ചിങ്ങത്തിലും മഴയില്ല; നെൽകർഷകർക്ക് കണ്ണീരോണം
text_fieldsപനമരം: ചിങ്ങത്തിലും മഴയില്ലാതായതോടെ കർഷകർ ദുരിതത്തിൽ. കർക്കടം കഴിഞ്ഞും ചിങ്ങം പാതിയായിട്ടും മഴയില്ലാതായത് നെൽകൃഷി, ഇഞ്ചി കർഷകരെ പ്രതിസന്ധിയിലാക്കി. ഇടവപ്പാതിക്കാണ് മഴക്കാലം തുടങ്ങുന്നത്.
മഴയെ ആശ്രയിച്ചാണ് നെൽകൃഷി ചെയ്യുന്നത്. പാരമ്പര്യ നെൽകൃഷി രീതികളെല്ലാം തകിടം മറിയുന്ന തരത്തിലാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടുന്നത്. ഓണത്തിന് കൃഷിപ്പണികൾ പൂർത്തിയാക്കി പൂക്കളം തീർത്താണ് കർഷകർ വയലിൽനിന്നു കയറുക. മഴ ഇല്ലാത്തത് കാരണം പല സ്ഥലത്തും നാട്ടി വെച്ചു കണ്ടംപൂട്ടി കാത്തു നിൽക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മഴ കിട്ടിയാലേ ബാക്കി പണി തുടരാൻ കഴിയൂവെന്നാണ് കർഷകർ പറയുന്നത്.
ജില്ലയിൽ നേരത്തേ കുന്നുകളിലും നെൽകൃഷി ചെയ്യാറുണ്ടായിരുന്നു. അന്ന് ആവശ്യമായ മഴയും ലഭിക്കാറുണ്ട്. തിരുവിതാകൂറിൽനിന്നു കുടിയേറിയവരായിരുന്നു കര കൃഷി ആദ്യമായി വയനാട്ടിൽ തുടങ്ങിയത്. ഇന്ന് കൃഷി രീതികളെക്കെ മാറിയെങ്കിലും മഴയെ ആശ്രയിച്ചാണ് മിക്ക കൃഷികളും. നിരവധി പേർ വയൽ പാട്ടത്തിനു എടുത്ത് കൃഷി ചെയ്യുന്നുണ്ട്. മഴയില്ലാത്തത് അവരെയല്ലാം പ്രതിസന്ധിയിലാക്കുകയാണ്. മഴ ഇല്ലാതായതോടെ വയലുകൾ പലതും വിണ്ടുകീറാൻ തുടങ്ങി.
ചിലർ ജലസേചന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കൃഷിക്ക് ഒരുക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും വൻ നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്. വയനാട്ടിലെ നെല്ലറയായ പനമരം പ്രദേശങ്ങളിൽ ലക്ഷക്കണക്കിനു രൂപയുടെ നെൽകൃഷി അവതാളത്തിലാവുന്ന അവസ്ഥയാണ്. ഇഞ്ചി കൃഷിയുടെയും അവസ്ഥ ഇതുപോലെതന്നെയാണ്. നല്ല മഴ ലഭിക്കുമ്പോഴാണ് നല്ല വിളവ് ലഭിക്കുന്നത്. മഴ കുറവ് ഇഞ്ചിയെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.