നിയന്ത്രണം ഫലംകാണുന്നു; കിളിമീൻ ഉൽപാദനം 41 ശതമാനം കൂടിയെന്ന് പഠനം
text_fieldsകൊച്ചി: ചെറുമീൻ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗൽ സൈസ് (എം.എൽ.എസ്) നിയന്ത്രണം നടപ്പാക്കിയതിനുശേഷം കിളിമീൻ ഉൽപാദനം 41 ശതമാനം കൂടിയതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പഠനം. ചെറുമീൻപിടിത്തത്തിന് ഏറ്റവും കൂടുതൽ വിധേയമായ മത്സ്യയിനമാണ് കിളിമീൻ. കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഗുണഭോക്തൃ ശിൽപശാലയിലാണ് പഠനം അവതരിപ്പിച്ചത്.
കിളിമീൻ, മത്തി, കൂന്തൽ, അരണമീൻ, കറൂപ്പ് എന്നിവയുടെ ചെറു മത്സ്യബന്ധനം കാരണം ഏഴ് വർഷത്തിനുള്ളിൽ 1777 കോടി യുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചെറുമീൻ പിടിത്തം കാരണം ഈ അഞ്ച് മത്സ്യയിനങ്ങളുടെ ശരാശരി വാർഷിക നഷ്ടം 216 കോടിയാണെന്നും പഠനം ചൂണ്ടിക്കാട്ടി. എറണാകുളം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ നടത്തിയ പഠനത്തിൽ കോവിഡിന് ശേഷം ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവക്കായി മത്സ്യത്തൊഴിലാളികളുടെ ഉപഭോഗചെലവിൽ കുറവ് വന്നതായി കണ്ടെത്തി. എറണാകുളം ജില്ലയിൽ 34 ശതമാനവും ആലപ്പുഴയിൽ 13 ശതമാനവും മലപ്പുറത്ത് 11 ശതമാനവുമാണ് കുറവ്. മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. ഗ്രിൻസൻ ജോർജ് അധ്യക്ഷത വഹിച്ചു. ഗവേഷണഫലങ്ങൾ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.എം. നജ്മുദ്ദീൻ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.