ഈ പാടത്ത് കതിരിടും പലയിനം നെല്ലിനങ്ങൾ
text_fieldsതൊടുപുഴ: ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ആലോചിച്ചുതുടങ്ങിയപ്പോൾ പരീക്ഷണമെന്ന നിലക്കാണ് ജോർജ് നെൽകൃഷിയിലേക്ക് തിരിഞ്ഞത്. പാട്ടെത്തിനെടുത്ത നാലേക്കറിൽ തുടങ്ങിയ കൃഷി പത്തേക്കറായി വളർന്നപ്പോൾ നാടൻ നെല്ലിടങ്ങളുടെ വിളനിലമായി തൊടുപുഴ ചെമ്പരത്തിക്കൽ സണ്ണി എന്ന കെ.എം. ജോർജിന്‍റെ കൃഷിയിടം മാറി. അന്യംനിന്ന് പോകുന്ന നെൽവിത്തുകൾ സംരക്ഷിക്കാനും കൃഷി പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ട് ഇദ്ദേഹം നടത്തിയ ശ്രമങ്ങൾ തുടങ്ങുന്നത് 2015 മുതലാണ്.
പാരമ്പര്യമായി കൃഷി ചെയ്തിരുന്നെങ്കിലും ഏറെക്കാലം കൺസ്ട്രക്ഷൻ ജോലിയിലാണ് ജോർജ് ഏർപ്പെട്ടിരുന്നത്. ഇതിനിടെ വാഴയും പച്ചക്കറിയും കൃഷിചെയ്തിരുന്നെങ്കിലും പലപ്പോഴും ഉൽപന്നങ്ങൾക്ക് വിലയിടിവ് നേരിട്ടതോടെ കൃഷി ഉപേക്ഷിക്കേണ്ടിവന്നു. ഏഴുവർഷം മുമ്പാണ് നല്ല ഭക്ഷണശീലങ്ങൾ ഉണ്ടാക്കിയെടുക്കണമെന്ന ആലോചന കയറുന്നത്.
അതോടെ നെൽകൃഷി തന്നെ തുടങ്ങാൻ തീരുമാനിച്ചു. നെൽകൃഷിയെക്കുറിച്ചുള്ള അറിവും പൂർവികരിൽനിന്ന് ലഭിച്ച അനുഭവസമ്പത്തും കൈമുതലാക്കി ആദ്യം നാലേക്കറിലായിരുന്നു ആരംഭം. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും അന്തർ സംസ്ഥാനങ്ങളിൽ നിന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട കർഷകരിൽ നിന്നും വിത്തുകൾ ശേഖരിച്ച് നാടൻ നെല്ലിനങ്ങൾ നല്ല വിളവ് നൽകിത്തുടങ്ങിയതോടെ ആത്മവിശ്വാസമായി. പലയിടങ്ങളിൽ നിന്നും വിവിധ ഇനങ്ങളെക്കുറിച്ച് പഠിച്ച് ഇവ എത്തിച്ച് നെൽകൃഷി കൂടുതൽ പ്രായോഗികമാക്കിയതോടെ വയലിൽ പൊന്നുവിളഞ്ഞു. തൊണ്ടി, പാൽതൊണ്ടി, ചമ്പാവ്, തെക്കൻ, രക്തശാലി തുടങ്ങിയ ഇനങ്ങളൊക്കെ വയലിൽ പലയിടങ്ങളിലായി കതിരിട്ടുകൊണ്ടിരുന്നു. ജൈവ അരി തേടി കൂടുതൽ ഉപഭോക്താക്കൾ വന്നപ്പോൾ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. പരമ്പരാഗത രീതിയാണ് കൃഷിക്ക് പിൻപറ്റിയത്.
കീടങ്ങളുടെ ആക്രമണം കാര്യമായി ഉണ്ടായിട്ടില്ല. പാടത്ത് പന്തംകൊളുത്തി ചാഴിയുടെ ആക്രമണം തടയും. യന്ത്രങ്ങൾ ഇറക്കാൻ പറ്റാത്തതിനാൽ തൊഴിലാളികൾ നേരിട്ട് കൊയ്യുകയാണ് പതിവ്.
ചാണകം, ചാരം, വേപ്പിൻപിണ്ണാക്ക്, കോഴിവളം എന്നിങ്ങനെ ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. അന്തർ സംസ്ഥാനക്കാരായ തൊഴിലാളികളാണ് വിത്ത് വിതക്കുന്നതുമുതൽ കൊയ്യുന്നതുവരെ ഒപ്പമുള്ളത്. തൊടുപുഴ മാർക്കറ്റ് വഴിയും ഓൺലൈൻ വഴിയുമൊക്കെ അരി വിതരണം ചെയ്യുന്നുണ്ട്. സ്വന്തം കൃഷിയിടത്തിലെ അരിയും പച്ചക്കറികളുമാണ് ജോർജും കുടുംബവും വർഷങ്ങളായി ഭക്ഷണത്തിനൊപ്പം ഉപയോഗിക്കുന്നത്.
കോവിഡിനുശേഷം നെൽകൃഷി നാലേക്കറിലേക്ക് ചുരുങ്ങിയെങ്കിലും നഗരസഭയുടെയു കൃഷിവകുപ്പിന്‍റെയുമൊക്കെ സഹായമുണ്ടെങ്കിൽ കൂടുതൽ സ്ഥലത്തേക്ക് നെൽകൃഷി വ്യാപിപ്പിച്ച് പൊന്ന് വിളയിക്കാൻ കഴിയുമെന്ന് ജോർജ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.