നിലമൊരുക്കി നെൽകർഷകർ കാത്തിരിക്കുന്നു, പക്ഷെ വിത്ത് കിട്ടാനില്ല
text_fieldsഉദയനാപുരം: നെൽവിത്ത് ലഭിക്കാതെ കർഷകർ. ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പള്ളി, കണ്ടങ്കേരി ബ്ലോക്കുകളിലെ 325 ഏക്കർ നിലത്തിൽ നിലമൊരുക്കി കാത്തിരിക്കുന്ന കർഷകർക്കാണ് വിത്ത് ലഭിക്കാത്തതിനെ തുടർന്ന് വിത വൈകുന്നത്. വൻതുക ചെലവഴിച്ച് ഒരുക്കിയ നിലത്തിൽ ആമ്പലും പുല്ലും വളർന്ന് നിറയുകയാണ്. കാർഷിക മേഖലയുടെ വികസനത്തിന് പഞ്ചായത്ത് മതിയായ തുക നീക്കിവെക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ ആരോപിച്ചു.
സമീപ പഞ്ചായത്തുകളിൽ ഇതിനകം വിത്തും വളവും കുമ്മായവും നൽകിക്കഴിഞ്ഞു. പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന നാട്ടുതോടുകൾ മിക്കതും മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ച സ്ഥിതിയിലാണ്. പാടത്തുനിന്ന് വെള്ളം പമ്പുചെയ്ത് പുറന്തള്ളാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും തോടുകളിലെ നീരൊഴുക്ക് ശക്തമല്ലാത്തതിനാൽ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നില്ല.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നെൽവിത്ത് ഉടൻ ലഭ്യമാക്കാനും തോടുകളിലെ മാലിന്യം നീക്കി നീരൊഴുക്ക് ശക്തമാക്കാനും നടപടി സ്വീകരിക്കുമെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു. 11.5 ക്വിന്റൽ നെൽവിത്താണ് കർഷകർക്ക് വിതരണം ചെയ്യേണ്ടത്. നെൽവിത്ത് ലഭ്യമാക്കാനുള്ള നടപടികൾ ത്വരിതഗതിയിൽ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.