വളർത്തു മത്സ്യങ്ങളുണ്ട്; വിപണിയൊരുക്കുമോ...?
text_fieldsശ്രീകണ്ഠപുരം: ഫിഷറീസ് വകുപ്പിനുകീഴിൽ സംസ്ഥാനമാകെ നടപ്പാക്കുന്ന വളർത്തുമത്സ്യകൃഷി വിപണിതേടുന്നു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും മത്സ്യകൃഷിയിലേർപ്പെട്ട നിരവധി കർഷകരുണ്ട്. വിളവെടുപ്പുകാലമായപ്പോൾ വിപണിയില്ലാത്തതിനാൽ സങ്കടക്കയത്തിലാണ് ഇവർ.മത്സ്യക്കുഞ്ഞുങ്ങളെ സബ്സിഡിയിലും സൗജന്യമായും ഫിഷറീസ് വകുപ്പ് നൽകുന്നുണ്ട്. സ്വന്തമായി സ്ഥലം കണ്ടെത്തി കുളം നിർമിച്ചാണ് കർഷകർ മത്സ്യകൃഷി തുടങ്ങുന്നത്. പഴയ കുളങ്ങൾ വാടകക്കെടുത്തും വെള്ളം കെട്ടിനിൽക്കുന്ന ഉപേക്ഷിച്ച ചെങ്കൽ -കരിങ്കൽ ക്വാറികൾ ഉപയോഗിച്ചും മത്സ്യകൃഷി നടത്തുന്നവരുണ്ട്.
ജില്ലയിൽ മാത്രം ആയിരത്തിലധികം ആളുകൾ വളർത്തുമത്സ്യകൃഷി നടത്തുന്നുണ്ട്. വ്യക്തിപരമായും കൂട്ടുകൃഷിയായും നടത്തുന്നുണ്ട്. കുടുംബശ്രീകളും സ്വാശ്രയസംഘങ്ങളുമെല്ലാം മത്സ്യം വളർത്തൽ നടത്തി മുന്നേറുന്നുണ്ട്. ഫിലോപ്പിയ, ആസാംവാള, കാർപ്പ്, കരിമീൻ തുടങ്ങിയ ഇനം മത്സ്യങ്ങളാണ് കൃഷിചെയ്യുന്നത്. കൃത്യമായി തീറ്റ നൽകി നന്നായി പരിപാലിച്ചാൽ നല്ല മെച്ചമുണ്ടാക്കാൻ സാധിക്കും. 10 മാസം കൊണ്ടാണ് വിളവെടുപ്പ് നടക്കുക. ചെറിയതോതിൽ തുടങ്ങി വലിയ മത്സ്യകൃഷിയിലേക്കെത്തിയവരും നിരവധിയാണ്. എന്നാൽ, വിളവെടുത്ത മീനുകൾ വിൽപന നടത്താൻ സർക്കാർ വിപണിയൊരുക്കാത്തതാണ് മത്സ്യക്കർഷകർക്ക് വൻ തിരിച്ചടിയായത്.
മുതൽമുടക്കിെൻറ കാൽഭാഗംപോലും കിട്ടാതെ കുറഞ്ഞവിലയിൽ മത്സ്യം വിൽക്കേണ്ട ഗതികേടാണുള്ളതെന്നും ഇത് കടബാധ്യതയുണ്ടാക്കുന്നുണ്ടെന്നും സർക്കാർ വിപണനകേന്ദ്രങ്ങൾ ആരംഭിച്ചാൽ പ്രശ്നപരിഹാരമാകുമെന്നും വളർത്തുമത്സ്യക്കർഷകർ പറയുന്നു. സുരക്ഷയൊരുക്കി പരിപാലിക്കുന്നതിനിടയിലും മത്സ്യങ്ങളെ മോഷ്ടിച്ചുകൊണ്ടുപോകുന്ന സാഹചര്യവുമുണ്ട്. ലോക്ഡൗൺ വന്നതോടെ എല്ലായിടത്തും മത്സ്യക്ഷാമം തുടങ്ങിയിരുന്നു. പിന്നാലെ ന്യൂനമർദത്തെ തുടർന്ന് കടൽമത്സ്യം പിടിക്കുന്നത് നിർത്തുകയും ചെയ്തു. വളർത്തുമത്സ്യം വിളവെടുപ്പ് നടത്താനുണ്ടെങ്കിലും അതിന് വിപണനകേന്ദ്രങ്ങളില്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്. വൈകിയെങ്കിലും സർക്കാർ കനിയുമോയെന്ന കാത്തിരിപ്പിലാണ് കർഷകർ. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും കർഷകരുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപെടുത്തുമെന്നും പുതിയ ആളുകൾകൂടി ഇതിലേക്ക് കടന്നുവരുന്നുണ്ടെന്നും ശ്രീകണ്ഠപുരം മേഖലാ ഫിഷറീസ് പ്രമോട്ടർ എം.കെ. സതീഭായി 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.