കൃഷിമന്ത്രിയും സംഘവും നടത്താനിരുന്ന ഇസ്രായേൽ യാത്ര മാറ്റിവെച്ചു; രണ്ടു മാസം കഴിയട്ടെയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കൃഷിമന്ത്രി പി.പ്രസാദും സംഘവും നടത്താനിരുന്ന ഇസ്രായേൽ യാത്ര മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരമാണ് കൃഷിമന്ത്രിയുടെയും സംഘത്തിന്‍റെയും യാത്ര മാറ്റിയതെന്നറിയുന്നു. ഇക്കാര്യത്തിൽ രണ്ടുമാസം കഴിഞ്ഞ് തീരുമാനമെടുത്താൽ മതിയെന്നാണു മുഖ്യമന്ത്രി നിർദേശിച്ചത്. നേരത്തെയുള്ള തീരുമാനപ്രകാരം ഫെബ്രുവരി 12 മുതൽ 19 വരെയായിരുന്നു യാത്ര. ഇസ്രായേലിലെ ചില പ്രദേശങ്ങളിലെ സംഘർഷാവസ്ഥ ചൂണ്ടിക്കാട്ടി യാത്ര മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ രണ്ടു കോടി രൂപ ചെലവഴിച്ചുള്ള വിദേശയാത്ര ശരിയല്ലെന്ന വിമർശനം പലഭാഗത്തുനിന്നായി ഉയർന്നിരുന്നു. ആധുനിക കൃഷിരീതി പഠിക്കാനാണ് കൃഷിമന്ത്രിയും സംഘവും ഇസ്രായേൽ യാത്ര തീരുമാനിച്ചത്.
ഇസ്രായേൽ യാത്രയിൽ കൃഷിമന്ത്രിയുടെ സംഘത്തിനൊപ്പം ചേരാൻ കൃഷി ഡയറക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചരടുവലിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സാധാരണയായി വകുപ്പുസെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് മന്ത്രിമാരുടെ ഇത്തരം വിദേശയാത്രകൾ നടക്കാറുള്ളത്. എന്നാൽ കൃഷിവകുപ്പിലെ മൂന്ന് അഡീഷണൽ ഡയറക്ടർമാരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.