വേനൽ ഇടിത്തീയായി; കാലവർഷവും ചതിച്ചു കണ്ണീരിൽ കർഷകർ...
text_fieldsതൊടുപുഴ: കാർഷിക മേഖലയെ തകർത്തെറിഞ്ഞ കൊടുംവേനലിനു പിന്നാലെ കാലവർഷവും ജില്ലയിലെ കർഷകർക്കു സമ്മാനിക്കുന്നത് നഷ്ടക്കണക്ക്. എല്ലാത്തരം കർഷകരും സമയംതെറ്റിയ മഴയുടെയും നീണ്ടുപോയ വേനലിലിന്റെയും പ്രത്യാഘാതം നേരിടുകയാണ് ജില്ലയിൽ. വിലയിലെ ചാഞ്ചാട്ടമാണ് കുരുമുളക് കർഷകരെ വിഷമിപ്പിക്കുന്നത്. ഈ സീസണിൽ 720 രൂപ വരെ വില ഉയർന്ന കുരുമുളകിന് നിലവിൽ 675 രൂപയാണ് പ്രാദേശിക വിപണിവില. ഉൽപാദനത്തിലെ കുറവ് മൂലം കുരുമുളകിന്റെ വിലവർധന ഭൂരിഭാഗം കർഷകർക്കും പ്രയോജനപ്പെട്ടില്ല. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കുരുമുളക് കർഷകർക്കു തിരിച്ചടിയാണ്. മഞ്ഞളിപ്പ്, ദ്രുതവാട്ടം, ചരടുകൊഴിച്ചിൽ എന്നിവയാണ് കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിച്ചത്.
സാധാരണയായി ജനുവരി മുതൽ മാർച്ച് വരെ വിളവെടുപ്പ് കാലത്തിനു ശേഷം കുരുമുളക് ചെടികൾ വാടുകയും തുടർന്നു ലഭിക്കുന്ന നൂൽമഴയിൽ നന്നായി തളിർക്കുകയും ചെയ്യും. ഇങ്ങനെ തളിർക്കുമ്പോഴാണ് കൂടുതൽ തിരികളിടുന്നത്. എന്നാൽ ഇത്തവണ പല സ്ഥലത്തും ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്തമായ മഴയാണ് പെയ്തത്. ഇത് കുരുമുളക് തിരിയിടുന്നതിനെ പ്രതികൂലമായി ബാധിച്ചു.
വിലയിടിവിന്റെ വിഷമത്തിലാണ് ജാതി കർഷകർ. ജാതിപത്രിക്കു ലഭിക്കുന്ന പരമാവധി വില കിലോഗ്രാമിന് 1,700 വരെയാണ്. ലോട്ട് പത്രിക്ക് 1,100 വരെയും. കായക്ക് കിലോഗ്രാമിന് 240 രൂപ വരെ മാത്രം ലഭിക്കുന്നു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ പത്രിക്കു 2,200 രൂപയും കായക്ക് 380 വരെയും വില ലഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ട്. ഇതോടൊപ്പം രോഗബാധയും വിലയിടിവും തിരിച്ചടിയായിരിക്കുകയാണ് ജാതി കർഷകർക്ക്. പ്രധാന വിളവെടുപ്പ് സീസൺ അവസാനിക്കാനിരിക്കെ വിപണിയിൽ മാന്ദ്യം അനുഭവപ്പെടുന്നതാണ് കൊക്കോ കർഷകർ നേരിടുന്ന പ്രതിസന്ധി. ചരക്കിന്റെ വരവ് കാര്യമായി കുറഞ്ഞതിനൊപ്പം വിലയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.
ഉണക്കപ്പരിപ്പിന് 540 രൂപ വിലയുള്ളപ്പോൾ പച്ചക്ക് 150 രൂപ മാത്രമാണ് ഇപ്പോഴത്തെ ശരാശരി വില. നിലവിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ചെറുകിട, ഇടത്തരം കർഷകരുടെ പക്കൽ നിന്ന് ഗുണമേന്മയുള്ള നന്നായി സംസ്കരിച്ച ഉണക്കപ്പരിപ്പ് വരുന്നില്ലെന്നും കച്ചവടക്കാർ പറയുന്നു. മഴ കാരണമുള്ള ഫംഗസ് ബാധയിൽ പൂ വിരിഞ്ഞു വരുന്ന പിഞ്ചു കായ്കൾ കറുത്ത നിറം വ്യാപിച്ചു വ്യാപകമായി കൊഴിഞ്ഞു പോകുകയാണ്. മരങ്ങളെയും രോഗം ബാധിക്കുന്നു. മഴ സാധാരണ നിലയിൽ കടന്നുപോയാൽ മാത്രമാണ് ഇനി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അടുത്ത വിളവെടുപ്പ് സീസൺ ആരംഭിക്കൂ.
കടുത്ത വേനലിനെ തുടർന്ന് ജനുവരി മാസത്തിൽ നിർത്തിവച്ച ടാപ്പിങ് ഇതുവരെ പുനരാരംഭിക്കാനാകാതിരിക്കെയാണ് റബർ വിലയിലെ അന്തരം. സാധാരണ മാർച്ച് മാസത്തോടെ നിർത്തിവെക്കാറുള്ള ടാപ്പിങ്, വേനൽ രൂക്ഷമായതിനെ തുടർന്ന് ഇക്കൊല്ലം നേരത്തേ നിർത്താൻ കർഷകർ നിർബന്ധിതരായി.
ഇതോടെ റബർക്കൃഷി മുഖ്യ വരുമാനമായ ലോറേഞ്ച് മേഖലയിലെ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് മേയ് മാസത്തിൽ മഴമറയിട്ട് ടാപ്പിങ് ആരംഭിക്കുന്ന രീതി തുടർന്നു വന്ന കർഷകർക്ക് ഇത്തവണ അതിനു പോലും തുക കണ്ടെത്താനായില്ല. ഉഷ്ണതരംഗം മറ്റു കൃഷികളെപ്പോലെ തന്നെ പൈനാപ്പിൾ കൃഷിയെയും ബാധിച്ചു. പുതുകൃഷിക്ക് ഉപയോഗിക്കുന്ന കാനി മുള പൊട്ടാൻ വൈകിയതോടെ ആവശ്യത്തിന് കിട്ടാനില്ലാതെ വന്നത് പല തോട്ടങ്ങളിലും കൃഷി താമസിപ്പിച്ചു. കാനിയുടെ ലഭ്യതക്കുറവ് വില വർധനയുമുണ്ടാക്കി.
മുമ്പ് ആറ് രൂപ മുതൽ എട്ടു രൂപവരെ വിലയിൽ ലഭിച്ചിരുന്ന ഒന്നാം വർഷ കാനിക്ക് ഇപ്പോൾ 15 രൂപയാണ് വില. ഒരേക്കറിൽ ശരാശരി 8000 മുതൽ 9000 വരെ കാനി ആവശ്യമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ കാനിക്ക് മാത്രം 60,000 രൂപയിലേറെ അധികം ചെലവിടേണ്ട സ്ഥിതിയാണ്. രണ്ടാം വർഷത്തെയും മൂന്നാം വർഷത്തെയും കാനികൾ വിലക്കുറവിൽ കിട്ടുമെങ്കിലും ഇതു വിളവിനെ ബാധിക്കുമെന്ന് കർഷകർ പറയുന്നു. എ ഗ്രേഡ് പഴം കിലോഗ്രാമിനു ശരാശരി 50 രൂപയും പച്ചക്ക് 45 രൂപയും ഇപ്പോൾ ലഭിക്കാറുണ്ട്.
അതിനിടെയാണ് കർഷകന്റെ മണ്ണും മനവും നിറച്ചിരുന്ന റെയ്ഡ്കോക്ക് പൂട്ടുവീഴുന്ന സ്ഥിതി. ജില്ലയിലെ കൃഷിയിടങ്ങളെ നവീന ജലസേചനത്തിന്റെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിച്ച റീജനൽ അഗ്രോ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് ഓഫ് കേരള (റെയ്ഡ്കോ) ബ്രാഞ്ചുകൾ പലതും അടച്ചുപൂട്ടി. ജില്ലയിൽ 30 വർഷത്തിലേറെ കർഷകർക്ക് ആധുനിക കൃഷി രീതികൾക്കായുള്ള യന്ത്രങ്ങൾ പരിചയപ്പെടുത്തുകയും സബ്സിഡിയായി വിൽപന നടത്തുകയും ചെയ്തിരുന്ന സ്ഥാപനമായിരുന്നു ഇത്. ഇനി മുതൽ കാർഷിക ജില്ലയായ ഇടുക്കിക്ക് പിറവത്തു നിന്ന് സാധനങ്ങൾ ലഭ്യമാക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ജില്ലയിൽ പുതിയതായി എത്തിയ റംബുട്ടാൻ, അവക്കാഡോ അടക്കം പഴവർഗ കൃഷികൾക്ക് റെയ്ഡ്കോയുടെ സൂക്ഷ്മ, കണികാ ജലസേചന പദ്ധതി ഏറെ സഹായകരമായിരുന്നു. പൈനാപ്പിൾ, നാണ്യവിളകൾ അടക്കമുള്ള കൃഷിയിലും റെയ്ഡ്കോയുടെ സഹായത്തോടെയാണ് നൂറുകണക്കിന് കർഷകർ കൃഷി ചെയ്തിരുന്നത്. നൂതന രീതിയിലുള്ള തോട്ടി മുതൽ കർഷകർക്ക് സഹായകരമായ കിസാൻ ഡ്രോൺ വരെ റെയ്ഡ്കോയിൽ നിന്നു വിതരണം ചെയ്യുന്നുണ്ട്. സാമ്പത്തികനഷ്ടം ചൂണ്ടിക്കാട്ടിയാണ് ലാഭത്തിൽ മുന്നോട്ടുപോയ ഔട്ലെറ്റ് പൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.