ജാതിക്ക എടുക്കാനാളില്ല; കർഷകർ ദുരിതത്തിൽ
text_fieldsഅടിമാലി: ഹൈറേഞ്ചിലെ മുഖ്യകാർഷിക വിളയായി മാറിയ ജാതിക്ക എടുക്കാൻ ആളില്ല. ഇതോടെ വെട്ടിലായത് കർഷകരും ചെറുകിട വ്യാപാരികളും. വില കുറച്ച് നൽകാൻ കർഷകർ തയാറാണെങ്കിലും വ്യാപാരികൾ ജാതിക്ക എടുക്കുന്നില്ല. വൻതോതിൽ കെട്ടിക്കിടക്കുന്നതാണ് കാരണം. ഉത്തരേന്ത്യൻ വിപണിയിലേക്ക് ആവശ്യക്കാരില്ലാത്തതാണ് കാരണം.
രണ്ട് മാസം മുമ്പുവരെ കിലോക്ക് 320ന് മുകളിൽ വില നിന്ന ജാതിക്കക്ക് ഇപ്പോൾ 210 രൂപയാണ് വില. എന്നാൽ, ജാതിപത്രിക്ക് 1650 രൂപ വിലയുണ്ട്. കറുത്ത പൊന്നായ കുരുമുളകിനും വലിയ വില ഇടിവ് നേരിടുന്നു. ഈ വർഷം തുടക്കത്തിൽ 650ന് മുകളിൽ വിലയുണ്ടായിരുന്ന കുരുമുളകിന് ഇപ്പോൾ 575 രൂപയാണ് വില. പുതിയ വിളവെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുന്നു. ഇത് കുരുമുളക് കർഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇപ്പോൾ പച്ചക്കുരുമുളക് എടുക്കുന്നുണ്ടെങ്കിലും 150 രൂപയാണ് വില. കാലം തെറ്റിപ്പെയ്യുന്ന ശക്തമായ മഴ കുരുമുളകുതിരി വ്യാപകമായി പൊഴിയുന്നതിനും കാരണമായി.
ഏലത്തിന്റെ വിലയും തുടർച്ചയായി ഇടിയുകയാണ്. പച്ചക്കായ 240 രൂപയാണ് ശരാശരി വില. അൽപം ആശ്വാസം നൽകുന്നത് കോക്കോ വിലയാണ്. പൾപ്പിന് 54 രൂപ ലഭിക്കുമ്പോൾ ഉണക്ക കായ്ക്ക് 250 വരെ വിലയുണ്ട്. മൂന്ന് വർഷത്തിനിടയിലെ ഉയർന്ന വിലയാണിത്. മൊത്തം ഉൽപാദനത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെങ്കിലും നിത്യവരുമാനം നൽകുന്ന കൊക്കോ ആശ്വാസമാണ്. ഇന്ത്യയിൽ ഒരു ജില്ലയിൽ ഏറ്റവും കൂടുതൽ ഏലവും കുരുമുളകും ഉൽപാദിപ്പിക്കുന്നത് ഇടുക്കി ജില്ലയിലാണ്. ഗുണമേന്മയിലും ഇടുക്കിയാണ് ഒന്നാമത്. എന്നാൽ, ഗാട്ടമാല ഇറക്കുമതിയടക്കം വലിയ ഭീഷണി നേരിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.