കൊടുംചൂടിൽ മലയോരം കരിയുന്നു; കാർഷിക മേഖലക്ക് കനത്ത ആഘാതം
text_fieldsചെറുതോണി: കൊടുംചൂടിൽ ഹൈറേഞ്ച് വിയർക്കുന്നു. കടുത്ത സൂര്യതാപമേറ്റ് മലയോര മേഖലയിലെ ഭൂഗർഭ ജല വിതാനംആശങ്കാജനകമായി താഴ്ന്നു കൊണ്ടിരിക്കുന്നു. വേനൽ നീണ്ടുനിൽക്കുമെന്ന് സൂചനയുള്ളതിനാൽ കൃഷിയിടങ്ങൾ വരണ്ടുണങ്ങി ഊഷരഭൂമിയാകുമെന്ന ആശങ്കയിലാണ് കർഷകർ.
കാർഷിക മേഖലക്ക് പുറമെ പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തി പുൽമേടുകളിലും വന പ്രദേശങ്ങളിലും വേനലിന്റെ രൂക്ഷത മൂലം കാട്ടുതീയും വ്യാപകമായി പൊതുവേ മിതമായ കാലാവസ്ഥ അനുഭവപ്പെട്ടിരുന്ന ജില്ല ആസ്ഥാനത്തും ഇപ്പോൾ അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താപനിലയിൽ നാല് മുതൽ ആറ് ഡിഗ്രി സെൽഷ്യൽ ചൂടിന്റെ വൃതിയാനമാണുണ്ടായിക്കൊണ്ടിരിക്കുന്നത്.
രാവിലത്തെ പ്രത്യേകതയായിരുന്ന ചെറിയ തോതിലുള്ള തണുപ്പുമാറി ഇപ്പോൾ രാവിലെ രേഖപ്പെടുത്തുന്ന കുറഞ്ഞ താപനിലയിലും വർധന പ്രകടമായിട്ടുണ്ട്. മലയോര മേഖലയിൽ അത്യുഷ്ണം അനുഭവപ്പെടാൻ തുടങ്ങിയതിന് പലവിധ കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വനമേഖലയിലും തോട്ടംമേഖലയിലുമുണ്ടായിരുന്ന വൻമരങ്ങൾ വെട്ടി നീക്കപ്പെട്ടതിനാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ അപകടത്തിലായി.
ഇതുകൂടാതെ പൊതുവായി ഉണ്ടായ കാലാവസ്ഥ വൃതിയാനം ഇപ്പോൾ ഹൈറേഞ്ചിനേയും ഉഷ്ണമേഖലയായി മാറ്റി. ശൈത്യ മേഖലയിൽ പോലും ഇതുമൂലം ചൂടിന്റെ കാഠന്യം വർധിച്ചുതുടങ്ങി. ചൂട് ശക്തമായതോടെ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലായി മിക്ക ഗ്രാമങ്ങളും. കുളങ്ങളിലും കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി. വേനൽ ശക്തമാകുന്നതിന് മുമ്പ് ലഭിച്ച മഴയിൽ നിന്ന് പരമാവധി ജലംസം ഭരിക്കണമെന്ന് കാലാവസ്ഥ വിദഗ്ധരും കൃഷി വിദഗ്ധരും മുന്നറിയിപ്പുനൽകിയിരുന്നു.
എന്നാൽ പലരും ജലം സംഭരിച്ചില്ല ജലക്ഷാമം രൂക്ഷമായതോടെ ടൈഫോയിഡു പോലെയുള്ളരോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിട്ടുന്ന ജലം പരമാവധി ശുചീകരിച്ച് ഉപയോഗിക്കണമെന്നാണു നിർദ്ദേശം. കാർഷിക വിളകളേയും വേനലിന്റെ കാഠിന്യം ബാധിച്ചുകഴിഞ്ഞു. ഏലം, തേയില, കാപ്പി, പച്ചക്കറി തുടങ്ങിയ വിളകളിലാണ് വേനലിന്റെ രൂക്ഷത കനത്ത ആഘാതമേൽപ്പിച്ചിരിക്കുന്നത്. നല്ല രീതിയിൽ ജലസേചനം വേണ്ടി വരുന്ന കാർഷിക വിളയാണ് ഏലം. ജലക്ഷാമം രൂക്ഷമായതോടെ ഇപ്പോൾ ഭാഗികമായിട്ടേ ജലസേചനം നടക്കുന്നുള്ളുവെന്ന് ഏലം കർഷകർ പറയുന്നു.
ഈ വർഷം ഉൽപ്പാദനത്തിൽ കാര്യമായ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. മറ്റു കൃഷികളിലും വേനൽ ശക്തമായ തോതിൽ തന്നെ ബാധിക്കുമെന്ന് കൃഷി ഓഫീസർമാർ മുന്നറിയിപ്പുനൽകുന്നുണ്ട്. വേനൽ രൂക്ഷമായതോടെ കാട്ടുതീയും വ്യാപകമായി കൃഷിയിടങ്ങൾ ഉൾപ്പെടെ ഏക്കർകണക്കിന് സ്ഥലങ്ങൾ കാട്ടുതീയിൽ ചാമ്പലായി. വേനൽ രൂക്ഷമായതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ വന്യമൃഗങ്ങൾ കാടിറങ്ങി വന്ന് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.