ സ്വാതന്ത്ര്യത്തിന് പുറമെ വാണിജ്യാടിസ്ഥാനത്തിൽ ചെയ്താൽ നല്ല ലാഭവും ഉറപ്പാക്കുന്ന സംരംഭമാണ് ഇവരെ സംബന്ധിച്ചിടത്തോളം കൃഷി. മൂന്ന് വർഷം മുമ്പ് കാന്തല്ലൂരിലെത്തിയ ഇരുവരും സുഹൃത്തുക്കൾ വഴി കൃഷിക്ക് അനുയോജ്യമായ കാന്തല്ലൂർ പെരുമലയിൽ തരിശായി കിടന്ന 12 ഏക്കർ പാട്ടത്തിനെടുക്കുകയായിരുന്നു.
ആദ്യം കൃഷി ചെയ്യാൻ ഒരുങ്ങിയപ്പോൾ ലോക് ഡൗൺ ശരിക്കും ബാധിച്ചു. രണ്ടാമത് ലോക്ഡൗണിനെ അവഗണിച്ച് കൃഷിയിറക്കി. എന്നാൽ വൻ സാമ്പത്തിക നഷ്ടമായിരുന്നു ഫലം. പക്ഷേ, പിൻമാറാൻ ഡിബിനും പ്രദീപും ഒരുക്കമായിരുന്നില്ല. സ്ട്രോബറി തൈകൾ എത്തിച്ച് കൃഷി തുടങ്ങി. ഇരുവരുടെയും അധ്വാനവും ആത്മസമർപ്പണവും കൂടിയായപ്പോൾ നൂറുമേനി വിളവ്.
യു.എസ്.എ, ഇറ്റലി, ഈജിപ്ത് എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിച്ച സ്ട്രോബറി തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. തട്ടുതട്ടായുള്ള ഭൂമിയിൽ നിലം ഒരുക്കി തുള്ളി നനയ്ക്കുള്ള ഹോസുകൾ ഘടിപ്പിച്ച് മുകളിൽ പ്ലാസ്റ്റിക് വിരിച്ച് അതിൽ ദ്വാരമിട്ടാണ് തൈകൾ നടുന്നത്. ഒരു തൈയിൽ നിന്ന് ഒരു കിലോ വരെ കായ്ഫലം ലഭിക്കും.
കഴിഞ്ഞ മാസം സ്ട്രോബറി പഴങ്ങൾ വിപണിയിൽ എത്തിച്ച് തുടങ്ങി. വിനോദസഞ്ചാരികളാണ് ആവശ്യക്കാരിൽ കൂടുതലും. അവർ തോട്ടത്തിലെത്തി നേരിട്ട് കണ്ടു വാങ്ങുകയാണ്. സ്ട്രോബറി ജാം, ജ്യൂസ് എന്നിവയും ലഭിക്കും, ഒരു കിലോ പഴത്തിന് 600 രൂപയാണ്. ഒരു കിലോ ജാമിന് 940 രൂപയും ഒരു ഗ്ലാസ് ജ്യൂസിന് 60 രൂപയും.തുടർച്ചയായി വിളവെടുക്കാവുന്ന തരത്തിൽ മാസങ്ങളുടെ വ്യത്യാസത്തിലാണ് തൈകൾ നട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.