ഹരിതരശ്മി തിളങ്ങുന്നു; വട്ടവടയിൽ വൻ വിളവെടുപ്പ്
text_fieldsമറയൂർ: ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് കർഷകരെ മുക്തരാക്കുകയെന്ന ലക്ഷ്യത്തോടെ വട്ടവടയിൽ സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് വഴി നടപ്പിലാക്കുന്ന ഹരിതരശ്മി പദ്ധയിലൂടെ നൂറുമേനി വിളയിച്ച് കർഷകർ. വളവും വിത്തും സൗജന്യമായി കർഷകർക്ക് ലഭ്യമാക്കിയായിരുന്നു പദ്ധതിക്ക് തുടക്കംകുറിച്ചത്.
വയനാട്, ഇടുക്കി ജില്ലകളിലാണ് ഹരിതരശ്മി പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വയനാട്ടിൽ 3000 കർഷകരും ഇടുക്കിയിൽ 1000 കർഷകരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. വട്ടവട പഞ്ചായത്തിലെ സ്വാമിയാറളക്കുടി, കൂടല്ലാർകുടി, വത്സപ്പെട്ടിക്കുടി തുടങ്ങിയ മൂന്ന് കുടികളിൽനിന്നുള്ള 322പേരാണ് ഹരിതരശ്മി പദ്ധതിയുടെ ഭാഗമായി ഇത്തവണ കൃഷിയിറക്കിയത്. വിൽപനക്കുള്ള വിപണി കണ്ടെത്താനും ഇവർ പിന്തുണ നൽകും. പദ്ധതിയിലൂടെ കൃഷിയിറക്കിയ പച്ചക്കറികൾ നൂറുമേനി വിളവ് നൽകിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ്, കാബേജ്, ബീൻസ്, കാരറ്റ് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കർഷകർ പദ്ധതിയിലൂടെ വിളയിച്ചെടുത്തിട്ടുള്ളത്. വിളവെടുപ്പിന്‍റെ ഭാഗമായി വട്ടവടയില്‍ യോഗം ചേരുകയും പദ്ധതിയുടെ അവലോകനം നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന കോഓഡിനേറ്റര്‍ ടി.ജി. അനില്‍, ജില്ല കോഓഡിനേറ്റര്‍ ടിജോ ജോസഫ്, വി.കെ. കല്ലുള്ള, അസ്ലം പി. ഇല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.