കാലം തെറ്റി പെയ്തിറങ്ങി മഴ; കതിരല്ല, കരിയുന്ന മോഹമാണ്...
text_fieldsഒറ്റപ്പാലം: കാലംതെറ്റി പെയ്ത മഴ നെൽകർഷകരെ കണ്ണീരിലാഴ്ത്തുന്നു. പ്രതിസന്ധികൾ അതിജീവിച്ച് കൊയ്ത്തിന്റെ വക്കോളമെത്തിയ വേളയിൽ ഒരാഴ്ച മുമ്പ് പെയ്തിറങ്ങിയ മഴയാണ് കർഷകർക്ക് ഇരുട്ടടി സമ്മാനിച്ചത്. നിറകതിരുമായി നിന്നിരുന്ന നെൽച്ചെടികൾ വ്യാപകമായി നിലം പൊത്തിയ നിലയിലാണ്. മഴയിൽ പാടശേഖരങ്ങളിൽ പലതിലും വെള്ളം കെട്ടിനിൽക്കുകയാണ്. ഇതേ നില തുടർന്നാൽ മണ്ണിലടിഞ്ഞ നെൽക്കതിരുകൾ മുളപൊട്ടാൻ അധിക ദിവസം വേണ്ടെന്ന് കർഷകർ പറയുന്നു.
കൊയ്ത്തുയന്ത്രം പറഞ്ഞേൽപ്പിച്ച കർഷകർ ശേഷിക്കുന്ന വിള കൊയ്തെടുക്കാൻ അതിഥി തൊഴിലാളികളെ തേടുകയാണിപ്പോൾ. പ്രാദേശിക കർഷക തൊഴിലാളികൾക്ക് പഞ്ഞം നേരിട്ടതോടെ ആശ്രയം ഇതരസംസഥാന തൊഴിലാളികളായിരുന്നു. കൊയ്ത്തുയന്ത്രങ്ങൾ പ്രചാരത്തിലായതോടെ ഇവരെ ഒഴിവാക്കി. നിലംപൊത്തിയ നെൽച്ചെടികൾ കൊയ്തെടുക്കാൻ യന്ത്രങ്ങൾക്കാവില്ലെന്നതാണ് പ്രശ്നമാകുന്നത്. യന്ത്രസംവിധാനത്തിൽ കൊയ്ത്തും മെതിയും ഒരുമിച്ച് കഴിയുമെന്നതും സൗകര്യമാണ്. എന്നാൽ തൊഴിലാളികളെ നിയോഗിച്ച് നടത്തുന്ന വിള കൊയ്യൽ സമയനഷ്ടവും അധിക ചെലവും പതിവാണ്.,മെതിക്കളവും കണ്ടെത്തേണ്ടതുണ്ട്.
മെതിക്കളങ്ങളിലേക്ക് കറ്റകൾ തലച്ചുമടായി എത്തിച്ചുവേണം മേതി നടത്താൻ എന്നത് കൂടുതൽ പ്രയാസമുണ്ടാക്കുന്നു. ഈറനണിഞ്ഞ വൈക്കോലിന് ആവശ്യക്കാരെ കണ്ടെത്തിയാൽ തന്നെ കുറഞ്ഞ വിലയേ ലഭിക്കൂ. മൂപ്പെത്താത്ത നെൽച്ചെടികൾ വീണ് പൂർണമായ വിളനാശം നേരിട്ട കർഷകരും കൂട്ടത്തിലുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റൽമഴയും ചൊവ്വാഴ്ചയും തുടരുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ അടക്കയും കൊപ്രക്കായി വെട്ടിയിട്ട തേങ്ങയും കുരുമുളകും മറ്റും ഉണക്കിയെടുക്കാനും കഴിയാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.