14 വിളകൾക്ക് താങ്ങുവില കൂട്ടി
text_fieldsന്യൂഡൽഹി: നെല്ല്, പരുത്തി, സോയാബീൻ, നിലക്കടല, ചോളം, ബജ്റ, റാഗി തുടങ്ങി 14 ഖാരിഫ് വിളകളുടെ ചുരുങ്ങിയ താങ്ങുവില വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഉൽപാദന ചെലവിന്റെ 150 ശതമാനം കർഷകർക്ക് കിട്ടുന്ന തരത്തിലാണ് താങ്ങുവില നിശ്ചയിച്ചതെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. എണ്ണക്കുരുക്കൾക്കും എള്ളിനുമാണ് താങ്ങുവിലയിൽ കൂടുതൽ വർധനയെന്നും നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 5.35 ശതമാനം വർധിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചുരുങ്ങിയ താങ്ങുവിലക്ക് നിയമപ്രാബല്യം ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് അക്കാര്യത്തിൽ തീരുമാനമെടുക്കാതെ 2024- 25 സീസണിലേക്കുള്ള ഖാരിഫ് വിളകളുടെ താങ്ങുവില നിശ്ചയിച്ചത്.
ക്വിന്റലിന് 2183 രൂപയായിരുന്ന നെല്ലിന്റെ താങ്ങുവില 117 രൂപ വർധിപ്പിച്ചതോടെ 2300 ആകും. നെല്ല് ഗ്രേഡ് എക്കും 117 രൂപ കൂട്ടി 2203 രൂപയിൽനിന്നും 2320 ആക്കി.
പരുത്തിയുടെ രണ്ട് വകഭേദങ്ങൾക്ക് 501 രൂപ വീതം വർധിപ്പിച്ച് യഥാക്രമം 7121 രൂപയും 7521 രൂപയുമാക്കി. നിലക്കടലയുടെ താങ്ങുവില 406 രൂപ വർധിപ്പിച്ചു. ഇതോടെ ക്വിന്റലിന് 6783 രൂപയാകും. പരിപ്പിന്റെ വകഭേദങ്ങൾക്ക് 124 രൂപ മുതൽ 550 രൂപവരെയാണ് വർധന. മറ്റു വിളകളുടെ താങ്ങുവില, പഴയ താങ്ങുവില ബ്രാക്കറ്റിൽ: നിലക്കടല 6783 രൂപ (6377), സൺഫ്ലവർ സീഡ് 7280 രൂപ (6760), സോയാബീൻ 4892 രൂപ (4600), എള്ള് 9267 രൂപ (8635), ബജ്റ 2625 രൂപ (2500), റാഗി 4290 രൂപ (3846), ചോളം 2225 രൂപ (2090), അരിച്ചോളം 3371 രൂപ (3180).
മൂന്നാം മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് കൽപിക്കുന്നതെന്നും ഈ തീരുമാനത്തോടെ കര്‍ഷകര്‍ക്ക് രണ്ടുലക്ഷം കോടി രൂപ താങ്ങുവിലയായി ലഭിക്കുമെന്നും കഴിഞ്ഞ കാലത്തേക്കാൾ 35,000 കോടി രൂപ കൂടുതലാണിതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.