വിലയുണ്ട് പക്ഷേ, ഇലയില്ല
text_fieldsവടക്കഞ്ചേരി: റബർ തോട്ടങ്ങളിൽ ഇലകൊഴിച്ചിൽ വ്യാപിക്കുന്നതുമൂലം ഉൽപാദനം കുറഞ്ഞു. ഇതോടെ വില ഉയർന്നു നിൽക്കുമ്പോഴും കർഷകർക്ക് നേട്ടമില്ല. ടാപ്പിങ് തുടങ്ങി ഉൽപാദനം ആരംഭിച്ച സമയത്താണ് മരങ്ങൾക്ക് ഇലകൊഴിച്ചിൽ രോഗം വ്യാപിച്ചത്. അമിത മഴയും വെള്ളക്കെട്ടും മൂടിക്കെട്ടിയ അന്തരീക്ഷവും രോഗത്തിന് കാരണമായി.
റബർ തോട്ടങ്ങളിൽ ആർദ്രത നിലനിൽക്കുന്നത് രോഗ വ്യാപനത്തിന് വഴിയൊരുക്കുന്നു. ഫൈറ്റോഫ് തോറ എന്ന കുമിളാണ് രോഗ കാരണമെന്ന് റബർ ബോർഡ് അതികൃതർ പറഞ്ഞു. രോഗം വ്യാപിച്ചതോടെ ഇലകൾ ദിവസങ്ങൾക്കകം ഞെട്ടോടെ കൊഴിഞ്ഞുവീഴുന്നു. ഇതോടെ പാലുൽപാദനം മൂന്നിലൊന്നായി ചുരുങ്ങി.
കൊഴിഞ്ഞ ഇലകൾക്ക് പകരം പുതിയ തളിരുകൾ വന്ന് ഇലകൾ മൂപ്പെത്തിയാൽ മാത്രമേ ഇനി ഉൽപാദനം വർധിക്കൂ. ഒന്നര മാസത്തിലേറെ ഇതുമൂലം ഉൽപാദന നഷ്ടമാകും.
മഴ കുറഞ്ഞു നിന്നാൽ മാത്രമേ പുതിയ തളിരിലകൾ വളരുകയുള്ളൂ. മൂടിക്കെട്ടിയ അന്തരീക്ഷം നിലനിന്നാൽ ഇലകൊഴിഞ്ഞ ചെറുചില്ലകളും രോഗബാധ മൂലം ഉണങ്ങിപ്പോകും. ഇതും ഉൽപാദനത്തിന് തടസ്സമാകും. മരങ്ങൾക്ക് പ്ലാസ്റ്റിക് മറ സ്ഥാപിച്ച് ഉൽപാദനം ആരംഭിച്ച സമയത്ത് ഉണ്ടായ അപ്രതീക്ഷിത രോഗ വ്യാപനം മേഖലക്ക് ആഘാതമാണ് ഉണ്ടാക്കിയത്. ഒരു തോട്ടത്തിൽ രോഗം എത്തിയാൽ ആഴ്ചകൾക്കുള്ളിൽ മേഖലയിലെ എല്ലാ തോട്ടങ്ങളിലേക്കും രോഗം വ്യാപിക്കും.
കോപ്പർ ഓക്സി ക്ലോറൈഡ് എന്ന കുമിൾ നാശിനി കാലവർഷാരംഭത്തിനു മുമ്പായി ഇലകളിൽ വീഴത്തക്കവിധം പ്രത്യേക തരം ശക്തിയേറിയ സ്പ്രേയർ ഉപയോഗിച്ച് പൊടി രൂപത്തിലോ പ്രത്യേക എണ്ണയിൽ കലർത്തിയോ തളിക്കുന്നതാണ് പ്രതിവിധി.
രോഗം വന്നതിനുശേഷം പ്രത്യേക നിയന്ത്രണ മാർഗമില്ലെന്നും കാലാവസ്ഥ മാറ്റം വരുമ്പോൾ വ്യാപനം കുറയുമെന്നും റബർ ബോർഡ് ഫീൽഡ് ഓഫിസർമാർ പറയുന്നു.
വർഷങ്ങൾ മുമ്പ് റബർ ബോർഡ് സബ്സിഡി നിരക്കിൽ കുമിൾനാശിനിയും സ്പ്രേ ഓയിലും വിതരണം ചെയ്തിരുന്നെങ്കിലും അതിപ്പോൾ നിന്നുപോയതിനാൽ ബഹുഭൂരിപക്ഷം കർഷകരും മഴക്ക് മുമ്പ് മരുന്നു തളിക്കുന്ന രീതി ഉപേക്ഷിച്ചു. റബർ തോട്ടങ്ങളിൽ സ്വാഭാവിക ഇലപൊഴിച്ചിൽ ഉണ്ടാവാറുള്ളത് ഡിസംബർ, ജനുവരി മാസങ്ങളിലാണ്. ഈ സമയത്ത് തണുപ്പ് കൂടുതലുള്ളതിനാൽ ഇലകൊഴിച്ചിൽ റബർ ഉൽപാദനത്തെ കാര്യമായി ബാധിക്കാറില്ല.
50 ഷീറ്റുകൾ വരെ ദിവസം ലഭിച്ചിരുന്ന കർഷകർക്ക് രോഗബാധ മൂലം 20 ഷീറ്റായി കുറഞ്ഞു. ഇതോടെ ആവശ്യത്തിന് ഷീറ്റ് വിപണിയിൽ എത്താത്തതിനാലും ടയർ കമ്പനികൾക്ക് ആവശ്യത്തിന് റബർ കിട്ടാത്തതും വില ഉയരാൻ കാരണമായി.
സാധാരണ അന്താരാഷ്ട്ര വിലയേക്കാൾ 30 രൂപയോളം കുറഞ്ഞു നിൽക്കാറുള്ള റബർ വില അന്താരാഷ്ട്ര വിലയേക്കാൾ ഉയർന്ന നിലയിൽ ഒരു മാസത്തിലേറെയായി തുടരുന്നു. വില വർധിച്ചത് പ്രതീക്ഷ നൽകിയെങ്കിലും പെട്ടെന്ന് ഉൽപാദനം കുറഞ്ഞതിലും വിപണിയിൽ ഉണ്ടായ നേട്ടം കൈവരിക്കാൻ കഴിയാത്തതിലും റബർ കർഷകർ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.